ഇറാൻ-യുഎസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ഇന്ത്യൻ കമ്പനികൾ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. ലോകത്തെ മികച്ച 100 കമ്പനികളുടെ പട്ടികയിൽ ഇടംപിടിച്ചിരുന്ന ഇന്ത്യൻ കോർപറേറ്റുകൾക്ക് സ്ഥാനം നഷ്ടപ്പെട്ടത് വിപണിയിലെ ആശങ്ക വർധിപ്പിക്കുന്നു.
വർഷങ്ങൾക്കിടയിലുള്ള ഏറ്റവും വലിയ തിരിച്ചടിയാണിത്. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ് തുടങ്ങിയ വമ്പൻ കമ്പനികൾക്ക് പട്ടികയിലെ തങ്ങളുടെ സ്ഥാനം നിലനിർത്താനായില്ല.
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് 2025-ന്റെ തുടക്കത്തിൽ ലോക റാങ്കിംഗിൽ 57-ാം സ്ഥാനത്തായിരുന്നെങ്കിൽ, 2026-ൽ 76-ലേക്കും നിലവിൽ 106-ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. 97-ാം സ്ഥാനത്തുണ്ടായിരുന്ന എച്ച്ഡിഎഫ്സി ബാങ്ക് ഇപ്പോൾ 190-ാം റാങ്കിലാണ്.
ഭാരതി എയർടെൽ 164-ൽ നിന്ന് 202-ലേക്കും, ഐസിഐസിഐ ബാങ്ക് 274-ലേക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 276-ലേക്കും താഴ്ന്നു. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് മുൻപ് 84-ാം സ്ഥാനത്തുണ്ടായിരുന്ന ഐടി ഭീമനായ ടിസിഎസിനാണ്.
നിലവിൽ കമ്പനി 314-ാം സ്ഥാനത്താണ്. ഇൻഫോസിസ് 198-ൽ നിന്ന് 590-ലേക്കും, ഐടിസി 296-ൽ നിന്ന് 702-ലേക്കും ഇടിഞ്ഞു.
ടോപ് 500 പട്ടികയിലെ ഇന്ത്യൻ കമ്പനികളുടെ എണ്ണം 2025-ന്റെ തുടക്കത്തിൽ 15 ആയിരുന്നത് ഇപ്പോൾ ഒമ്പതായി ചുരുങ്ങി. 10,000 കോടി ഡോളർ വിപണി മൂല്യമുള്ള ആറ് കമ്പനികളിൽ നിന്ന് ഇപ്പോൾ റിലയൻസ്, എച്ച്ഡിഎഫ്സി, ഭാരതി എയർടെൽ എന്നിങ്ങനെ മൂന്ന് കമ്പനികളിലേക്ക് മാത്രമായി ഇത് പരിമിതപ്പെട്ടിരിക്കുന്നു.
**വിദേശ നിക്ഷേപകരുടെ പിന്മാറ്റം** യുദ്ധസാഹചര്യങ്ങൾക്കപ്പുറം, 2024 പകുതിയോടെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ ആരംഭിച്ച പിന്മാറ്റം വലിയൊരു പ്രതിസന്ധിക്ക് തുടക്കമിട്ടിരുന്നു. ഇന്ത്യൻ ഓഹരികളുടെ ഉയർന്ന വിലയും കമ്പനികളുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്തുയരാത്തതും രൂപയുടെ വിനിമയ നിരക്കിലെ ഇടിവും നിക്ഷേപകരെ അകറ്റി.
ഇതിനിടെ ഇറാൻ-യുഎസ് യുദ്ധം ക്രൂഡോയിൽ വില ബാരലിന് 100 ഡോളറിലേക്ക് എത്തിച്ചത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി. എഐ മേഖലയിലെ ഇന്ത്യൻ കമ്പനികളുടെ മന്ദഗതിയിലുള്ള വളർച്ചയും നിക്ഷേപം യുഎസിലേക്ക് മാറ്റാൻ കാരണമായി.
2025 മുതൽ ഇതുവരെ ഏകദേശം 3.8 ലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ നിന്ന് പിൻവലിച്ചത്. 2025-ൽ 1.6 ലക്ഷം കോടി രൂപയും, 2026 മെയ് മധ്യത്തോടെ 2.2 ലക്ഷം കോടി രൂപയുമാണ് പുറത്തേക്ക് ഒഴുകിയത്.
ക്രൂഡോയിൽ വിലയിലെ വർധനവ് പണപ്പെരുപ്പത്തിന് വഴിതുറക്കുന്നതിനാൽ നിക്ഷേപകരുടെ ഈ ഒഴുക്ക് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

