തിരുവനന്തപുരം വഴുതക്കാട് ഈശ്വരവിലാസം റോഡിലെ രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക വസതിയായ ‘ദേവദത്തം’ ഇന്നലെ രാഷ്ട്രീയ കേന്ദ്രബിന്ദുവായി മാറി. സംസ്ഥാന കോൺഗ്രസിലെ നേതൃതർക്കങ്ങൾ പരിഹരിക്കാൻ രമേശ് ചെന്നിത്തല മുൻകൈ എടുക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രഭാതത്തിൽ തന്നെ അദ്ദേഹം തിരക്കിലായിരുന്നു.
എംഎൽഎമാരുടെ യോഗം നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് നാലുമണിയിലേക്ക് മാറ്റുകയായിരുന്നു. കെ.സി.
വേണുഗോപാലിന്റെ സാന്നിധ്യം അടക്കമുള്ള വിഷയങ്ങളിൽ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നതിനിടയിലാണ് ഡൽഹിയിൽ നിന്നുള്ള നിർണായക തീരുമാനം പുറത്തുവരുന്നത്. തടിച്ചു കൂടിയ മാധ്യമപ്രവർത്തകരോട് ‘തീരുമാനം വരട്ടെ.
നമുക്കു കാണാം’ എന്ന് മാത്രം പ്രതികരിച്ച് രമേശ് ചെന്നിത്തല മടങ്ങി. ഇതിനിടെ ജ്യോതികുമാർ ചാമക്കാല, എംഎൽഎമാരായ ടി.ജെ.വിനോദ്, അൻവർ സാദത്ത്, ജോസഫ് വാഴയ്ക്കൻ എന്നിവർ അദ്ദേഹത്തെ സന്ദർശിച്ചു.
ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന് വാർത്തകൾ പുറത്തുവന്നതിന് തൊട്ടുപിന്നാലെ രാഹുൽ ഗാന്ധി രമേശ് ചെന്നിത്തലയെ നേരിട്ട് ഫോണിൽ ബന്ധപ്പെട്ടു. ഈ നീണ്ട
സംഭാഷണത്തിനിടെ തന്റെ സീനിയോറിറ്റിയും കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചെന്നിത്തല വിശദീകരിച്ചു. രാഹുൽ ഗാന്ധിയുടെ നിലപാട് ഇങ്ങനെയായിരുന്നു: ‘സതീശനെ മുഖ്യമന്ത്രിയാക്കാനാണു തീരുമാനം.
രമേശും മന്ത്രിസഭയിൽ ഉണ്ടാകണം ’. എന്നാൽ മന്ത്രിസഭയിൽ അംഗമാകുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കാം എന്ന് മറുപടി നൽകി ചെന്നിത്തല സംഭാഷണം അവസാനിപ്പിച്ചു.
തുടർന്ന് ഡൽഹിയിൽ നിന്ന് ഔദ്യോഗിക പ്രഖ്യാപനം എത്തിയതോടെ, സതീശൻ മുഖ്യമന്ത്രിയാകുമെന്ന വിവരം അദ്ദേഹം സന്ദർശകരെ അറിയിച്ചു. മാധ്യമപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടാതെ വീടിന്റെ പിൻവശത്തുള്ള റോഡ് വഴി രമേശ് ചെന്നിത്തല യാത്രയായെങ്കിലും, 20 മിനിറ്റിന് ശേഷമാണ് വിവരം മാധ്യമങ്ങൾ അറിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

