ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി സൺറൈസേഴ്സ് ഹൈദരാബാദ് ഐപിഎൽ പ്ലേ ഓഫിലേക്ക് യോഗ്യത ഉറപ്പിച്ചു. ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഹൈദരാബാദ്, 19 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്.
ഈ വിജയത്തോടെ 16 പോയിന്റുമായി ഹൈദരാബാദ് പ്ലേ ഓഫിലെത്തുന്ന മൂന്നാമത്തെ ടീമായി മാറി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് മാത്രമാണ് നേടിയത്.
ഡെവാൾഡ് ബ്രെവിസ് (44), കാർത്തിക് ശർമ (32), സഞ്ജു സാംസൺ (27) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും ആർക്കും അർധസെഞ്ചുറി തികയ്ക്കാനായില്ല.
ഹൈദരാബാദിനായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാല് ഓവറിൽ 28 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിംഗിൽ തുടക്കത്തിൽ തന്നെ ട്രാവിസ് ഹെഡിനെ മുകേഷ് ചൗധരി പുറത്താക്കിയത് ചെന്നൈക്ക് ആശ്വാസമായി.
എന്നാൽ, ഇഷാൻ കിഷന്റെ അർധസെഞ്ചുറിയും (47 പന്തിൽ 70), ഹെൻറിച്ച് ക്ലാസന്റെ വെടിക്കെട്ട് പ്രകടനവും (26 പന്തിൽ 47) ഹൈദരാബാദിനെ വിജയത്തിലേക്ക് നയിച്ചു. പതിനഞ്ചാം ഓവറിൽ സഞ്ജു സാംസണിന്റെ മിന്നൽ സ്റ്റംപിംഗിലൂടെ ക്ലാസൻ പുറത്തായെങ്കിലും, കിഷൻ നിലയുറപ്പിച്ചത് ചെന്നൈക്ക് വിനയായി.
അവസാന ഓവറുകളിൽ സ്മരണ് രവിചന്ദ്രനും സലീൽ അറോറയും ചേർന്ന് ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. ഈ തോൽവിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു.
ഇനി അവസാന മത്സരത്തിൽ ഗുജറാത്തിനെ തോൽപ്പിച്ചാൽ പോലും, മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ചാൽ മാത്രമേ ചെന്നൈക്ക് സാധ്യതയുള്ളൂ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

