കഠിനമായ വേനൽച്ചൂടിനെ അവഗണിച്ച്, തങ്ങളുടെ കൊച്ചു സംരംഭത്തിലൂടെ ശ്രദ്ധേയരാവുകയാണ് ചേർപ്പിലെ മൂന്ന് വിദ്യാർത്ഥികൾ. തൃപ്രയാർ ലെമർ പബ്ലിക് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ആസിം, മുത്തുള്ളിയാൽ ഗ്ലോബൽ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷിജാസ്, ആറാം ക്ലാസ് വിദ്യാർത്ഥി അബൂബക്കർ എന്നിവരാണ് വേനലവധി ദിവസങ്ങളിൽ അധ്വാനത്തിന്റെ പാഠങ്ങൾ പകരുന്നത്.
എട്ടുമന പൊട്ടുച്ചിറ സ്വദേശികളായ യൂനസിന്റെ മകൻ മുഹമ്മദ് ആസിം, ഷിഹാബിന്റെ മകൻ ഷിജാസ്, അബ്ദുൽ റസാക്കിന്റെ മകൻ അബൂബക്കർ എന്നിവർ ചേർന്ന് ഉപ്പിലിട്ട മാങ്ങ, ചാമ്പയ്ക്ക, നാരങ്ങാവെള്ളം എന്നിവയാണ് വഴിയോരത്ത് വിൽപന നടത്തുന്നത്.
രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെ നീളുന്നതാണ് ഇവരുടെ പ്രവർത്തനസമയം. മൊബൈൽ ഗെയിമുകളിലും മറ്റ് വിനോദങ്ങളിലും മാത്രം ഒതുങ്ങിനിൽക്കാതെ, സ്വന്തമായി അധ്വാനിച്ചു പണം സമ്പാദിക്കാനുള്ള ഈ കുട്ടികളുടെ തീരുമാനം നാട്ടുകാർക്കിടയിൽ വലിയ പ്രശംസയാണ് പിടിച്ചുപറ്റുന്നത്.
സ്കൂൾ തുറക്കുന്നതിന് മുൻപ് തങ്ങൾക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങൾ വാങ്ങുന്നതിനും, സമ്പാദ്യശീലം വളർത്തുന്നതിനും വേണ്ടിയാണ് ഈ കൊച്ചു കച്ചവടത്തിലൂടെ ഇവർ ലക്ഷ്യമിടുന്നത്.
കഠിനമായ വെയിലിനെയും വകവെക്കാതെ അധ്വാനിക്കുന്ന ഈ വിദ്യാർത്ഥികൾ സമകാലിക തലമുറയ്ക്ക് ഒരു മാതൃകയായി മാറുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

