ഉദ്ഘാടനം നിർവഹിച്ച് മാസങ്ങൾ പിന്നിട്ടിട്ടും അരൂർ പെരുമ്പളം പാലത്തിന്റെ ടാറിങ് പ്രവൃത്തികൾ പൂർണ്ണമായിട്ടില്ല. പാലത്തിൽ ആവശ്യമായ തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടില്ലാത്തത് രാത്രികാലങ്ങളിൽ യാത്രക്കാർക്ക് ദുരിതമാകുന്നുണ്ട്.
പാലത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കാൻ യാതൊരു സംവിധാനവുമില്ല. ഇവർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ പാലത്തിൽ വലിയതോതിൽ കുന്നുകൂടുകയാണ്.
മാലിന്യം നിക്ഷേപിക്കാൻ ആവശ്യമായ ബക്കറ്റുകൾ പോലും ഇവിടെ സ്ഥാപിച്ചിട്ടില്ല. വഴിയോര കച്ചവടങ്ങൾ വർധിച്ചിട്ടും അവ നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളില്ലെന്നും, പോലീസ് പട്രോളിങ് ഇല്ലാത്തത് വലിയ പ്രയാസമുണ്ടാക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.
പാലം നിർമാണത്തിനായി എത്തിയ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയ ശേഷം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ദ്വീപിലെ വിനോദ സഞ്ചാര വികസനം ലക്ഷ്യമാക്കി മുൻ പഞ്ചായത്ത് സമിതി തയാറാക്കി സമർപ്പിച്ച രൂപരേഖ നടപ്പിലാക്കുന്നതിനൊപ്പം, ദ്വീപിലെ ചെറിയ റോഡുകൾ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ പാകത്തിൽ വീതി കൂട്ടാനുള്ള നടപടികൾ സർക്കാർ മുൻകൈ എടുത്ത് പൂർത്തിയാക്കേണ്ടതുണ്ട്.
എറണാകുളത്തിന്റെയും കേരളത്തിന്റെയും ‘ലക്ഷദ്വീപ്’ എന്നറിയപ്പെടുന്ന പെരുമ്പളം ദ്വീപ് കായലിനാൽ ചുറ്റപ്പെട്ട മനോഹരമായൊരു പ്രദേശമാണ്.
മത്സ്യബന്ധനം, ചീനവലകൾ, വള്ളങ്ങൾ, ബോട്ട് സർവീസുകൾ, വൈവിധ്യമാർന്ന കൃഷിരീതികൾ, ദേശാടന പക്ഷികൾ, സൂര്യാസ്തമയ ഭംഗി എന്നിവയാണ് ഇവിടത്തെ പ്രധാന സവിശേഷതകൾ. ബോസ്ട്രിങ് ആർച്ച് മാതൃകയിൽ നിർമിച്ചിരിക്കുന്ന പാലം വിനോദ സഞ്ചാരികൾക്ക് ഏറെ ആകർഷകമാണ്.
ആലപ്പുഴ, എറണാകുളം, കോട്ടയം എന്നീ മൂന്ന് ജില്ലകളുടെ സംഗമസ്ഥാനമായ പൂത്തോട്ട പാലത്തോട് ചേർന്നാണ് പെരുമ്പളം സ്ഥിതി ചെയ്യുന്നത്.
ഇവിടെ നിന്നും പൂത്തോട്ടയിലേക്ക് ദിവസേന ബോട്ട് സർവീസുകളുണ്ട്. ചേർത്തല – അരൂക്കുറ്റി റോഡിൽ നിന്നും പെരുമ്പളം ദ്വീപ് വഴി വൈക്കം – പൂത്തോട്ട
– തൃപ്പൂണിത്തുറ സംസ്ഥാന പാതയെ ബന്ധിപ്പിക്കുന്ന റോഡിന്റെ ഭാഗമായാണ് പെരുമ്പളം പാലം നിർമിച്ചിരിക്കുന്നത്. 1157 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന്റെ മധ്യഭാഗത്ത് 12 മീറ്റർ വീതിയിൽ മൂന്ന് ബോ സ്ട്രിങ് ആർച്ചുകളുണ്ട്.
വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായി ആർച്ചുകളിൽ മഴവിൽ നിറങ്ങളാണ് നൽകിയിരിക്കുന്നത്. അലങ്കാര വിളക്കുകൾ സ്ഥാപിക്കുന്നതോടെ പാലത്തിന്റെ ശോഭ വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശീയ ജലപാതയും ഈ ഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. 2019-ൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പാലത്തിന് തറക്കല്ലിട്ടത്.
2016-17 ബജറ്റിൽ കിഫ്ബി വഴി 100 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കായിരുന്നു നിർമാണ ചുമതല.
14 വാർഡുകളും ഏകദേശം 12,000 ജനസംഖ്യയുമുള്ള പഞ്ചായത്താണ് പെരുമ്പളം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

