ആലപ്പുഴയിൽ അടുത്തിടെ പെയ്ത വേനൽമഴ ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടിന് വഴിവെച്ചു. വരാനിരിക്കുന്ന കാലവർഷക്കാലത്ത് സ്ഥിതി കൂടുതൽ സങ്കീർണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന മേഖലകളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്തപക്ഷം സർവീസ് റോഡുകളിൽ ചെളി നിറയുന്നതും അടിപ്പാതകൾ വെള്ളത്തിൽ മുങ്ങുന്നതും പതിവാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഓടകളിലൂടെയുള്ള നീരൊഴുക്ക് തടസ്സപ്പെട്ടത് ജില്ലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
പൊഴികളും തോടുകളും തമ്മിലുള്ള സ്വാഭാവിക ബന്ധം വിച്ഛേദിച്ചുകൊണ്ടുള്ള ബൈപാസ് നിർമാണം നഗരത്തിലെ പകുതിയോളം പ്രദേശങ്ങളെയും വെള്ളക്കെട്ടിലാക്കുമെന്ന പരാതി ശക്തമാണ്. ഓടകളുടെ വീതിക്കുറവും റോഡിന്റെ നിരപ്പിനേക്കാൾ ഉയരത്തിൽ ഓടകൾ സ്ഥിതി ചെയ്യുന്നതും വെളളക്കെട്ടിന് കാരണമാകുന്നു.
നിർമാണത്തിന്റെ തുടക്കം മുതൽ നാട്ടുകാർ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ജില്ലാ ഭരണകൂടം, തദ്ദേശ സ്ഥാപനങ്ങൾ, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത്, ഇറിഗേഷൻ വകുപ്പുകൾ എന്നിവർ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഏഴ് കിലോമീറ്റർ നീളമുള്ള ബൈപാസിൽ കുതിരപ്പന്തിയിൽ വലിയ തോട് മൂടി നിർമിച്ച തൂണുകളും അനുബന്ധ നിർമാണങ്ങളും നീരൊഴുക്കിനെ സാരമായി ബാധിച്ചു.
ഇതിനെത്തുടർന്ന് കഴിഞ്ഞ മഴക്കാലത്ത് ഇരുവുകാട്, മുല്ലാത്ത് വളപ്പ്, വലിയമരം, മുനിസിപ്പൽ സ്റ്റേഡിയം, ആലിശ്ശേരി തുടങ്ങി 15 വാർഡുകളിൽ വെള്ളക്കെട്ടുണ്ടായി. കൂടാതെ, ആറാട്ടുവഴി, കളപ്പുര, കൊമ്മാടി, കാഞ്ഞിരംചിറ, മംഗലം, പവർ ഹൗസ്, വാടക്കനാൽ, സീ വ്യൂ തുടങ്ങിയ വടക്കൻ വാർഡുകളിലെ പ്രദേശങ്ങളും സമാനമായ ഭീഷണിയിലാണ്.
ബൈപാസിന്റെ പടിഞ്ഞാറു ഭാഗത്തെ മഴവെള്ളം ഒഴുകിപ്പോയിരുന്ന പുലത്തറ, കാരളശ്ശേരി, ചക്കംപറമ്പ് തോടുകൾ മൂടിയതും പ്രതിസന്ധി വർദ്ധിപ്പിച്ചു. കൊമ്മാടി മുതൽ മുളക്കട
വരെ 3.5 കിലോമീറ്റർ നീളത്തിൽ തോടുകൾ മൂടി നിർമിച്ച ഓടകൾ അശാസ്ത്രീയമാണെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. അതേസമയം, കായംകുളം നഗരസഭയിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ഒന്നരക്കോടി രൂപയുടെ എസ്റ്റിമേറ്റ് ദേശീയപാത അതോറിറ്റി കലക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്.
പുത്തൻറോഡ്മുക്ക്, ഇടശേരി ജംക്ഷൻ, ഷഹീദാർപള്ളി ജംക്ഷൻ, കോളജ് ജംക്ഷൻ, ചിറക്കടവം, കൃഷ്ണപുരം ജംക്ഷൻ എന്നീ ആറ് കേന്ദ്രങ്ങളിൽ ഓട നിർമിക്കാനാണ് തീരുമാനം.
നഗരസഭയുടെ ഓടകൾ ദേശീയപാതയിലെ ഓടകളെക്കാൾ താഴ്ന്ന് സ്ഥിതി ചെയ്യുന്നതിനാൽ വെള്ളം ഒഴുക്കിവിടുന്നതിലെ തടസ്സം പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

