പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ ചില്ലറ വിലക്കയറ്റ നിരക്കിൽ നേരിയ വർധന രേഖപ്പെടുത്തി. മാർച്ചിൽ 3.4 ശതമാനമായിരുന്ന പണപ്പെരുപ്പ നിരക്ക് ഏപ്രിലിൽ 3.48 ശതമാനമായാണ് ഉയർന്നത്.
ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ വർധനയാണ് ഈ പ്രവണതയ്ക്ക് പ്രധാന കാരണം. എന്നിരുന്നാലും, സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയതിനേക്കാൾ കുറഞ്ഞ തോതിലാണ് വിലക്കയറ്റം അനുഭവപ്പെട്ടത്.
പണപ്പെരുപ്പം 3.7 ശതമാനത്തിന് മുകളിലെത്തുമെന്നായിരുന്നു ഭൂരിഭാഗം പ്രവചനങ്ങളും. ഏപ്രിലിൽ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പ നിരക്ക് 3.87 ശതമാനത്തിൽ നിന്ന് 4.2 ശതമാനമായി ഉയർന്നു.
പണപ്പെരുപ്പ നിരക്ക് സ്ഥിരമായി 4 ശതമാനത്തിൽ താഴെ നിലനിർത്താനാണ് റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്. വരും മാസങ്ങളിൽ പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതം രാജ്യത്തെ സാമ്പത്തിക കണക്കുകളിൽ കൂടുതൽ പ്രകടമായേക്കും.
സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ച നടപടിയും പണപ്പെരുപ്പത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം, മാർച്ചിൽ 3.62 ശതമാനമായിരുന്ന വിലക്കയറ്റ നിരക്ക് ഏപ്രിലിൽ 3.77 ശതമാനമായി വർധിച്ചു.
ഇതോടെ രാജ്യത്തെ വിലക്കയറ്റ നിരക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഏഴാം സ്ഥാനത്ത് നിന്നും ആറാം സ്ഥാനത്തേക്ക് എത്തി. തെലങ്കാന (5.81%), ആന്ധ്രപ്രദേശ് (4.2%), തമിഴ്നാട് (4.18%), സിക്കിം (4.16%) എന്നിവയാണ് പട്ടികയിൽ കേരളത്തിന് മുന്നിലുള്ള സംസ്ഥാനങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

