തിരുവനന്തപുരം ∙ തമിഴൻകൊടി, ധർമക്കൊടി, തലൈവൻകൊടി, വിജയക്കൊടി, വീരക്കൊടി… ടിവികെ പതാകഗാനത്തിനു പിന്നാലെ ഇരുചക്ര വാഹനങ്ങളിൽ വിജയ് ആരാധകർ ആർത്തിരമ്പി. തമിഴകത്തിന്റെ ജനനായകനായി വിജയ് മാറിയപ്പോൾ കേരളത്തിലും ആരാധകരുടെ വലിയ ആഘോഷമായിരുന്നു ഞായർ.
വിജയ് മക്കൾ ഇയക്കത്തിന് തെക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ യൂണിറ്റുകളുള്ള ജില്ലകളാണ് തിരുവനന്തപുരവും കൊല്ലവും. 500 യൂണിറ്റുകളിലായി ഏകദേശം അരലക്ഷം അംഗങ്ങളുണ്ട്.
വിജയ് മുഖ്യമന്ത്രിയായി അധികാരമേൽക്കുമ്പോൾ തങ്ങൾ 15 വർഷമായി കണ്ട സ്വപ്നം പൂവണിയുന്നതിലെ സന്തോഷത്തിലാണ് ഏവരും.
വൈകാതെ വിജയ് മക്കൾ ഇയക്കം കേരളത്തിൽ പാർട്ടി യൂണിറ്റുകളായി മാറുമെന്ന അഭ്യൂഹവും ശക്തമാണ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് ജില്ലകളിൽ ശക്തമായ സാന്നിധ്യമാകാൻ തങ്ങൾക്കു കഴിയുമെന്നാണ് ഇവർ കരുതുന്നത്.
വിജയ് മക്കൾ ഇയക്കത്തിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയും ഉടൻ നിലവിൽ വരും.
കേരളത്തിലെ സംഘടനാ അംഗങ്ങൾ തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ വിജയിനായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പോയിരുന്നു. വീട്ടമ്മമാരുടെ ഉൾപ്പെടെ വലിയ പിന്തുണ താരത്തിനു ലഭിച്ചെന്നും മികച്ച ഗ്രൗണ്ട് വർക്ക് ഗുണം ചെയ്തുവെന്നും കൊല്ലം ജില്ലാ സെക്രട്ടറി അനന്തു പടിക്കൽ പറഞ്ഞു.
വിജയ് അവസാനമായി തിരുവനന്തപുരത്ത് എത്തിയത് 2024ൽ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം(ഗോട്ട്) എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിനായിരുന്നു. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരുന്നു ചിത്രീകരണം.
വൻ ജനക്കൂട്ടമാണ് വിജയിനെ കാണാൻ ഷൂട്ടിങ് സ്ഥലത്തും ഹോട്ടലിലും എത്തിയത്. ഈ സിനിമയിലാണ് ‘ടിഎൻ 07 സിഎം 2026’ എന്ന നമ്പരുള്ള കാറിൽ വിജയ് യാത്ര ചെയ്യുന്ന രംഗമുള്ളത്.
സംവിധായകൻ വെങ്കിട് പ്രഭുവിന്റെ ആശയമായിരുന്നു അത്. ഇതിനുമുൻപ് 2007ൽ പോക്കിരി, 2009ൽ വേട്ടക്കാരൻ എന്നിവയുടെ റിലീസിങ് സമയത്തും വിജയ് നഗരത്തിൽ എത്തിയിരുന്നു.
ഇന്നലെ എൽഇഡി സ്ക്രീനുകളിൽ സത്യപ്രതിജ്ഞാച്ചടങ്ങ് തൽസമയം കണ്ടും മധുരം വിതരണം ചെയ്തും ടിവികെ കൊടികളുമായി പ്രകടനങ്ങൾ നടത്തിയും ആരാധകർ വിജയാഹ്ലാദം പങ്കിട്ടു.
വിജയ്യുടെ ഫ്ലെക്സ് ബോർഡുകളിൽ പാലഭിഷേകം നടത്തി. വിജയ് ചിത്രങ്ങളിലെ ഗാനങ്ങളുമായി നൃത്തം വച്ചും സത്യപ്രതിജ്ഞദിനം ഉത്സവമാക്കി.
പായസം, മധുര പലഹാര വിതരണവും നടത്തി. നഗരത്തിലെ ആരോരുമില്ലാത്ത അന്തേവാസികളുടെ കേന്ദ്രങ്ങളിൽ സദ്യയും മധുരവിതരണവും ഉണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

