തിരുവനന്തപുരം ∙ തിരക്കു കൊണ്ടു വീർപ്പുമുട്ടുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ 439 കോടി രൂപയുടെ നവീകരണ പദ്ധതി പൂർത്തിയാകുമ്പോഴും ആവശ്യത്തിനു എസ്കലേറ്ററുകൾ ഉണ്ടാകില്ല. നവീകരണം കഴിയുമ്പോൾ പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചു അവയുടെ മുകളിലായി വരുന്ന കോൺകോഴ്സുകൾ വഴിയാണു യാത്രക്കാർ പ്ലാറ്റ്ഫോമിലേക്കു പോകേണ്ടതും പുറത്തേക്ക് ഇറങ്ങുന്നതും.
സ്റ്റേഷന്റെ മധ്യത്തിലായി വരുന്ന കോൺകോഴ്സിലാണു യാത്ര പോകേണ്ടവർ ഇരിക്കേണ്ടതെങ്കിൽ പുറത്തേക്കു ഇറങ്ങാനായി സ്റ്റേഷന്റെ രണ്ടറ്റത്തുമായാണു കോൺകോഴ്സുകൾ വരിക. എന്നാൽ ഈ കോൺകോഴ്സുകളിലേക്കു കയറാൻ ഓരോ എസ്കലേറ്ററും 2 ലിഫ്റ്റുകളും മാത്രമാണു സ്റ്റേഷൻ ഡിസൈനിൽ ഉള്ളത് തലസ്ഥാനത്തേക്കു വരുന്ന ട്രെയിനുകളിൽ നിന്നു 500 മുതൽ 1000 യാത്രക്കാരാണു ഒരേ സമയം പുറത്തേക്ക് ഇറങ്ങുന്നത്.
ഇപ്പോൾ തന്നെ ഒരു എസ്കലേറ്റർ തികയാത്ത സ്റ്റേഷനിൽ അടുത്ത 50 വർഷത്തേക്ക് എന്നു പറഞ്ഞു നടത്തുന്ന നവീകരണം കഴിയുമ്പോഴും ഫലത്തിൽ യാത്രക്കാർക്കു പുറത്തേക്ക് ഇറങ്ങാൻ 2 പ്ലാറ്റ്ഫോമുകൾക്ക് ഒരു എസ്കലേറ്റർ വീതമേ ഉണ്ടാകൂ.
കോൺകോഴ്സുകളുടെ നിർമാണം ആരംഭിച്ചിട്ടില്ലാത്തതിനാൽ ഇപ്പോൾ വേണമെങ്കിലും ഡിസൈനിൽ മാറ്റം വരുത്താൻ കഴിയുമെങ്കിലും ദക്ഷിണ റെയിൽവേ അതിനു തയാറാകുമോ എന്ന് വ്യക്തമല്ല. പ്രതിദിനം 70,000 യാത്രക്കാരാണു ഇപ്പോൾ സ്റ്റേഷൻ ഉപയോഗിക്കുന്നത്.
സ്റ്റേഷന്റെ മുന്നിലും പിറകിലും 10 നില കെട്ടിടങ്ങൾ നിർമിക്കുന്നതിനൊപ്പം യാത്രക്കാർക്ക് ആവശ്യത്തിന് എസ്കലേറ്ററുകളും ഗോവണികളും നിർമിച്ചില്ലെങ്കിൽ വലിയ അപകടമാണു ഭാവിയിൽ ഉണ്ടാകുക.
എസ്കലേറ്റർ അപകടം: കേസെടുക്കുന്നതിൽ ആശയക്കുഴപ്പം
തിരുവനന്തപുരം ∙ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്റർ അപകടത്തിൽ കാലിനു പൊട്ടലേറ്റ വിദ്യാർഥി അപർണ (22) നൽകിയ പരാതിയിൽ കേസ് എടുക്കുന്നതിൽ പൊലീസിന് ആശയക്കുഴപ്പം. പരാതിയിൽ ആർക്കെതിരെ കേസെടുക്കണമെന്ന കാര്യത്തിൽ പൊലീസിന് വ്യക്തതക്കുറവുണ്ട്.
എസ്കലേറ്റർ സ്ഥാപിച്ച കമ്പനിക്കു തന്നെയാണു വാർഷിക അറ്റകുറ്റപ്പണി കരാർ എന്നിരിക്കെ കമ്പനിക്കെതിരെ കേസ് എടുക്കാമെങ്കിലും നിയമോപദേശം തേടും എന്നാണു സൂചന. എസ്കലേറ്ററിന്റെ മേൽനോട്ടച്ചുമതല റെയിൽവേ ഇലക്ട്രിക്കൽ വിഭാഗത്തിനുമുണ്ട്.
അതേസമയം, തമ്പാനൂർ സ്റ്റേഷനിലെ പ്രധാന കവാടത്തിൽ യാത്രക്കാർക്കു പുറത്തേക്ക് ഇറങ്ങാൻ കൂടുതൽ വഴിയൊരുക്കി റെയിൽവേ.
ഇവിടെ പൊലീസ് എയ്ഡ് പോസ്റ്റിന്റെ സ്ഥാനം മാറ്റി. ലഗേജ് സ്കാനറിനു സമീപം തടസ്സമായി ഉണ്ടായിരുന്ന വസ്തുക്കൾ നീക്കി.
കൂടാതെ ഇൻഫർമേഷൻ കൗണ്ടറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും നിർദേശം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

