ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമൂസ് കടലിടുക്ക് അടയ്ക്കപ്പെട്ടതോടെ അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുതിച്ചുയരുകയാണ്. ഇന്ധന ചരക്കുനീക്കം തടസ്സപ്പെട്ടത് ഇന്ത്യയിലുടനീളം കരിഞ്ചന്തകൾ സജീവമാകുന്നതിനും കാരണമായി.
ഇതിനിടയിൽ മീററ്റിൽ നിന്ന് പുറത്തുവന്ന ഒരു ദൃശ്യം പാചകവാതക വിതരണത്തിലെ ഞെട്ടിക്കുന്ന ക്രമക്കേടുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. 2,500 രൂപ മുടക്കി കരിഞ്ചന്തയിൽ നിന്ന് വാങ്ങിയ പാചകവാതക സിലിണ്ടർ തലതിരിച്ചു വെച്ചപ്പോൾ അതിൽ നിന്ന് ഗ്യാസിന് പകരം വെള്ളം പുറത്തുവന്നത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
മീററ്റിലെ ലിസാഡി ഗേറ്റ് പ്രദേശത്താണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. താരാപുരിയിലെ ജോഗിവാലി ഗാലിയിൽ പക്കോഡ സ്റ്റാൾ നടത്തുന്ന ഫഹീം എന്ന വ്യക്തിയാണ് തട്ടിപ്പിനിരയായത്.
വീട്ടിലെ പാചകവാതകം തീർന്നതിനെ തുടർന്ന് അടിയന്തര ആവശ്യത്തിനായി അംഗീകൃത വിതരണക്കാരെ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് അദ്ദേഹം കരിഞ്ചന്തയെ ആശ്രയിച്ചത്. സൈക്കിളിൽ സിലിണ്ടറുകൾ വിൽക്കുന്ന ഒരാളിൽ നിന്ന് 2,500 രൂപ നൽകി 14 കിലോ എൽപിജി സിലിണ്ടർ ഇദ്ദേഹം വാങ്ങുകയായിരുന്നു.
എന്നാൽ വീട്ടിലെത്തിച്ച് ബർണറുമായി ഘടിപ്പിച്ചെങ്കിലും ഗ്യാസ് ലഭിച്ചില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ സിലിണ്ടർ തലതിരിച്ചു വെച്ചപ്പോൾ ഗ്യാസിന് പകരം വെള്ളം പുറത്തേക്ക് വരികയായിരുന്നു.
സിലിണ്ടറിൽ വെറും അര കിലോ എൽപിജി മാത്രമാണുണ്ടായിരുന്നതെന്നും ബാക്കി 13.5 കിലോഗ്രാമും വെള്ളമാണെന്നും ഫഹീം ആരോപിക്കുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ കരിഞ്ചന്തകൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.
അതീവ ദുർഘടമായ സാഹചര്യങ്ങളിൽപ്പോലും സാധാരണക്കാരെ ചൂഷണം ചെയ്യുന്ന ഇത്തരം മാഫിയകൾക്കെതിരെ കർശന നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം. താൻ വീഡിയോ പങ്കുവെച്ചത് ഇത്തരം വഞ്ചനകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയാണെന്ന് ഫഹീം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

