കോഴിക്കോട് മുക്കം കാരശേരി കറുത്തപറമ്പ് മോലിക്കാവിലെ സ്വകാര്യ പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെ കടന്നൽ ആക്രമണം. ഗോതമ്പ് റോഡ് സ്വദേശി കണ്ണൻകുട്ടി (57), കുവ്വപറമ്പത്ത് വാസു (55), തേങ്ങ പെറുക്കാൻ സഹായിക്കാനെത്തിയ രണ്ട് സ്ത്രീകൾ എന്നിവർക്കാണ് കുത്തേറ്റത്.
സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മോലിക്കാവിലെ പറമ്പിൽ രാവിലെ ജോലിക്കായി എത്തിയതായിരുന്നു ഇവർ. തേങ്ങ പറിക്കുന്നതിനിടെ തെങ്ങിന് മുകളിൽ ഉണ്ടായിരുന്ന കടന്നൽക്കൂട് ഇളകുകയും തൊഴിലാളികൾക്ക് നേരെ ആക്രമണം ഉണ്ടാവുകയുമായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണൻകുട്ടി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ബോധരഹിതനായി. സംഭവത്തിന് പിന്നാലെ ഓടത്തെരുവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഡോക്ടറുടെ സേവനം ലഭ്യമല്ലെന്ന കാരണത്താൽ പ്രാഥമിക ചികിത്സ പോലും നൽകാതെ തിരിച്ചയച്ചതായി ബന്ധുക്കൾ ആരോപിച്ചു.
തുടർന്ന് മുക്കത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചാണ് ഇദ്ദേഹത്തിന് ചികിത്സ ലഭ്യമാക്കിയത്. സംഭവത്തിൽ മറ്റ് മൂന്ന് പേർക്കും കാര്യമായ പരിക്കുകളില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

