ശബരിമല സന്നിധാനത്ത് ഭക്തർ വഴിപാടായി സമർപ്പിക്കുന്ന പൂജാദ്രവ്യങ്ങളുടെ പേരിൽ വൻ സാമ്പത്തിക ക്രമക്കേട് നടക്കുന്നതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. ഇതുസംബന്ധിച്ച അന്തിമ റിപ്പോർട്ട് വിജിലൻസ് വിഭാഗം ഹൈക്കോടതിയിൽ സമർപ്പിച്ചു.
വിഷയം ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും. തീർഥാടകരിൽനിന്ന് ലഭിച്ച തുകയ്ക്ക് കൃത്യമായ രസീതുകൾ നൽകാത്ത ദേവസ്വം ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാൻ ഫെബ്രുവരിയിൽ തന്നെ വിജിലൻസ് ശുപാർശ നൽകിയിരുന്നു.
നേരത്തെ പടിപൂജ, ആടിയശിഷ്ടം നെയ്യ് എന്നിവയുടെ നിർമ്മാണത്തിലും വിതരണത്തിലും അഴിമതി കണ്ടെത്തിയതിന് പിന്നാലെയാണ് പൂജാദ്രവ്യങ്ങളുമായി ബന്ധപ്പെട്ട പുതിയ ക്രമക്കേടുകളും പുറത്തുവരുന്നത്.
പാലക്കാട് സ്വദേശിയും കൊല്ലത്തെ വ്യവസായിയുമായ സുനിൽ കുമാർ (സുനിൽ സ്വാമി) വഴിപാടായി നൽകുന്ന പൂജാദ്രവ്യങ്ങൾ ഗണപതിഹോമത്തിനും നിവേദ്യങ്ങൾക്കുമായി ഉപയോഗിച്ച ശേഷം, അവ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ സ്വന്തമായി വിലകൊടുത്തു വാങ്ങിയതായി വ്യാജ ബില്ലുകൾ ചമച്ച് പത്ത് വർഷമായി തട്ടിപ്പ് നടത്തുന്നതായാണ് വിജിലൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ വിശദമായ പരിശോധന വേണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.
ഏകദേശം 54 ലക്ഷം രൂപയുടെ പൂജാദ്രവ്യങ്ങളാണ് പ്രതിവർഷം സുനിൽ സ്വാമി വഴിപാടായി സമർപ്പിക്കുന്നത്. വഴിപാടായതിനാൽ ഇവ ദേവസ്വം സ്റ്റോറിലെ കണക്കുകളിൽ രേഖപ്പെടുത്താറില്ല.
ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനും മേൽശാന്തി മുറിക്കും മധ്യേയുള്ള എസി മുറിയിലാണ് ഇവ സൂക്ഷിക്കുന്നത്. ഈ മുറിയുടെ നവീകരണ പ്രവർത്തനങ്ങളും സുനിൽ സ്വാമിയാണ് വഹിച്ചത്.
സൗജന്യമായി ലഭിക്കുന്ന സാധനങ്ങൾ ഉപയോഗിച്ച് നിത്യപൂജകൾ നടത്തിയ ശേഷം, തുക ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ തങ്ങളുടെ പേരിൽ എഴുതിയെടുക്കുന്ന രീതിയാണ് നിലവിലുള്ളത്. അഷ്ടാഭിഷേകത്തിന് 6000 രൂപ ടിക്കറ്റ് നിരക്കായിരിക്കെ, 5700 രൂപയുടെ സാധനങ്ങൾ സ്റ്റോറിൽ നിന്ന് എടുത്ത ശേഷം 300 രൂപയ്ക്ക് പാൽ, പനിനീർ, കരിക്ക് എന്നിവ വാങ്ങിയതായി വ്യാജ കണക്കുകൾ കാണിച്ച് ബാക്കി തുക തട്ടിയെടുക്കുകയാണെന്നും വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

