ഇന്ത്യയിലെ സ്വർണ്ണ നിക്ഷേപ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഇലക്ട്രോണിക് ഗോൾഡ് റെസീറ്റുകൾ (ഇജിആർ) തുടക്കമിട്ടിരിക്കുന്നത്. സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) കർശനമായ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഈ സംവിധാനം, ഓഹരികൾ വാങ്ങുന്നത് പോലെ ലളിതമായി ഡിജിറ്റൽ രൂപത്തിൽ സ്വർണ്ണം കൈകാര്യം ചെയ്യാൻ നിക്ഷേപകരെ പ്രാപ്തരാക്കുന്നു.
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ) എന്നിവ വഴിയാണ് നിലവിൽ ഇതിന്റെ വ്യാപാരം നടക്കുന്നത്. **ഇജിആർ എന്നാൽ എന്ത്?**
സുരക്ഷിതമായ വോൾട്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന യഥാർത്ഥ സ്വർണ്ണത്തെ പ്രതിനിധീകരിക്കുന്ന ഡിജിറ്റൽ രേഖകളാണ് ഇജിആറുകൾ.
ഒരു നിക്ഷേപകൻ ഇജിആർ വാങ്ങുമ്പോൾ, അതിന് തുല്യമായ 995 അല്ലെങ്കിൽ 999 കാരറ്റ് പരിശുദ്ധിയുള്ള സ്വർണ്ണം സെബി അംഗീകൃത വോൾട്ട് മാനേജരുടെ പക്കൽ നിക്ഷേപിക്കപ്പെടുന്നു. ഈ ഡിജിറ്റൽ രേഖകൾ ഡീമാറ്റ് അക്കൗണ്ടിൽ സുരക്ഷിതമായി സൂക്ഷിക്കാനും, ആവശ്യമെങ്കിൽ നിക്ഷേപകർക്ക് ഭൗതിക സ്വർണ്ണമായി പിൻവലിക്കാനും സാധിക്കും.
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15 ശതമാനമായി വർദ്ധിപ്പിച്ച സാഹചര്യത്തിൽ, രാജ്യത്തെ ഭൗതിക സ്വർണ്ണ ഇറക്കുമതി കുറയ്ക്കാനും നിക്ഷേപങ്ങളിൽ സുതാര്യത ഉറപ്പാക്കാനും ഈ മാർഗ്ഗം സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു. **പ്രധാന സവിശേഷതകൾ:**
* **ഏകീകൃത വില:** “ഒരു രാജ്യം, ഒരു വില” എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലുടനീളം സുതാര്യമായ വില നിശ്ചയിക്കപ്പെടുന്നു.
* **പരിശുദ്ധിയും സുരക്ഷയും:** സെബി അംഗീകരിച്ച വോൾട്ട് മാനേജർമാരുടെ മേൽനോട്ടത്തിൽ 99.5% അല്ലെങ്കിൽ 99.9% കാരറ്റ് പരിശുദ്ധി ഉറപ്പുവരുത്തുന്നു.
* **ചെറിയ തുകയ്ക്കുള്ള നിക്ഷേപം:** 100 മില്ലിഗ്രാം മുതൽ ഒരു കിലോ വരെ അളവിൽ സ്വർണ്ണം വാങ്ങാം.
വെറും 700-800 രൂപയുടെ കുറഞ്ഞ തുകയിൽ നിക്ഷേപം ആരംഭിക്കാൻ സാധിക്കും.
* **വ്യാപാര സമയം:** തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9:00 മുതൽ രാത്രി 11:30 വരെ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ വഴി വ്യാപാരം നടത്താം.
* **സെറ്റിൽമെന്റ്:** ടി+1 അടിസ്ഥാനത്തിൽ സ്വർണ്ണം ഡീമാറ്റ് അക്കൗണ്ടിൽ ലഭ്യമാകും. **നിക്ഷേപകരെ സംബന്ധിച്ച നേട്ടങ്ങൾ:**
ആഭരണങ്ങളായി സ്വർണ്ണം വാങ്ങുമ്പോൾ നൽകേണ്ടി വരുന്ന 8% മുതൽ 25% വരെയുള്ള പണിക്കൂലി ഇജിആറിൽ ഒഴിവാക്കാം.
കൂടാതെ, കാലപ്പഴക്കം മൂലം സ്വർണ്ണത്തിനുണ്ടാകുന്ന തൂക്കക്കുറവ്, ലോക്കർ വാടക, സൂക്ഷിക്കുന്നതിലെ സുരക്ഷാ ഭീഷണി എന്നിവ ഇജിആർ നിക്ഷേപത്തിലൂടെ മറികടക്കാനാകും. വിവാഹം പോലുള്ള ആവശ്യങ്ങൾക്കായി ചെറിയ തുകകൾ കൃത്യമായ ഇടവേളകളിൽ നിക്ഷേപിച്ച് സ്വർണ്ണശേഖരം വർദ്ധിപ്പിക്കാനും ഇത് സൗകര്യമൊരുക്കുന്നു.
വിൽപന നടത്തുമ്പോൾ തത്സമയ വിപണി വിലയിൽ സുതാര്യമായി പണം ലഭിക്കുമെന്നതും വലിയൊരു നേട്ടമാണ്. **വാങ്ങുന്ന വിധം:**
സെബി അംഗീകൃത സ്റ്റോക്ക് ബ്രോക്കർമാരുടെ സഹായത്തോടെ ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് വഴി കെവൈസി പൂർത്തിയാക്കിയ ശേഷം ഇജിആർ സേവനം ഉപയോഗിക്കാം.
ബ്രോക്കറുടെ ആപ്പിലോ വെബ്സൈറ്റിലോ ‘ഇജിആർ’ എന്ന് സെർച്ച് ചെയ്ത് നിശ്ചിത അളവിൽ ഓർഡർ നൽകാവുന്നതാണ്. **ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ:**
ഇജിആർ സൂക്ഷിക്കുന്നതിനായി നിശ്ചിത വോൾട്ട് സ്റ്റോറേജ് ചാർജ് ഈടാക്കുന്നുണ്ട് (ഒരു കിലോയ്ക്ക് പ്രതിദിനം ഏകദേശം 15 രൂപ). കൂടാതെ, ഡിജിറ്റൽ സ്വർണ്ണം ഭൗതികമായി പിൻവലിക്കുമ്പോൾ നികുതികൾ ബാധകമാകാം.
സാധാരണ സ്വർണ്ണ നിക്ഷേപങ്ങൾക്ക് ബാധകമായ അതേ നികുതി നിയമങ്ങളാണ് ഇതിനും ഉള്ളത്. (സംസ്ഥാന ധനകാര്യ വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറിയാണ് ലേഖകൻ) *(നിരാകരണം: ഈ ലേഖനം ഓഹരി, സ്വർണ്ണം തുടങ്ങിയവ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദ്ദേശമോ ഉപദേശമോ അല്ല.
നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് സ്വയം പഠനങ്ങൾ നടത്തുകയോ വിദഗ്ധ ഉപദേശം തേടുകയോ ചെയ്യുക.)*
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

