കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി വൈസ് പ്രസിഡന്റും നിയുക്ത തൃത്താല എംഎൽഎയുമായ വി.ടി.
ബൽറാം രംഗത്ത്. ഔദ്യോഗിക നേതൃത്വത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത അദ്ദേഹം, വി.ഡി.
സതീശന് ലഭിച്ച ജനപിന്തുണ അഭൂതപൂർവ്വമാണെന്ന് ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ആശംസകൾ അറിയിച്ചത്.
വി.ടി.ബൽറാമിന്റെ കുറിപ്പ് ഇങ്ങനെ: “അങ്ങനെ കേരളം കേൾക്കാൻ ആഗ്രഹിച്ച പ്രഖ്യാപനമിതാ കോൺഗ്രസ് നേതൃത്വത്തിൽ നിന്നുണ്ടായിരിക്കുന്നു. കേരളം മനസ്സുകൊണ്ട് എന്നേയെടുത്ത തീരുമാനത്തിന് ഇതാ ഔപചാരികതയുടെ കയ്യൊപ്പ് ചാർത്തപ്പെട്ടിരിക്കുന്നു.
ജനഹിതം മാനിച്ചുകൊണ്ടല്ലാതെ ഒരു യഥാർഥ ജനാധിപത്യ പാർട്ടിക്ക് തീരുമാനമെടുക്കാനാവില്ല. സോദ്ദേശ്യമായ ജനവികാരത്തെ ഒരിക്കലും കണ്ടില്ലെന്ന് നടിക്കാനാവില്ല.
ഇന്നേവരെ ഒരു രാഷ്ട്രീയ നേതാവിനും ലഭിച്ചിട്ടില്ലാത്ത വിധം അഭൂതപൂർവമായ ജനകീയതയുടെ തേരിലേറി കേരള ഭരണത്തിന്റെ തലപ്പത്തേക്ക് കടന്നുവരുന്ന പ്രിയ വി.ഡി.സതീശന് ഹാർദ്ദമായ അഭിനന്ദനങ്ങൾ. കോൺഗ്രസിന്റെയോ യുഡിഎഫിന്റെയോ മാത്രം മുഖ്യമന്ത്രിയായല്ല, കേരളത്തിലെ ജനങ്ങളുടെ മുഖ്യമന്ത്രിയായാണ് വി.ഡി.സതീശന്റെ ഈ വരവ്.
ഇനി ഒറ്റക്കെട്ടായ പ്രവർത്തനങ്ങളുടെ നാളുകളാണ്. വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട്, പ്രതീക്ഷകൾ കാത്തുകൊണ്ട്, നല്ല ഭാവിയുടെ സ്വപ്നങ്ങൾ കണ്ടുകൊണ്ട്, നമുക്കൊരുമിച്ച് ചുവടുവയ്ക്കാം.
നമുക്കതിന് കഴിയും, കാരണം, ഇത് കേരളമാണ്. നമ്മുടെ മുഖ്യമന്ത്രി വി.ഡി.സതീശനാണ്.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

