തുടർച്ചയായി പന്ത്രണ്ട് ബിസിനസ് സംരംഭങ്ങൾ പരാജയപ്പെട്ടിട്ടും തളരാതെ പോരാടിയ കാസർഗോഡ് സ്വദേശികളായ രണ്ട് സുഹൃത്തുക്കളുടെ വിജയഗാഥയാണിത്. മലയാളി ഉൾപ്പെടെയുള്ളവർ നേരിടുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ഓൺലൈനായി പരിഹാരം തേടിയാണ് ഇവർ പുതിയൊരു സംരംഭത്തിന് തുടക്കം കുറിച്ചത്.
വെറും രണ്ട് വർഷത്തിനുള്ളിൽ മൂന്ന് കോടിയിലധികം രൂപ വരുമാനം നേടാൻ ഈ സ്റ്റാർട്ടപ്പിന് സാധിച്ചു. ഇതിനു പുറമെ നാല് കോടി രൂപയുടെ നിക്ഷേപവും കമ്പനി സമാഹരിച്ചിട്ടുണ്ട്.
24 മണിക്കൂറും പ്രാദേശിക ഭാഷകളിൽ ഓൺലൈൻ തെറാപ്പി സേവനം ലഭ്യമാക്കുന്ന ‘ഒപ്പം’ എന്ന പ്ലാറ്റ്ഫോമിനെക്കുറിച്ചാണ് ഈ വാർത്ത. മാനസികാരോഗ്യ കൗൺസിലിങ് ഓൺലൈനായി ലഭ്യമാക്കുക എന്ന ആശയമാണ് ഈ സംരംഭത്തിന്റെ പിറവിക്ക് പിന്നിലെന്ന് സ്ഥാപകരിലൊരാളായ കെ.എ.അബ്ദുള്ള കുഞ്ഞി പറഞ്ഞു.
സംരംഭകരുടെ കൂടെത്തന്നെയുണ്ടായിരുന്ന മുഹമ്മദ് ഇബ്രാഹിം ഫവാസിന്റേതായിരുന്നു ഈ ആശയം. പിന്നീട് മാനസികാരോഗ്യ വിദഗ്ധയായ ബുഷ്റ കൂടി ടീമിൽ ചേർന്നതോടെ ‘ഒപ്പം’ പ്രവർത്തനമാരംഭിച്ചു.
ലോകത്ത് എവിടെയുള്ളവർക്കും 10 മിനിറ്റിനുള്ളിൽ മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ വിദഗ്ധരായ തെറാപ്പിസ്റ്റുകളുടെ സേവനം ഉറപ്പാക്കുക എന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ സവിശേഷത. നിലവിൽ 40-ലധികം രാജ്യങ്ങളിൽ നിന്നുള്ളവർ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇതുവരെ 25,000-ത്തിലധികം സെഷനുകൾ പൂർത്തിയാക്കി. 45-ലധികം തെറാപ്പിസ്റ്റുകളാണ് 24 മണിക്കൂറും സേവനത്തിനായി സജ്ജമായിട്ടുള്ളത്.
വെബ്സൈറ്റ് വഴി തെറാപ്പിസ്റ്റുകളുടെ പ്രൊഫൈൽ പരിശോധിച്ച ശേഷം 1000 രൂപ മുതൽ ആരംഭിക്കുന്ന നിരക്കിൽ ഉപഭോക്താക്കൾക്ക് സെഷനുകൾ ബുക്ക് ചെയ്യാവുന്നതാണ്. നിലവിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ സേവനം ലഭ്യമാണ്.
കൂടുതൽ പ്രാദേശിക ഭാഷകളിലേക്ക് വ്യാപിച്ചുകൊണ്ട് ദേശീയ തലത്തിലേക്ക് വളരാനാണ് ലക്ഷ്യമിടുന്നതെന്ന് അബ്ദുള്ള കുഞ്ഞി വ്യക്തമാക്കി. സീഡ് റൗണ്ടിലൂടെ നാല് കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഹഡിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിൽ നിന്ന് 1.5 കോടി രൂപയും തുടർന്ന് 50 ലക്ഷവും നിക്ഷേപമായി ലഭിച്ചു. മറ്റ് നിക്ഷേപകരിൽ നിന്നും പ്ലാറ്റ്ഫോമുകളിൽ നിന്നുമായി ബാക്കി തുക സമാഹരിക്കാനായി.
ഇനിയും നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു മുന്നോട്ടുവരുന്നുണ്ടെന്ന് അബ്ദുള്ള കുഞ്ഞി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

