തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പൂർത്തിയായെങ്കിലും, വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഭരണമുന്നണിയിലെ ഘടകകക്ഷികൾ തമ്മിലുള്ള തർക്കങ്ങളാണ് വിജ്ഞാപനം വൈകുന്നതിന് പ്രധാന കാരണം.
ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകരുതെന്ന് കോൺഗ്രസിലെ ഒരു വിഭാഗവും ലത്തീൻ സഭയും ശക്തമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസിന് വിട്ടുനൽകണമെങ്കിൽ പകരം ഫിഷറീസ് വകുപ്പ് ലീഗിന് ലഭിക്കണമെന്ന നിലപാടിലാണ് നേതൃത്വം.
ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് റോജി എം ജോണിന് നൽകാനാണ് കോൺഗ്രസ് നേരത്തെ ധാരണയിലെത്തിയിരുന്നത്. ഈ തർക്കമാണ് നിലവിൽ വകുപ്പ് വിഭജനത്തെ സങ്കീർണ്ണമാക്കുന്നത്.
മന്ത്രിസഭയിലെ കെ.സി പക്ഷം മറ്റൊരു നിർദ്ദേശവുമായി രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന തുറമുഖം, നിയമം, ധനം തുടങ്ങിയ സുപ്രധാന വകുപ്പുകളിൽ ഒന്ന് വിട്ടുനൽകി പ്രശ്നപരിഹാരം കാണാമെന്നാണ് ഇവരുടെ പക്ഷം.
എന്നാൽ ഇതിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെ വകുപ്പുകൾ മാറി നൽകിയതും അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
വനം വകുപ്പ് നേരത്തെ ടി. സിദ്ദിഖിന് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് അത് ഷിബു ബേബി ജോണിന് കൈമാറുകയായിരുന്നു.
ഇതിന് പകരമായി കൃഷി വകുപ്പ് ഏറ്റെടുക്കുന്നതിൽ ടി. സിദ്ദിഖ് വിമുഖത പ്രകടിപ്പിക്കുന്നുണ്ട്.
സാധാരണയായി സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ തന്നെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കാറുണ്ട്. എന്നാൽ ഇത്തവണ തർക്കങ്ങൾ നീളുന്ന പശ്ചാത്തലത്തിൽ വിജ്ഞാപനം അനിശ്ചിതമായി വൈകുകയാണ്.
വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനമൊക്കെ സമയത്ത് ഇറങ്ങും എന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഇന്നലെ പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

