കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. മാരാരിക്കുളം തെക്ക് ഓമനപ്പുഴ പൊള്ളയിൽ അനീഷിന്റെ ഭാര്യയും, തൈക്കൽ സ്പെഷൽ സ്കൂൾ അധ്യാപികയുമായ ഫെബ ജോസ് (27) ആണ് മരിച്ചത്.
ആലപ്പുഴ കളപ്പുര നടുവിലേവീട്ടിൽ ഫെബ ജോസ് രണ്ടാമത്തെ പ്രസവത്തിനായാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫെബയ്ക്ക് തിങ്കളാഴ്ച പുലർച്ചെ ശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ലേബർ റൂമിലേക്ക് മാറ്റിയിരുന്നു.
തുടർന്ന് പുലർച്ചെ അഞ്ചുമണിയോടെ മരണം സ്ഥിരീകരിച്ചു. പൂർണ ആരോഗ്യവതിയായിരുന്ന ഫെബയുടെ മരണം ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം.
മരണം സംഭവിച്ച ശേഷമാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തതെന്നും ഇവർ സംശയിക്കുന്നു. അഞ്ചു മാസം വരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും, കടപ്പുറത്തെ വനിത-ശിശു ആശുപത്രിയിലുമായിരുന്നു ഫെബയുടെ ചികിത്സ.
ജോസ്മോൻ–ബിൻസി ദമ്പതികളുടെ മകളാണ് ഫെബ. അക്സ സഹോദരിയും, എയ്ഡൻ (6) മകനുമാണ്.
അതേസമയം, അമ്നിയോട്ടിക് ഫ്ലൂയിഡ് എംബോളിസത്തെത്തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക വിശദീകരണം. അമ്നിയോട്ടിക് ഫ്ലൂയിഡ് അപ്രതീക്ഷിതമായി ചോർന്നതിനെ തുടർന്ന് ഹൃദയസ്തംഭനം സംഭവിക്കുന്ന വളരെ അപൂർവമായ അവസ്ഥയാണിതെന്നും അവർ വ്യക്തമാക്കി.
സംഭവത്തിൽ ഗൈനക്കോളജി വിഭാഗം മേധാവിയുടെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, ഡിഎംഒയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണവും നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

