പുനലൂർ നെല്ലിപ്പള്ളിയിൽ ഉണ്ടായ ദാരുണമായ മണ്ണിടിച്ചിലിൽ പെയ്ന്റിങ് തൊഴിലാളി മരിച്ചു. പിറവന്തൂർ പഞ്ചായത്തിലെ വന്മള വള്ളിഅയ്യത്ത് പുത്തൻവീട്ടിൽ സിജു തോമസ് (42) ആണ് മരിച്ചത്.
ശക്തമായ ഇടിമിന്നലും മഴയുമുണ്ടായ സാഹചര്യത്തിൽ സുരക്ഷ തേടി ലോറിയുടെ ക്യാബിനുള്ളിൽ കയറിയതായിരുന്നു സിജു. സംഭവസ്ഥലത്തുണ്ടായിരുന്ന ലോറി ഡ്രൈവർ ഷിബുവിന്റെ വാക്കുകൾ ഇങ്ങനെ: ‘കനത്ത മിന്നലുണ്ടായപ്പോൾ ലോറിയിൽ കയറി ഇരുന്നതാണ് സിജു.
എല്ലാം കഴിഞ്ഞത് കണ്ണടച്ചു തുറക്കും മുൻപാണ്.’ തന്റെ സുഹൃത്ത് അപകടത്തിൽപ്പെട്ടതിന്റെ നടുക്കം ഷിബു പങ്കുവെച്ചു. സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് താൻ അത്ഭുതകരമായി രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. സർവീസ് സ്റ്റേഷന് മുകളിലായിരുന്ന 30 അടിയോളം ഉയരമുള്ള കോൺക്രീറ്റ് സംരക്ഷണ ഭിത്തി 50 അടിയോളം നീളത്തിൽ തകർന്നു വീഴുകയായിരുന്നു.
ഇതിനടിയിൽപ്പെട്ട് സർവീസ് സ്റ്റേഷന്റെ മേൽക്കൂരയും അവിടെയുണ്ടായിരുന്ന ടിപ്പർ ലോറിയും സ്കൂൾ ബസും പൂർണമായും തകർന്നു. അപകടവിവരം പുറത്തറിഞ്ഞതോടെ പുനലൂർ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ മൂന്നു മണിക്കൂർ നീണ്ട
രക്ഷാപ്രവർത്തനത്തിനൊടുവിലാണ് സിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. അപകടസമയത്ത് സിജുവിന്റെ ഫോണിലേക്ക് ബന്ധുക്കൾ നിരന്തരം വിളിച്ചിരുന്നെങ്കിലും പ്രതികരണം ലഭിച്ചിരുന്നില്ല.
മൂന്നുമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മൃതദേഹം പുറത്തെടുക്കുമ്പോൾ സിജു ജീവനോടെ തിരിച്ചുവരണമെന്ന പ്രാർഥനയിലായിരുന്നു ഷിബു ഉൾപ്പെടെയുള്ളവർ.
ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചാണ് ക്യാബിൻ പൊളിച്ച് മൃതദേഹം പുറത്തെടുക്കാനായത്. നെല്ലിപ്പള്ളിയിൽ ഇത്തരമൊരു ദുരന്തം രണ്ടാം തവണയാണ് സംഭവിക്കുന്നത്.
മൂന്നുവർഷം മുൻപ് ഇതേ മേഖലയിൽ സംരക്ഷണഭിത്തി തകർന്ന് കല്ലടയാറ്റിലേക്ക് പതിച്ചിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്തെ മറ്റ് സംരക്ഷണഭിത്തികളുടെ ബലക്ഷയം പരിശോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
നഗരസഭ അധ്യക്ഷൻ എം.എ. രാജഗോപാൽ, സി.
അജയ് പ്രസാദ് തുടങ്ങിയ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. സിജു തോമസ് തോമസ്–ജോളി ദമ്പതികളുടെ മകനാണ്.
ഭാര്യ: റീന. മക്കൾ: ഏബൽ, മരിയ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

