പാലക്കാട് ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ചരിത്രാധ്യാപികയായ കെ.എ.തുളസി മന്ത്രിസഭയിലേക്ക്. ജില്ലയിൽ നിന്നുള്ള ആദ്യ വനിതാ മന്ത്രിയെന്ന ബഹുമതിയും കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ മന്ത്രിയെന്ന നേട്ടവും ഇതോടെ തുളസിയെ തേടിയെത്തി.
കെ.ശങ്കരനാരായണനു ശേഷം രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറമാണ് ജില്ലയിൽ നിന്ന് ഒരു കോൺഗ്രസ് പ്രതിനിധി മന്ത്രിസ്ഥാനത്തേക്ക് എത്തുന്നത്. കോങ്ങാട്ടെ ആദ്യ കോൺഗ്രസ് എംഎൽഎ കൂടിയാണ് ഇവർ.
തൃശൂർ കൊണ്ടാഴി സ്വദേശികളായ കെ.എ.അയ്യപ്പന്റെയും എം.കെ.അമ്മിണിയുടെയും മകളാണ് കെ.എ.തുളസി. കോൺഗ്രസ് പ്രവർത്തകനായിരുന്ന പിതാവിലൂടെ ലഭിച്ച രാഷ്ട്രീയ പാരമ്പര്യമാണ് തുളസിയുടെ പൊതുജീവിതത്തിന് അടിത്തറ പാകിയത്.
അന്നത്തെ ബ്ലോക്ക് പ്രസിഡന്റ് ഇ.വേണുഗോപാല മേനോനുമായുള്ള കൂടിക്കാഴ്ചയാണ് തുളസിയെ സജീവ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. 2000-ലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചേലക്കര ഡിവിഷനിൽ നിന്ന് വിജയിച്ചുകൊണ്ട് തുടങ്ങിയ രാഷ്ട്രീയ യാത്ര, പിന്നീട് ഒട്ടേറെ തിരഞ്ഞെടുപ്പ് പരാജയങ്ങളെയും അതിജീവിച്ചാണ് ഈ ഉന്നത പദവിയിലെത്തിയത്.
ദാരിദ്ര്യം നിറഞ്ഞ ബാല്യകാലത്തിന് ശേഷം വിദ്യാഭ്യാസത്തിലൂടെ ജീവിതം കെട്ടിപ്പടുത്ത തുളസി, പഴയന്നൂർ ഹൈസ്കൂൾ, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജ്, ഗുരുവായൂർ ലിറ്റിൽഫ്ലവർ കോളജ്, ഗവ.
വിക്ടോറിയ കോളജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനകാലത്ത് കായിക, സാംസ്കാരിക മേഖലകളിലും ഇവർ സജീവമായിരുന്നു.
അച്ഛന്റെ വിയോഗത്തെത്തുടർന്ന് സഹോദരൻ കെ.എ.കൃഷ്ണകുമാറിന്റെ പിന്തുണയോടെയാണ് പ്രതിസന്ധികളെ അതിജീവിച്ചത്. നെന്മാറ എൻഎസ്എസ് കോളജിൽ അധ്യാപികയായും പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുള്ള തുളസി, സംസ്ഥാന വനിതാ കമ്മിഷൻ അംഗമെന്ന നിലയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
2000-ൽ തൃശൂരിൽ നടന്ന പാർട്ടി യോഗത്തിൽ വെച്ചാണ് വി.കെ.ശ്രീകണ്ഠനുമായി പരിചയപ്പെടുന്നത്. തുടർന്ന് 2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ സഹകരണത്തിന് ശേഷം ഇവർ വിവാഹിതരായി.
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലായിരുന്നു വിവാഹം. ഭർത്താവ് വി.കെ.ശ്രീകണ്ഠൻ എംപിയായ ശേഷവും സ്വന്തമായ വ്യക്തിത്വവും കർമ്മശൈലിയും പുലർത്താൻ തുളസിക്ക് സാധിച്ചു.
പൊതുപ്രവർത്തനത്തിനപ്പുറം തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ സംരക്ഷിക്കുന്നതിലും തുളസി ടീച്ചർ അതീവ ശ്രദ്ധാലുവാണ്. വീട്ടിലെ പത്തോളം പൂച്ചകളും ഈ സ്നേഹത്തിന്റെ തെളിവായി ഇവർക്കൊപ്പം കഴിയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

