ചക്കരക്കൽ: ഇരിവേരി സാമൂഹികാരോഗ്യ കേന്ദ്രത്തിനായി നിർമിച്ച പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തില്ല. കഴിഞ്ഞ മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച കെട്ടിടമാണ് ഇപ്പോൾ അടഞ്ഞുകിടക്കുന്നത്.
നിർമാണം പൂർത്തിയാക്കാതെയും ആവശ്യമായ ജീവനക്കാരെ നിയമിക്കാതെയും ധൃതിപിടിച്ച് നടത്തിയ ഉദ്ഘാടനം പ്രഹസനമാണെന്ന വിമർശനം അന്നേ ഉയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.
കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായതല്ലാതെ, മുറികൾ വിഭജിക്കുന്നതുൾപ്പെടെയുള്ള അനുബന്ധ ജോലികൾ ഇനിയും പൂർത്തീകരിച്ചിട്ടില്ല. 20 കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് നാല് നിലകളിലായി ഈ കെട്ടിടം നിർമിച്ചത്.
പുതിയ സർക്കാർ ഇടപെട്ടാൽ മാത്രമേ ആശുപത്രി പൊതുജനങ്ങൾക്ക് ലഭ്യമാകൂ എന്നാണ് നാട്ടുകാരുടെ അഭിപ്രായം. എടക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഈ ആശുപത്രിയെ സമീപത്തെ 12 പഞ്ചായത്തുകളിലെ ജനങ്ങളാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്.
ദിവസവും ആയിരത്തിലധികം രോഗികളാണ് നിലവിൽ ഇവിടെ ഒപി വിഭാഗത്തിൽ എത്തുന്നത്. കിടത്തിച്ചികിത്സ ആവശ്യമുള്ളവർ കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട
സ്ഥിതിയാണുള്ളത്. പുതിയ കെട്ടിടം പ്രവർത്തനസജ്ജമാകുന്നതോടെ കിടത്തിച്ചികിത്സയടക്കമുള്ള സൗകര്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

