ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധങ്ങളിൽ വിള്ളലുകൾ വീണുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ബംഗ്ലാദേശിലെ സുപ്രധാന തുറമുഖ പദ്ധതിയിൽ വൻ നിക്ഷേപവുമായി ചൈന രംഗത്ത്. ചൈന സന്ദർശിച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇതുമായി ബന്ധപ്പെട്ട
ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന മംഗള തുറമുഖത്ത് ഒരു പ്രത്യേക സാമ്പത്തിക മേഖല (സ്പെഷൽ ഇക്കണോമിക് സോൺ) സ്ഥാപിക്കാനാണ് കരാർ.
ഇന്ത്യയുടെ സഹകരണത്തോടെ ഈ പ്രദേശത്ത് സാമ്പത്തിക മേഖല നിർമിക്കുന്നതിനായി 2015-ൽ ബംഗ്ലാദേശ് സർക്കാർ ഭൂമി അനുവദിച്ചിരുന്നു. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ഇന്ത്യ ആരംഭിച്ചിരുന്നെങ്കിലും, മുഹമ്മദ് യൂനുസിന്റെ ഭരണകാലത്ത് സഹകരണം റദ്ദാക്കപ്പെടുകയായിരുന്നു.
തുടർന്ന് താരിഖ് റഹ്മാൻ അധികാരം ഏറ്റെടുത്തതോടെയാണ് പദ്ധതി ചൈനയുടെ നിയന്ത്രണത്തിലേക്ക് മാറിയത്. പതിനൊന്ന് ചൈനീസ് കമ്പനികൾ ചേർന്ന് ഏകദേശം 920 കോടി ഡോളറിന്റെ (ഏകദേശം 96,000 കോടി രൂപ) നിക്ഷേപമാണ് ഇവിടെ നടത്തുന്നത്.
ഇതിൽ 25 കോടി ഡോളർ നിക്ഷേപം നടത്തുന്നത് പെട്രോളിയം എൻജിനീയറിങ്, ഗ്യാസ് ഫീൽഡ് നിർമാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന ചൈന ഫ്യൂച്ചർ എനർജി ഗ്രൂപ്പ് ഹോൾഡിങ് ആണ്. എണ്ണപ്പാടങ്ങൾക്കായുള്ള പരീക്ഷണങ്ങൾക്കാണ് ഇത് വിനിയോഗിക്കുന്നത്.
കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ വേസ്റ്റ് ടു എനർജി കമ്പനികളിലൊന്നായ ഷാൻഹായ് എസ്യുഎസ് 89 കോടി ഡോളറും നിക്ഷേപിക്കുന്നു. മംഗള തുറമുഖത്തെ ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുന്നതിനായി ചൈനീസ് സർക്കാർ നിയന്ത്രണത്തിലുള്ള ചൈന സിവിൽ എൻജിനീയറിങ് കോർപറേഷൻ 65 കോടി ഡോളർ നിക്ഷേപിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഏകദേശം 50,000 പേർക്ക് ഈ പദ്ധതിയിലൂടെ തൊഴിലവസരങ്ങൾ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതിനു പുറമെ സർവകലാശാലകൾ, ഔഷധ നിർമാണ കേന്ദ്രം, ധാക്ക- ചിറ്റഗോങ് ഹൈവേ, ഫാക്ടറികൾ, വെയർ ഹൗസുകൾ എന്നിവയുടെ നിർമാണവും പദ്ധതിയുടെ ഭാഗമാണ്.
ബംഗ്ലാദേശിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ തുറമുഖമാണ് മംഗള. ഇന്ത്യൻ അതിർത്തിയിൽ നിന്ന് 188 കിലോമീറ്റർ മാത്രം അകലെയുള്ള ഈ തുറമുഖം രാജ്യസുരക്ഷയിലും വ്യാപാരത്തിലും ഇന്ത്യയ്ക്ക് നിർണായകമാണ്.
തുറമുഖ നിർമാണം പൂർത്തിയാകുന്നതോടെ ഇന്ത്യയുടെ നാവിക നീക്കങ്ങളെ നിരീക്ഷിക്കാൻ ചൈനീസ് സൈന്യത്തിന് അവസരമൊരുങ്ങുമോ എന്ന ആശങ്ക ശക്തമാണ്. ഔദ്യോഗിക കരാറിൽ സൈനിക സാന്നിധ്യത്തെക്കുറിച്ച് പരാമർശമില്ലെങ്കിലും, സിവിലിയൻ തുറമുഖങ്ങൾ ചൈന സൈനിക ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താറുണ്ട്.
ഇവിടെ 110 ഏക്കർ സ്ഥലം ചൈനയ്ക്ക് കൈമാറാനാണ് ബംഗ്ലാദേശിന്റെ നീക്കം. തായ്ലൻഡ്, വിയറ്റ്നാം, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ സമുദ്ര വ്യാപാര പാതയിൽ മംഗള തുറമുഖത്തിന് വലിയ പ്രാധാന്യമുണ്ട്.
അതേസമയം, ക്രൂഡോയിൽ ഇറക്കുമതിയുടെ 80 ശതമാനവും ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നടത്തുന്ന ചൈനയ്ക്കും ഈ തുറമുഖം തന്ത്രപ്രധാനമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

