കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച നിർണ്ണായക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഹൈക്കമാൻഡ് തീരുമാനം ഉച്ചയ്ക്ക് മുൻപായി പുറത്തുവരുമെന്നാണ് സൂചന.
ഈ സാഹചര്യത്തിൽ കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലുള്ള ക്യാമ്പുകൾ ഏറെ ആകാംക്ഷയിലാണ്. ദില്ലിയിൽ ഇന്നലെ നടന്ന നിർണ്ണായക ചർച്ചകളിൽ പങ്കെടുത്ത കേരളത്തിലെ ഭൂരിഭാഗം നേതാക്കളും കെ സി വേണുഗോപാലിന് പിന്തുണ അറിയിച്ചതായാണ് വിവരം.
ഹൈക്കമാൻഡിന്റെ തീരുമാനം അദ്ദേഹത്തിന് അനുകൂലമായിരിക്കുമെന്നാണ് വിവിധ ഗ്രൂപ്പുകളുടെ വിലയിരുത്തൽ. അതേസമയം, ഏകപക്ഷീയമായ തീരുമാനമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങൾ.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്നാണ് ഇരു വിഭാഗങ്ങളും കരുതുന്നത്. അതേസമയം കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ തനിക്ക് മുൻവിധിയില്ലെന്ന് നേതാക്കളോട് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.
“കേരളത്തിലെ സാഹചര്യം അറിയാനാണ് കൂടിയാലോചനയ്ക്ക് വിളിച്ചത്. എല്ലാ വശങ്ങളും ആലോചിച്ചായിരിക്കും തീരുമാനമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.” പാർട്ടി സംഘടനയ്ക്ക് യോജിക്കാത്ത പ്രവണതകൾ ഉണ്ടായതായി രാഹുൽ ഗാന്ധി നിരീക്ഷിച്ചു.
അന്തിമ പ്രഖ്യാപനത്തിന് മുൻപായി ഘടകകക്ഷികളുമായി നേരിട്ട് സംസാരിക്കണമോ എന്ന കാര്യത്തിൽ രാഹുൽ ഗാന്ധി ഇന്ന് അന്തിമ തീരുമാനമെടുക്കും. ഇതിന് ശേഷമായിരിക്കും മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

