തൊഴിലുറപ്പു പദ്ധതിയിൽ ജോലി ചെയ്യുന്ന അമ്മയുടെ തണലിൽ വളർന്ന്, കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് ഒ.ജെ. ജനീഷ് സംസ്ഥാന മന്ത്രിസഭയിലേക്ക്.
കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സാമാജികനായ ജനീഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ, അത് ഒരു സാധാരണ കുടുംബത്തിൽ നിന്ന് ഉയർന്നു വന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തിന്റെ കൂടി വിജയമാണ്. പിതാവ് കുഴൂർ ഓടാശേരി ജനരഞ്ജനന്റെ ആകസ്മികമായ വിയോഗം ജനീഷിന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു.
കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അദ്ദേഹം, അമ്മ പുഷ്പയ്ക്കൊപ്പം ചേർന്ന് കഠിനാധ്വാനത്തിലൂടെ പ്രതിസന്ധികളെ മറികടന്നു. കുഴൂർ ഗവ.
ഹൈസ്കൂൾ, പുത്തൻവേലിക്കര വിസിഎസ്എച്ച്എസ്എസ് എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ജനീഷ്, പെരുമ്പാവൂർ ഗവ. പോളിടെക്നിക്കിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡിപ്ലോമയും, തൃശൂർ ഗവ.
ലോ കോളജിൽ നിന്ന് ബിബിഎ എൽഎൽബി ബിരുദവും നേടി. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം, പാലിയേക്കര ടോൾ പ്ലാസയ്ക്കെതിരായ നിയമപോരാട്ടങ്ങളിൽ മുന്നിൽ നിന്നു.
ഹൈക്കോടതി മുതൽ സുപ്രീം കോടതി വരെ നീണ്ട ഈ നിയമയുദ്ധം വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
നവകേരള സദസ്സിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ 21 ദിവസം ജയിൽവാസം അനുഷ്ഠിച്ചു. പാഠപുസ്തക സമരം ഉൾപ്പെടെ വിവിധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് 152 കേസുകൾ അദ്ദേഹത്തിനെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. കൊടുങ്ങല്ലൂരിലെ ഇടതുപക്ഷ കോട്ട
തകർത്ത് 8,308 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഒ.ജെ. ജനീഷ് വിജയിച്ചത്.
കഴിഞ്ഞ തവണ 23,893 വോട്ടിന് വിജയിച്ച സിറ്റിങ് എംഎൽഎ വി.ആർ. സുനിൽ കുമാറിനെ പരാജയപ്പെടുത്തിയാണ് പതിറ്റാണ്ടിനു ശേഷം ഈ മണ്ഡലം ജനീഷ് യുഡിഎഫിനായി തിരിച്ചുപിടിച്ചത്.
പോസ്റ്റൽ വോട്ടുകളിൽ ലഭിച്ച നേരിയ ലീഡ് മുതൽ വോട്ടെണ്ണലിന്റെ തുടക്കം മുതൽ ജനീഷ് വ്യക്തമായ മേധാവിത്വം പുലർത്തിയിരുന്നു. വെള്ളാങ്ങല്ലൂർ, പുത്തൻചിറ തുടങ്ങിയ പഞ്ചായത്തുകളിലെ മികച്ച മുന്നേറ്റവും, കൊടുങ്ങല്ലൂർ നഗരസഭയിൽ എൽഡിഎഫ് ലീഡ് ഗണ്യമായി കുറയ്ക്കാൻ സാധിച്ചതും വിജയത്തിൽ നിർണ്ണായകമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

