കാഞ്ഞങ്ങാട്: ആദിവാസി മേഖലയിലെ വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമിട്ട് 2022-ൽ പ്രവർത്തനം തുടങ്ങിയ കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ (ഇഎംആർഎസ്) ഗുരുതരമായ പ്രതിസന്ധികളിൽ. കേന്ദ്ര ആദിവാസിക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള നാഷനൽ എജ്യുക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റ്സിൻ്റെ (നെസ്റ്റ്സ്) നിയന്ത്രണത്തിലുള്ള സ്കൂളിലെ സൗകര്യക്കുറവുകൾക്കെതിരെ പിടിഎ കമ്മിറ്റി രംഗത്തെത്തി.
കരിന്തളത്ത് സ്കൂളിനായുള്ള സ്ഥിരം കെട്ടിടത്തിൻ്റെ നിർമാണം പുരോഗമിക്കുകയാണ്. 2022-ൽ ബങ്കളത്തെ താൽക്കാലിക കെട്ടിടത്തിൽ 60 വിദ്യാർത്ഥികളുമായാണ് സ്കൂൾ പ്രവർത്തനം തുടങ്ങിയത്.
പിന്നീട് വിദ്യാർത്ഥികളുടെ എണ്ണം 120 ആയതോടെ സ്ഥലപരിമിതിമൂലം പകർച്ചവ്യാധികൾ പടരുകയും രണ്ട് മാസത്തോളം സ്കൂൾ അടച്ചിടുകയും ചെയ്തു. തുടർന്ന് സ്കൂൾ പെരിങ്ങോത്തെ എംആർഎസ് കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റി.
രണ്ടര വർഷത്തോളമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലാത്ത സാഹചര്യമാണ് ഇവിടെയുള്ളതെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുന്നൂറോളം കുട്ടികളാണ് ഇവിടെ താമസിക്കുന്നത്.
കട്ടിൽ, ബെഡ്, ഫർണിച്ചർ, തലയണ, ബക്കറ്റ് തുടങ്ങിയ അവശ്യവസ്തുക്കളുടെ ദൗർലഭ്യം രൂക്ഷമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാതെയാണ് ഈ വർഷം പുതിയതായി 60 കുട്ടികളെ കൂടി പ്രവേശിപ്പിച്ചത്.
കുടിവെള്ളക്ഷാമവും ശുചിമുറികളുടെ കുറവും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരേ കെട്ടിടത്തിൻ്റെ വിവിധ നിലകളിലായാണ് താമസം.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സിസിടിവി സ്ഥാപിക്കണമെന്ന ആവശ്യം അധികൃതർ തുടർച്ചയായി അവഗണിക്കുകയാണ്. പത്താം ക്ലാസിലെത്തിയ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനത്തിന് പോലും സൗകര്യമില്ല.
സ്പോർട്സ് സ്കൂൾ എന്ന പേര് മാത്രമാണുള്ളതെന്നും ഫുഡ് അലവൻസ് നൽകുന്നില്ലെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. കാര്യങ്ങൾ പിടിഎയെയും രക്ഷിതാക്കളെയും അറിയിക്കാതെയാണ് സ്കൂളിൻ്റെ പ്രവർത്തനം.
മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാർ, ജില്ലാ കലക്ടർ എന്നിവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. അവഗണന തുടർന്നാൽ പരപ്പ ട്രൈബൽ ഡെവലപ്മെൻ്റ് ഓഫിസ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പിടിഎ പ്രസിഡൻ്റ് എ.എസ്.ശ്രീകാന്ത്, കമ്മിറ്റി അംഗങ്ങളായ എസ്.വിനീത, കെ.എ.രമേശൻ, വി.വിശ്വൻ, ടി.ദിലീപ്, സി.എം.സുദർശനൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

