പ്രധാനമന്ത്രി നരേന്ദ്ര മോദി
ഓഹരി വിപണിക്ക് കനത്ത അടിയായി. ഇറാൻ-യുഎസ് സംഘർഷം നീളുമെന്ന സൂചനകളും ക്രൂഡ് ഓയിൽ വിലക്കയറ്റവും സൃഷ്ടിച്ച ആഘാതത്തിന് പുറമേയാണ് മോദിയുടെ വാക്കുകളും വിപണിയിൽ ‘മുറിവേൽപ്പിച്ചത്’.
ജ്വല്ലറി ഓഹരികളായ ടൈറ്റൻ, കല്യാൺ ജ്വല്ലേഴ്സ്, സെൻകോ ഗോൾഡ്, സ്കൈ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, തങ്കമയിൽ ജ്വല്ലറി, പിസി ജ്വല്ലർ, ത്രിഭൊവൻദാസ് ഭീംജി ഝവേരി എന്നിവ 5 മുതൽ 9% വരെ ഇടിഞ്ഞാണ് വ്യാപാരം ചെയ്യുന്നത്.
ട്രാവൽ ആൻഡ് ടൂറിസം, പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ എന്നിവയുടെ ഓഹരികളും 7% വരെ വീണു.
ഇൻഡിഗോ, ബിപിസിഎൽ, ഇന്ത്യൻ ഹോട്ടൽസ്, എച്ച്പിസിഎൽ, ഇന്ത്യൻ ഓയിൽ, ലെമൺ ട്രീ തുടങ്ങിയവയാണ് ചുവന്നത്. കേരളം ആസ്ഥാനമായ കേന്ദ്ര വളം നിർമാണക്കമ്പനിയായ ഫാക്ടിന്റെ ഓഹരികൾ 1.88% താഴ്ന്നു.
എന്താണ് മോദി പറഞ്ഞത്?
പ്രധാനമായും 6 കാര്യങ്ങളാണ് മോദി ആഹ്വാനം ചെയ്തത്:
1) വർക്ക് ഫ്രം ഹോം: ഇന്ധന ഉപഭോഗം നിയന്ത്രിക്കാനായി പരമാവധി വർക്ക് ഫ്രം ഹോം നടപ്പാക്കുക.
2) യോഗം ഓൺലൈനിൽ: മീറ്റിങ്ങുകൾ പരമാവധി ഓൺലൈനാക്കുക.
3) പെട്രോളും ഡീസലും വാങ്ങുന്നത് കുറയ്ക്കുക: ഇറക്കുമതി ആശ്രയത്വം കുറയ്ക്കേണ്ടതുണ്ട്. ഇന്ധന ഉപഭോഗം പരമാവധി കുറയ്ക്കുക.
ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുക. 4) വിദേശയാത്ര ഒഴിവാക്കൂ: വിദേശനാണയ ശേഖരം സംരക്ഷിക്കണം.
അത്യാവശ്യമല്ലാത്ത വിദേശ യാത്രകൾ വേണ്ടെന്ന് വയ്ക്കൂ. 5) സ്വർണം അത്യാവശ്യത്തിന് മാത്രം: അത്യാവശ്യമുണ്ടെങ്കിൽ മാത്രം സ്വർണം വാങ്ങുക. സ്വർണം ഇറക്കുമതി കുറയ്ക്കേണ്ടത് അനിവാര്യമാണ്.
6) പൊതുഗതാഗതം പ്രയോജനപ്പെടുത്തുക: പൊതുഗതാഗത സംവിധാനം പരമാവധി ഉപയോഗിക്കുക. കാർ പൂളിങ് പ്രയോജനപ്പെടുത്താം.
ഒരേസ്ഥലത്തേക്ക് ഓരോരുത്തരും ഓരോ കാറിൽ പോകുന്നതിന് പകരം, പറ്റുമെങ്കിൽ ഒരുകാറിൽ പോകാൻ ശ്രമിക്കുക.
എന്തുകൊണ്ട് മോദി ഇങ്ങനെ പറയുന്നു?
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലും ഇന്ധനവില കൂടാനുള്ള സാധ്യത ഒരുങ്ങിയിട്ടുണ്ട്. ഹോർമുസ് പ്രതിസന്ധിയടക്കം ഇറക്കുമതി ശൃംഖലയിൽ തടസ്സങ്ങളും നിലനിൽക്കുന്നു.
സ്വർണം, വളം തുടങ്ങിയവയുടെയും ഇറക്കുമതി കൂടുന്നത് ഇന്ത്യയുടെ വിദേശനാണയ ശേഖരം ഇടിയാൻ കാരണമാകുന്നു. രൂപയുടെ മൂല്യവും താഴുന്നു.
ഈ പശ്ചാത്തലത്തിലാണ് മോദിയുടെ ആഹ്വാനം. ∙ മേയ് ഒന്നിന് അവസാനിച്ച ആഴ്ചയിൽ മാത്രം 779.4 കോടി ഡോളർ ഇടിഞ്ഞ് ഇന്ത്യയുടെ വിദേശ നാണയശേഖരം 69,069.3 കോടി ഡോളറിലെത്തി.
