സ്മാർട്ട്ഫോൺ ഉപയോഗത്തിൽ പലരും നേരിടുന്ന പ്രധാന ആശങ്കയാണ് ബാറ്ററിയുടെ ആരോഗ്യവും ദീർഘകാല ആയുസ്സും. ഉപകരണങ്ങൾ കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായകമാകുന്ന ഒരു സാങ്കേതികവിദ്യയാണ് ‘ബൈപാസ് ചാർജിംഗ്’ (Bypass Charging).
ഗെയിമിംഗ് ഉൾപ്പെടെയുള്ള ഉയർന്ന ഊർജ്ജം ആവശ്യമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ ബാറ്ററിയിലേക്ക് നേരിട്ട് ചാർജ്ജ് നൽകുന്നതിന് പകരം ഫോണിലേക്ക് നേരിട്ട് പവർ എത്തിക്കുകയാണ് ഈ സംവിധാനം ചെയ്യുന്നത്. ബൈപാസ് ചാർജിംഗ് ഉപയോഗിക്കുന്നതിനായി ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട
ചില കാര്യങ്ങളുണ്ട്. കുറഞ്ഞത് 25W ശേഷിയുള്ള യുഎസ്ബി-പിഡി (USB-PD) ചാർജറും പിപിഎസ് (PPS – Programmable Power Supply) സൗകര്യമുള്ള കേബിളും ഇതിനായി ആവശ്യമാണ്.
കൂടാതെ, ഫോണിന്റെ ബാറ്ററി നില 20 ശതമാനത്തിന് മുകളിൽ ആയിരിക്കുമ്പോഴാണ് ഈ ഫീച്ചർ ഫലപ്രദമായി പ്രവർത്തിക്കുക. നിലവിൽ സാംസങ് ഗാലക്സി S25+ പോലുള്ള ആൻഡ്രോയിഡ് 16 അധിഷ്ഠിത ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ ഈ സംവിധാനം ലഭ്യമാണ്.
സാംസങ് ഫോണുകളിൽ ഈ സൗകര്യം ക്രമീകരിക്കുന്നതിന് ആദ്യം ഫോണിലെ ‘ചാർജിംഗ് സെറ്റിങ്സിൽ’ നിന്ന് ‘ഫാസ്റ്റ് ചാർജിംഗ്’ ഓപ്ഷൻ എനേബിൾ ചെയ്യണം. ശേഷം ‘ഗെയിമിംഗ് ഹബ്’ (Gaming Hub) തുറന്ന് ‘ഗെയിം ബൂസ്റ്റർ’ (Game Booster) വഴി ‘Pause USB PD charging when gaming’ എന്ന ഓപ്ഷൻ ടോഗിൾ ചെയ്യുക.
ഇതിലൂടെ ഗെയിമിംഗ് സമയത്ത് ബാറ്ററിയിൽ സമ്മർദ്ദം ചെലുത്താതെ ഫോൺ ഉപയോഗിക്കാൻ സാധിക്കും. ബാറ്ററി ആരോഗ്യം സംരക്ഷിക്കുന്നതിനായി ചാർജിംഗ് പരിധി നിശ്ചയിക്കുന്നതും ഫലപ്രദമാണ്.
ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യുന്നതിന് പകരം 85% അല്ലെങ്കിൽ 90% ആയി പരിമിതപ്പെടുത്തുന്നത് ബാറ്ററിയുടെ താപ സമ്മർദ്ദം കുറയ്ക്കാനും ആയുസ്സ് കൂട്ടാനും സഹായിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുന്നതിലൂടെ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനക്ഷമത ദീർഘകാലത്തേക്ക് നിലനിർത്താൻ ഉപയോക്താക്കൾക്ക് സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

