തിരുവനന്തപുരം: വഞ്ചിനാട് എക്സ്പ്രസിന് തിരുവനന്തപുരം പേട്ടയിൽ സ്ഥിരമായി സ്റ്റോപ്പ് അനുവദിക്കണമെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ആവശ്യപ്പെട്ടു. ട്രെയിനിന് ഇവിടെ സ്റ്റോപ്പ് വേണമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്.
തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്റർ അപകടത്തിന് പിന്നാലെ വഞ്ചിനാടിന് മൂന്ന് ദിവസം പേട്ടയിൽ സ്റ്റോപ്പ് അനുവദിച്ചത് യാത്രക്കാർ ഏറെ സന്തോഷത്തോടെയാണ് വരവേറ്റത്. ഇത് തിരുവനന്തപുരം സെൻട്രലിലെ തിരക്ക് കുറയ്ക്കാനും സഹായകമായി.
തമ്പാനൂർ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ അപകടത്തിന് കാരണമായത് അനിയന്ത്രിതമായ തിരക്കാണെന്നാണ് പ്രാഥമിക നിഗമനം. മൂന്നു ദിവസത്തെ അറ്റകുറ്റപ്പണികൾ പൂർത്തിയായപ്പോഴും മറ്റു സാങ്കേതിക തടസ്സങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
അതിനാൽ അപകടം ആവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ട്രെയിനിന് പേട്ടയിൽ സ്റ്റോപ്പ് അനിവാര്യമാണെന്ന് സംഘടന വ്യക്തമാക്കുന്നു.
എറണാകുളത്ത് നിന്ന് കോട്ടയം വഴി തിരുവനന്തപുരം ഭാഗത്തേയ്ക്ക് ഓഫീസ്, തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനാണ് 16303 വഞ്ചിനാട് എക്സ്പ്രസ്. രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്ന യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുക പ്രായോഗികമല്ല.
10.15-ന് പഞ്ചിങ് സമയം നിശ്ചയിച്ചിരിക്കുന്നവർ ക്യൂ നിന്ന് പുറത്തിറങ്ങണമെന്ന നിർദേശം ഇവിടെ പ്രാവർത്തികമല്ല. തിരുവനന്തപുരത്തെ പ്രധാന ആശുപത്രികൾ, ഓഫീസുകൾ, നിരവധി കച്ചവട
സ്ഥാപനങ്ങൾ എന്നിവ പേട്ട സ്റ്റേഷനെ ചുറ്റിപ്പറ്റിയാണ് സ്ഥിതി ചെയ്യുന്നത്.
നഗരത്തിന്റെ ഏത് ഭാഗത്തേയ്ക്കും ഗതാഗത സൗകര്യമുള്ളതും പേട്ടയുടെ പ്രത്യേകതയാണ്. സെൻട്രൽ സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക് പങ്കിടാൻ പേട്ട
സ്റ്റേഷന് സാധിക്കും. നല്ലൊരു ശതമാനം യാത്രക്കാർ പേട്ടയിൽ ഇറങ്ങുന്നതോടെ തിരക്കിനും യാത്രക്കാരുടെ മാനസിക സമ്മർദ്ദത്തിനും അയവ് വരും.
കായംകുളം ജംക്ഷനിൽ വഞ്ചിനാട് എക്സ്പ്രസ് സമയത്തിന് മുമ്പേ എത്താറുണ്ട്. ആലപ്പുഴ വഴിയുള്ള ഇന്റർസിറ്റി (16341) കടന്നുപോകാൻ ഇവിടെ 20 മിനിറ്റിലേറെ വഞ്ചിനാട് പിടിച്ചിടാറുണ്ട്.
വഞ്ചിനാടിനെ ആദ്യം കടത്തിവിടുകയാണെങ്കിൽ തിരുവനന്തപുരം സെൻട്രലിൽ 9.30-ന് എത്തിച്ചേരാൻ സാധിക്കും. ഇത് സെൻട്രൽ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാൻ സഹായിക്കും.
നിലവിൽ സെൻട്രൽ സ്റ്റേഷനിലെ തിരക്ക് വലിയ സുരക്ഷാഭീഷണി ഉയർത്തുന്നുണ്ട്. ബാഗേജ് സ്കാനിങ്, മറ്റു സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ പ്രാവർത്തികമല്ലെന്നതിന് എസ്കലേറ്റർ അപകടം തെളിവാണ്.
റെയിൽവേയിൽ നിരവധി പുരോഗമനപരമായ മാറ്റങ്ങളും വികസനക്കുതിപ്പുകളും അവകാശപ്പെടുന്നുണ്ടെങ്കിലും യാത്രക്കാരുടെ സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നില്ലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം ആരോപിച്ചു. യാത്രക്കാർ കയറിയപ്പോൾ എസ്കലേറ്റർ പിന്നിലേക്കു നീങ്ങിയാണ് തമ്പാനൂരിൽ അപകടമുണ്ടായത്.
മുകളിലേക്കു നീങ്ങുകയായിരുന്ന എക്സലേറ്റർ പെട്ടെന്ന് വേഗത്തിൽ പിന്നോട്ടു നീങ്ങുകയായിരുന്നു. അമ്പിളി (30), ധന്യ (42) എന്നീ രണ്ട് യാത്രക്കാർക്കു അപകടത്തിൽ പരുക്കേറ്റു.
വഞ്ചിനാട് എക്സ്പ്രസിൽ എത്തിയ യാത്രക്കാരായിരുന്നു എസ്കലേറ്ററിൽ കൂടുതലും ഉണ്ടായിരുന്നത്. താഴെഭാഗത്തു നിന്നവരാണ് അപകടത്തിൽപ്പെട്ടത്.
വീണുപോയ സ്ത്രീകളുടെ മുടി എസ്കലേറ്ററിൽ കുടുങ്ങിയിരുന്നെങ്കിൽ വലിയ അപകടം ഉണ്ടാകുമായിരുന്നെന്ന് യാത്രക്കാർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

