ഹൈദരാബാദിൽ പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാറിന്റെ മകൻ ഭണ്ടി ഭഗീരത് സായി അറസ്റ്റിൽ. ഇരുപത്തിയഞ്ചുകാരനായ പ്രതിക്കെതിരെ പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
തെലങ്കാന ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് പൊലീസിന്റെ നടപടി. ശനിയാഴ്ച വൈകുന്നേരം പെറ്റ് ബഷീറാബാദ് പൊലീസ് സ്റ്റേഷനിൽ അഭിഭാഷകർക്കൊപ്പം ഹാജരായ മകൻ കീഴടങ്ങുകയായിരുന്നുവെന്നാണ് കേന്ദ്രമന്ത്രി ബണ്ടി സഞ്ജയ് കുമാർ പ്രസ്താവനയിൽ അറിയിച്ചത്.
എന്നാൽ, ഈ വാദം സൈബറാബാദ് പൊലീസ് കമ്മീഷണർ ഡോ. എം രമേഷ് നിഷേധിച്ചു.
ഹൈദരാബാദിന് പുറത്തുനിന്നാണ് പ്രതിയെ പിടികൂടിയതെന്ന് കമ്മീഷണർ വ്യക്തമാക്കി. ചോദ്യംചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
മകന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് ബണ്ടി സഞ്ജയ് കുമാർ പ്രതികരിച്ചത് ഇപ്രകാരമാണ്: “മകനായാലും സാധാരണക്കാരനായാലും നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന് താൻ മുമ്പും പറഞ്ഞിട്ടുണ്ടെന്നും എല്ലാവരും നിയമം അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും” അദ്ദേഹം വ്യക്തമാക്കി. താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മകൻ പറഞ്ഞതായും, പരാതിക്ക് പിന്നാലെ മകനെ പൊലീസിന് മുൻപാകെ ഹാജരാക്കാൻ ആലോചിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ മാസം എട്ടാം തീയതിയാണ് പതിനേഴുകാരിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തത്. പെൺകുട്ടിയും പ്രതിയും തമ്മിൽ ബന്ധത്തിലായിരുന്നുവെന്നും ഇതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് പരാതി.
പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോക്സോ വകുപ്പുകൾ ചുമത്തിയത്. വെള്ളിയാഴ്ച അർധരാത്രിയിലാണ് ഭണ്ടി ഭഗീരത് സായിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ച് തള്ളിയത്.
അതേസമയം, കേസ് ഹണിട്രാപ്പാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. പെൺകുട്ടിയും കുടുംബവും വിവാഹത്തിനായി സമ്മർദം ചെലുത്തുകയും അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്തുവെന്ന് കാട്ടി താൻ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നതായി പ്രതി ഭണ്ടി ഭഗീരത് സായി ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

