വിദേശരാജ്യങ്ങളിലെ ജീവിതം പുറമെ കാണുന്നത് പോലെ അത്ര ആഡംബരപൂർണ്ണമല്ലെന്നും, അവിടുത്തെ ഉയർന്ന സേവന നിരക്കുകൾ സാധാരണക്കാർക്ക് വലിയ ബാധ്യതയാകുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ അമൃത സിംഗ്. അമേരിക്കയിൽ താമസിക്കുന്ന അമൃത പങ്കുവെച്ച പുതിയ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
തന്റെ വീട്ടിലുണ്ടായ ചെറിയൊരു പൈപ്പ് ചോർച്ച പരിഹരിക്കാൻ തനിക്ക് ചിലവായ ഭീമമായ തുകയെക്കുറിച്ചാണ് വീഡിയോയിൽ പരാമർശിക്കുന്നത്. പൈപ്പ് ചോർച്ച അടയ്ക്കാൻ എത്തിയ പ്ലംബർക്ക് പ്രതിഫലമായി 250 ഡോളർ, അതായത് ഏകദേശം 21,000 ഇന്ത്യൻ രൂപയാണ് അമൃതയ്ക്ക് നൽകേണ്ടി വന്നത്.
അമൃതയുടെ വാക്കുകൾ: “ഇന്ന് ഒരു ചെറിയ പൈപ്പ് ചോർച്ച മാറ്റാൻ ഞങ്ങൾ നൽകിയത് 250 ഡോളറാണ്. അമേരിക്കയിൽ ഏത് ചെറിയ അറ്റകുറ്റപ്പണിക്കായി ഒരാളെ വീട്ടിലേക്ക് വിളിച്ചാലും കുറഞ്ഞത് 100 മുതൽ 200 ഡോളർ വരെ ചിലവ് വരും.
ഇവിടെ ലേബർ ചാർജ് അത്രമാത്രം കൂടുതലാണ്.” ഇന്ത്യയിൽ വെറും 500 രൂപയോ 1000 രൂപയോ നൽകിയാൽ തീർക്കാവുന്ന ഒരു സാധാരണ ജോലിക്കാണ് അമേരിക്കയിൽ ഇത്രയും വലിയ തുക നൽകേണ്ടി വന്നതെന്ന് അവർ വീഡിയോയിൽ പരിതപിക്കുന്നു. “കൂടിയെ തൊഴിൽ കൂലി; ഒരു ചെറിയ ചോർച്ചയും 21,000 രൂപയുടെ യാഥാർത്ഥ്യവും” എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പ്രവാസികൾ രംഗത്തെത്തി. അമേരിക്ക, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ലേബർ ചാർജ് വളരെ കൂടുതലായതിനാൽ ഭൂരിഭാഗം ആളുകളും ചെറിയ അറ്റകുറ്റപ്പണികൾ സ്വന്തമായി ചെയ്യാൻ നിർബന്ധിതരാകുന്നു.
വിദഗ്ധ തൊഴിലാളികളുടെ കുറവും അവിടുത്തെ ഉയർന്ന ജീവിതനിലവാരവുമാണ് ഇത്തരത്തിൽ സേവനങ്ങൾക്ക് വലിയ തുക ഈടാക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, അമേരിക്കയിലെ ശമ്പള നിരക്ക് അതനുസരിച്ച് കൂടുതലാണെന്നും സേവനങ്ങൾക്ക് അവിടുത്തെ സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായ തുക നൽകേണ്ടി വരുമെന്നും മറുവിഭാഗം അഭിപ്രായപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

