തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയുടെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്.
മന്ത്രിമാരുടെ അന്തിമ പട്ടിക നാളെ ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗവർണർക്ക് കൈമാറുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഉഭയകക്ഷി ചർച്ചകൾ തുടരുകയാണെന്ന് എഐസിസി പ്രതിനിധി ദീപദാസ് മുൻഷി അറിയിച്ചു.
തിങ്കളാഴ്ചയാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പുതിയ മന്ത്രിസഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ തന്നെ ധനവകുപ്പ് കൈകാര്യം ചെയ്തേക്കുമെന്നാണ് ലഭിക്കുന്ന സൂചനകൾ.
മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നൽകാൻ ധാരണയായ സാഹചര്യത്തിലാണിത്. മന്ത്രിസ്ഥാനം ഉറപ്പിച്ച എട്ട് കോൺഗ്രസ് നേതാക്കളുടെ പട്ടികയും ഇതിനകം പുറത്തുവന്നു.
സണ്ണി ജോസഫ്, കെ മുരളീധരൻ, എപി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചാണ്ടി ഉമ്മൻ എന്നിവരാണ് പട്ടികയിലുള്ളത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് നിർണായക വകുപ്പ് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, യുഡിഎഫ് മന്ത്രിസഭയിൽ മുസ്ലീം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങൾ നൽകാൻ തീരുമാനമായിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നാളെ ഉണ്ടായേക്കും.
തിരുവനന്തപുരം ഇന്ദിരാ ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിസഭാ വിഭജനത്തിൽ ധാരണയായത്. ചർച്ചകൾ നാളെയും തുടരുമെന്നും അന്തിമ തീരുമാനങ്ങൾ യുഡിഎഫ് നേതൃത്വം കൈക്കൊള്ളുമെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

