കാക്കനാട് സീപോർട്ട് – എയർപോർട്ട് റോഡിൽ നിന്ന് തുതിയൂർ, പാലച്ചുവട്, വെണ്ണല വഴി വൈറ്റില–പാലാരിവട്ടം ബൈപ്പാസിലേക്കുള്ള തിരക്കേറിയ പാതയിൽ വലിയ ഗർത്തം രൂപപ്പെട്ടു. ടിവി സെന്റർ ജംക്ഷനും തുതിയൂർ റോഡിലെ രാജീവ് ഗാന്ധി ജംക്ഷനും ഇടയിലുള്ള ഭാഗത്താണ് റോഡിനടിയിലേക്ക് വലിയ ഗുഹ പോലെ ഗർത്തം രൂപപ്പെട്ടിരിക്കുന്നത്.
കൊച്ചി പ്രത്യേക സാമ്പത്തിക മേഖല (സെസ്) വളപ്പിൽ നിന്ന് പുറത്തേക്ക് വെള്ളം ഒഴുക്കുന്ന ഭാഗത്താണ് ഈ പ്രതിഭാസം. സെസ് മതിലിനോട് ചേർന്ന് റോഡിന് കുറുകെ നിർമിച്ചിട്ടുള്ള കലുങ്കിനോട് ചേർന്നാണ് ഗർത്തം ഉണ്ടായിരിക്കുന്നത്.
സെസിലെ ജലം കലുങ്കിനടിയിലൂടെ കാളച്ചാൽ പാടശേഖരത്തേക്കും സമീപത്തെ തോട്ടിലേക്കും ഒഴുകിപ്പോകുകയാണ് ചെയ്യുന്നത്. ഞായറാഴ്ച വൈകിട്ട് ചെറിയ രീതിയിൽ ആരംഭിച്ച തകർച്ച രാത്രിയോടെ വൻ ഗർത്തമായി മാറുകയായിരുന്നു.
ഗതാഗതത്തിരക്കുള്ള ഈ പാതയിൽ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി കടന്നുപോകുന്നത്. അപകടം മുന്നിൽക്കണ്ട് നാട്ടുകാർ റോഡിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയും വാഹനങ്ങളെ വഴിതിരിച്ചുവിടുകയും ചെയ്യുന്നുണ്ട്.
ഏകദേശം നാലു പതിറ്റാണ്ട് പഴക്കമുള്ളതാണ് ഈ കലുങ്ക്. സെസ് വളപ്പിൽ നിന്നുള്ള മാലിന്യം അടിഞ്ഞുകൂടി വെള്ളം കെട്ടിക്കിടന്നതാണ് റോഡ് തകരാൻ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.
അപകടസാധ്യത സംബന്ധിച്ച് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. നിലവിൽ ഗർത്തത്തോടു ചേർന്നുള്ള റോഡിന്റെ ബാക്കി ഭാഗവും ഏതു നിമിഷവും തകരാവുന്ന അവസ്ഥയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

