താൻ വാഹനാപകടത്തിൽ മരിച്ചുവെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ രൂക്ഷവിമർശനവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള രംഗത്ത്. തന്റെ മരണവാർത്ത അറിഞ്ഞ് ആശങ്കയോടെ സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും ബന്ധപ്പെട്ടപ്പോഴാണ് ഇങ്ങനെയൊരു വാർത്ത പ്രചരിക്കുന്ന കാര്യം താൻ അറിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ അച്ഛന്റെ ആരോഗ്യസ്ഥിതിയെ ചൂണ്ടിക്കാട്ടിയാണ് അഭിലാഷ് പിള്ളയുടെ പ്രതികരണം. “ബൈപാസ് സർജറി കഴിഞ്ഞ തന്റെ അച്ഛൻ ഇതൊക്കെ കണ്ടാലുള്ള അവസ്ഥ എന്താകുമെന്നും” അദ്ദേഹം ചോദിക്കുന്നു.
വാർത്ത പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം അറിയാമെങ്കിലും അതിനോട് പ്രതികരിക്കാൻ തനിക്ക് സമയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെ അഭിലാഷ് പിള്ള പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: “ഇന്ന് രാവിലെ മുതൽ പല സുഹൃത്തുക്കളും , മീഡിയ പ്രവർത്തകരും വിളിച്ച് ഞാൻ ഓക്കെ ആണോ എവിടെയുണ്ട് എന്നൊക്കെ തിരക്കിയപ്പോൾ ഇതാണ് കാരണം എന്നറിഞ്ഞില്ല, ഇന്നലെ ഞാൻ വാഹനാപകടത്തിൽ മരിച്ചു എന്ന് പലർക്കും വാർത്ത കിട്ടി, 3 ദിവസമായി കടുത്ത പനിയും തലകറക്കവും കാരണം ഫോൺ ഉപയോഗം കുറവായത് കൊണ്ട് ഞാൻ ഈ വാർത്ത അറിഞ്ഞില്ല, ഇന്ന് കൂടി എറണാകുളം വെൽകെയർ ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ പോയപ്പോഴും എനിക്ക് ജീവനുണ്ടാരുന്നു, ഈ വാർത്തയൊക്കെ വീട്ടിൽ ഇരിക്കുന്ന എന്റെ ബൈപാസ് സർജറി കഴിഞ്ഞിരിക്കുന്ന അച്ഛൻ കണ്ടാൽ ഉള്ള അവസ്ഥ.
ഈ വാർത്തയുടെയൊക്കെ അണിയറ പ്രവർത്തകരെ അറിയാം പക്ഷേ പ്രതികരിക്കാൻ സമയം ഇല്ല. എന്നെ സ്നേഹിക്കുന്ന എന്നെ അറിയുന്ന ആളുകൾക്ക് വേണ്ടിയാണ് ഈ പോസ്റ്റ് ഇടുന്നത് ഈശ്വരാനുഗ്രഹം കൊണ്ട് എനിക്ക് ഒരു കുഴപ്പവും ഇല്ല.
എന്നെ വിളിച്ചു കാര്യങ്ങൾ തിരക്കിയ എല്ലാവരോടും നന്ദി”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