ഫെബ്രുവരിയിൽ 72,850 കോടി ഡോളർ എന്ന റെക്കോർഡിൽ എത്തിയശേഖരമാണ് സംഘർഷ പശ്ചാത്തലത്തിൽ ഇടിയുന്നത്. ∙ ഇന്ത്യൻ രൂപ ഡോളറിനെതിരെ ഇന്ന് വ്യാപാരത്തിനിടെ ഒരുവേള 40 പൈസയിലേറെ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും താഴ്ചയായ 95.17ൽ എത്തി.
ക്രൂഡ് ഓയിൽ വില വർധനയും സ്വർണം, ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവും ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപ ഇടിവുമാണ് രൂപയെ സമ്മർദത്തിലാക്കുന്നത്.
ഓഹരികളിൽ വൻ വീഴ്ച
സംഘർഷം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച നിർദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളിയിരുന്നു. പിന്നാലെ എണ്ണവില കുതിച്ചുയർന്നു.
ഇത് ഓഹരികൾക്ക് ഇന്ന് തിരിച്ചടിയായി. സെൻസെക്സ് 900 പോയിന്റ് (-1.12%) താഴ്ന്ന് 76,450 നിലവാരത്തിലാണ് ഉച്ചയോടെയുള്ളത്.
നിഫ്റ്റി 235 പോയിന്റ് (-1%) ഇടിഞ്ഞ് 23,939ലും.
∙ സെൻസെക്സിൽ സൺ ഫാർമ (+1.46%), ടിസിഎസ് (+0.74%), ഐസിഐസിഐ ബാങ്ക് (+0.50%), ഇൻഫോസിസ് (+0.49%), ആക്സിസ് ബാങ്ക് (+0.48%), കൊട്ടക് ബാങ്ക് (+0.25%), എച്ച്സിഎൽ ടെക് (+0.12%) എന്നിവ മാത്രമാണ് നേട്ടത്തിലുള്ളത്.
∙ ടൈറ്റൻ (-6.27%) നഷ്ടത്തിൽ ഒന്നാമതാണ്. ഇൻഡിഗോ (-4.92%) രണ്ടാമതും.
എസ്ബിഐ (-4.05%), ഭാരതി എയർടെൽ (-3.93%), സൊമാറ്റോ (-3.37%) എന്നിവ തൊട്ടുപിന്നാലെയുണ്ട്.
∙ വിശാല വിപണിയിൽ നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് 3.05% ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലെത്തി. നിഫ്റ്റി റിയൽറ്റി 2.28%, പൊതുമേഖലാ ബാങ്ക് 1.64%, ഓയിൽ ആൻഡ് ഗ്യാസ് 1.52% എന്നിങ്ങനെയും താഴ്ന്ന് വ്യാപാരം ചെയ്യുന്നു.
ഒറ്റമാസം: വിദേശത്ത് ചെലവിട്ടത് 22,000 കോടി രൂപ
കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം ഇന്ത്യക്കാർ വിദേശയാത്ര, പഠനം, ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനങ്ങൾ നൽകൽ, ചികിത്സ, നിക്ഷേപം, ഭൂ ആസ്തികൾ വാങ്ങൽ തുടങ്ങിയവയ്ക്കായി 22,000 കോടി രൂപ ചെലവിട്ടുവെന്ന് റിസർവ് ബാങ്കിന്റെ പ്രതിമാസ അവലോകന റിപ്പോർട്ടിലുണ്ട്.
ഇതിൽ 12,200 കോടിയും ചെലവിട്ടത് യാത്രയ്ക്കായാണ്.
ഒളിഞ്ഞിരിക്കുന്നത് വില കൂട്ടുമെന്ന സൂചനയാകാം: വിവേക് കൃഷ്ണ ഗോവിന്ദ്
അധികച്ചെലവുകൾ നിയന്ത്രിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതെന്ന് ടൈ കേരള പ്രസിഡന്റും വർമ ആൻഡ് വർമ ചാർട്ടേഡ് അക്കൗണ്ടന്റ്സ് സീനിയർ പാർട്ണറുമായ വിവേക് കൃഷ്ണ ഗോവിന്ദ് പറഞ്ഞു. ഇന്ധനവില ഉടൻ കൂട്ടുമെന്ന സൂചനയാകാം മോദിയുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത്.
ഇന്ധനവില കൂട്ടുന്നത് പണപ്പെരുപ്പത്തിന് ഇടയാക്കുമെന്നത് വസ്തുതയാണ്. പക്ഷേ, നിലവിലെ സാഹചര്യത്തിൽ വിലവർധനയുടെ ഒരുപങ്ക് എങ്കിലും ഉപഭോക്താക്കൾക്ക് കൈമാറാതെ എണ്ണവിതരണ കമ്പനികൾക്ക് പിടിച്ചുനിൽക്കാനാകുമെന്ന് കരുതുന്നില്ല.
തിരഞ്ഞെടുപ്പുകൾ കഴിഞ്ഞു. വാണിജ്യ എൽപിജി വില വർധിപ്പിച്ചു.
ഇനി പെട്രോൾ, ഡീസൽ വിലയും ഉടൻ കൂട്ടുമെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

