കുവൈത്ത് സിറ്റി: നിയമം ലംഘിച്ച് റോഡ് മുറിച്ചുകടന്നതിന് കഴിഞ്ഞ ഒരു വർഷത്തിനിടെ 8,938 പേർക്കെതിരെ ട്രാഫിക് നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്തതായി കുവൈത്ത് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു. 2025 ഏപ്രിൽ 22 മുതൽ 2026 ഏപ്രിൽ 22 വരെയുള്ള കാലയളവിലാണ് പിഴ ചുമത്തിയതെന്ന് ട്രാഫിക് റെഗുലേഷൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ ബദർ അൽ-ഖത്താൻ വ്യക്തമാക്കി.
‘സുരക്ഷിതമായി പാത മുറിച്ചുകടക്കൂ’ എന്ന പ്രമേയത്തിൽ നടന്ന ജിസിസി ട്രാഫിക് വീക്കിന്റെ സമാപന ചടങ്ങിൽ സംസാരിക്കുന്നതിനിടെ ഡ്രൈവർമാരും കാൽനടയാത്രക്കാരും ട്രാഫിക് നിയമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഓർമ്മിപ്പിച്ചു. “റോഡ് സുരക്ഷ വ്യക്തിഗത ബോധവൽക്കരണത്തിൽ നിന്നാണ് ആരംഭിക്കുന്നത്, സമൂഹത്തിന്റെ സുരക്ഷയിൽ അത് അവസാനിക്കുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡ് അനധികൃതമായി മുറിച്ചുകടക്കുന്നത് അതീവ അപകടകരമാണെന്നും നിയമലംഘകർക്ക് 20 മുതൽ 75 കുവൈത്തി ദിനാർ വരെ പിഴ ഈടാക്കാമെന്നും ജനറൽ ട്രാഫിക് വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. നിശ്ചിത പാതകൾ ഒഴിവാക്കി റോഡ് മുറിച്ചുകടക്കുന്നത് ജീവൻ അപകടത്തിലാക്കുന്ന പ്രവണതയാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക, ട്രാഫിക് സിഗ്നലുകൾ കർശനമായി പാലിക്കുക, വാഹനങ്ങൾ പൂർണമായി നിർത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക, റോഡിന്റെ ഇരുവശവും പരിശോധിക്കുക, നിർദ്ദിഷ്ട പാതകൾ മാത്രം ഉപയോഗിക്കുക എന്നീ സുരക്ഷാ നിർദ്ദേശങ്ങളും ട്രാഫിക് വകുപ്പ് പൊതുജനങ്ങൾക്ക് നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

