തിരുവനന്തപുരം നഗരത്തിൽ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച അത്യാധുനിക നിരീക്ഷണ ക്യാമറകളുടെ നിയന്ത്രണവും പരിപാലന ചുമതലയും ഏറ്റെടുക്കുന്നതിൽ തർക്കം രൂക്ഷമാകുന്നു. ക്യാമറകളുടെ വാർഷിക അറ്റകുറ്റപ്പണികൾക്കും പരിപാലനത്തിനുമുള്ള സാമ്പത്തിക ബാധ്യത വഹിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് വകുപ്പ് ചുമതല ഏറ്റെടുക്കാൻ വിസമ്മതിച്ചു.
സ്മാർട്ട് സിറ്റി പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയായ സാഹചര്യത്തിൽ, നിർമിച്ച സംവിധാനങ്ങൾ അതത് വകുപ്പുകൾക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. ഇതനുസരിച്ച് ക്യാമറകളുടെ നിയന്ത്രണം പൊലീസിന് കൈമാറാൻ പദ്ധതി അധികൃതർ നടപടികൾ സ്വീകരിച്ചിരുന്നു.
എന്നാൽ, വർഷം തോറും ലക്ഷക്കണക്കിന് രൂപ വേണ്ടിവരുന്ന അറ്റകുറ്റപ്പണികൾക്ക് പൊലീസിന്റെ ഫണ്ടിൽ നിന്ന് തുക അനുവദിക്കാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതേത്തുടർന്ന് പദ്ധതിയുടെ നടത്തിപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
സ്മാർട്ട് സിറ്റി അധികൃതർ ഇത് സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർക്കും മേയർക്കും പലതവണ കത്തുകൾ നൽകിയെങ്കിലും അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ല. ചുമതല ഏറ്റെടുക്കാൻ ആരും തയ്യാറായില്ലെങ്കിൽ ക്യാമറകളുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
നഗരത്തിൽ 38 കോടി രൂപ ചെലവഴിച്ചാണ് 400 ക്യാമറകൾ സ്ഥാപിച്ചത്. ചെന്നൈ ആസ്ഥാനമായ കമ്പനിക്കായിരുന്നു ഇതിന്റെ കരാർ.
എആർ ക്യാംപിലാണ് നിരീക്ഷണത്തിനായുള്ള കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. പൊലീസ് ഏറ്റെടുക്കാൻ വിസമ്മതിക്കുന്ന സാഹചര്യത്തിൽ, കോർപറേഷൻ ഫണ്ട് ഉപയോഗിച്ച് പരിപാലനം ഏറ്റെടുക്കണമെന്നാണ് പൊലീസിന്റെ ആവശ്യം.
എന്നാൽ കോർപറേഷൻ അധികൃതരും ഈ നിർദ്ദേശത്തോട് അനുകൂലമായ നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. തർക്കം പരിഹരിക്കുന്നതിനായി കോർപറേഷൻ, പൊലീസ്, സ്മാർട്ട് സിറ്റി പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു ഉന്നതതല യോഗം ഇതുവരെ ചേർന്നിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

