തിരുവനന്തപുരം: പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിയമിക്കുന്നതിനെച്ചൊല്ലി സിപിഎം പോളിറ്റ് ബ്യൂറോയിൽ (പിബി) കടുത്ത ഭിന്നതയുണ്ടായിരുന്നുവെന്ന് പിബി അംഗങ്ങൾ സ്ഥിരീകരിക്കുന്നു. പിണറായി വിജയന് പ്രതിപക്ഷ നേതൃസ്ഥാനം നൽകുന്നതിനെതിരെ അടിയന്തര പോളിറ്റ് ബ്യൂറോ യോഗത്തിൽ അഞ്ചിലധികം അംഗങ്ങൾ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായാണ് പിണറായി വിജയനെതിരെ പിബിയിൽ ഇത്രയധികം എതിർപ്പുകൾ ഉയരുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദ്ദേശം ഓൺലൈനായി ചേർന്ന പിബി യോഗം ചർച്ച ചെയ്തപ്പോൾ, പിണറായിയെ വീണ്ടും ഈ സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് സംഘടനാപരമായ മര്യാദകൾക്ക് നിരക്കുന്നതല്ലെന്ന് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടി.
ഇതിനകം തന്നെ ഇളവുകൾ നൽകിയാണ് പിണറായിയെ പിബിയിൽ നിലനിർത്തിയിരിക്കുന്നതെന്നും ഇവർ വാദിച്ചു. പിബിയിലെ ഒരു വിഭാഗം കെ.എൻ.
ബാലഗോപാലിന്റെ പേരായിരുന്നു നേതൃത്വത്തിലേക്ക് നിർദ്ദേശിച്ചിരുന്നത്. എങ്കിലും, ഒടുവിൽ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനൊപ്പം നിൽക്കാൻ പിബി തീരുമാനിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലാ കമ്മിറ്റികളിലും പിണറായി വിജയന്റെ പ്രവർത്തന ശൈലിക്കെതിരെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പിണറായി വിജയന്റെ ശൈലി തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായെന്ന് വിമർശനമുയർന്നു.
പ്രായപരിധി സംബന്ധിച്ചും പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിലെ വീഴ്ചയെക്കുറിച്ചും കമ്മിറ്റിയിൽ ചോദ്യങ്ങൾ ഉയർന്നു.
പാലക്കാട് ജില്ലാ കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ, പിണറായി വിജയൻ ഏകാധിപത്യപരമായി പ്രവർത്തിക്കുന്നുവെന്നും ഇതേ ശൈലി തുടർന്നാൽ കേരളത്തിലെ പാർട്ടിയുടെ അവസ്ഥ ബംഗാളിന് സമാനമാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട
ജില്ലാ കമ്മിറ്റിയിൽ ആഗോള അയ്യപ്പ സംഗമം പാർട്ടിക്കുണ്ടായ തിരിച്ചടിയാണെന്ന പൊതുവികാരം ഉയർന്നു. തെരഞ്ഞെടുപ്പ് കാലത്തെ പ്രതിസന്ധികൾക്ക് ഈ സംഗമം കാരണമായെന്നും, ഇടത് സർക്കാർ ഇത്തരം പരിപാടികൾ സംഘടിപ്പിക്കാൻ പാടില്ലായിരുന്നുവെന്നും അംഗങ്ങൾ വിമർശിച്ചു.
കൂടാതെ, സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും, നടപടിയെടുത്തെങ്കിൽ അത് പത്മകുമാർ എങ്കിലും അറിഞ്ഞിട്ടുണ്ടോ എന്നും അംഗങ്ങൾ ചോദിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

