കൺമുന്നിൽ അപകടം വഴി മാറിപ്പോയതിനൊപ്പം, വലിയ ദുരന്തത്തിന് സാക്ഷിയായതിന്റെ ഷോക്കിലാണ് കവടിയാർ വാഹനാപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട എ.ആർ.കണ്ണൻ.
കവടിയാർ കുറവൻകോണം റോഡിലെ ഹീരാ ഗ്രേസ് ഫ്ലാറ്റിലെ താമസക്കാരനും സിനിമാ നിർമാതാവും പ്രൊഡക്ഷൻ എക്സിക്യൂട്ടീവുമാണ് കണ്ണൻ. ‘രാവിലെ 10.20 കഴിഞ്ഞ് ഫ്ലാറ്റിൽ നിന്ന് കുറവൻകോണത്തെ ബാങ്കിലേക്ക് പോകാൻ ഇറങ്ങിയപ്പോൾ കുറവൻകോണത്തു നിന്ന് ഒരു കാർ അമിതവേഗത്തിൽ വരുന്നതു കണ്ടു.
പന്തികേട് തോന്നി കൈ ഉയർത്തി ഡ്രൈവറോട് വേഗം കുറയ്ക്കാൻ ആവശ്യപ്പെടുന്നതിനിടെ കാർ നടപ്പാതയിലേക്ക് ഇരച്ചു കയറി. പെട്ടെന്നുണ്ടായ പ്രേരണയിൽ താൻ വലതു വശത്തേക്ക് ഓടി മാറി.
അതേസമയം പുറകിൽ നിന്ന് നിലവിളി ഉയർന്നു. തിരഞ്ഞു നോക്കുമ്പോൾ തനിക്ക് പുറകിലൂടെ നടന്നു വന്ന മൂന്ന് പേർ ചോരയിൽ കുളിച്ച് വീണുകിടക്കുന്നതാണ് കണ്ടത്. പരുക്കേറ്റ് കിടന്നവരെ ആശുപത്രിയിൽ എത്തിക്കാൻ ആരും വാഹനം നിർത്തിയില്ല. ഏതാണ്ട് 20 മിനിറ്റ് നഷ്ടമായി.
അതിനിടയിൽ ആരെങ്കിലും വണ്ടി നിർത്തി ആ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു ’– കണ്ണൻ വേദനയോടെ പറയുന്നു. ആശുപത്രിയിലെത്തിച്ചത് സന്ദീപ് വാചസ്പതിയുടെ കാറിൽ
തിരുവനന്തപുരം ∙ കവടിയാറിൽ കാർ നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ പരുക്കേറ്റ നൗഷിജയെ ആശുപത്രിയിൽ എത്തിച്ചത് അതുവഴി വന്ന ബിജെപി നേതാവും തിരഞ്ഞെടുപ്പിൽ ഹരിപ്പാട്ടെ സ്ഥാനാർഥിയുമായിരുന്ന സന്ദീപ് വാചസ്പതിയുടെ വാഹനത്തിൽ.
അനിയന്റെ വീട്ടിലേക്ക് പോകാനായി സൺ ഹോംസ് ഓഫിസിനു മുന്നിൽ എത്തിയപ്പോൾ ഗതാഗതക്കുരുക്കിൽപ്പെട്ടു കാറിൽ ഇരിക്കുമ്പോഴാണ് അപകടം അറിഞ്ഞത്. ഉടൻ സന്ദീപ് അപകടസ്ഥലത്തേക്ക് നടന്നു.
ഈസമയം പെൺകുട്ടി ഉൾപ്പെടെ പരുക്കേറ്റവർ റോഡിൽ കിടക്കുകയായിരുന്നു. പൊലീസ് എത്തിയിരുന്നില്ല.
അപകടം നടന്ന് 15 മിനിറ്റിലധികം കഴിഞ്ഞിരുന്നു. പരുക്കേറ്റവരെ തന്റെ കാറിലേക്ക് കയറ്റാൻ സന്ദീപ് ആവശ്യപ്പെട്ടതിനെത്തുടർന്ന് നൗഷിജയെ കാറിൽ കയറ്റി.
വളരെ വേഗത്തിൽ പെൺകുട്ടിയെ പട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നടപ്പാത അപകടകരം
സുരക്ഷാ വേലിയില്ലാത്ത നടപ്പാതയിലൂടെ നടക്കുന്നതിനിടയിലാണ് കവടിയാറിൽ നവവധു കാറിടിച്ചു മരിച്ചത്. കവടിയാറിൽ നിന്ന് കുറവൻകോണത്തേക്ക് പോകുന്ന റോഡിൽ അപകടം നടന്ന ഭാഗത്ത് ഇരുവശത്തും ഇരുമ്പു വേലിയില്ല.
സുരക്ഷാവേലിയുണ്ടായിരുന്നെങ്കിൽ അപകടത്തിന്റെ വ്യാപ്തി കുറഞ്ഞേനെ. നടപ്പാതയും റോഡും തമ്മിൽ ഉയരവ്യത്യാസവുമില്ല.
അടിയന്തരമായി സുരക്ഷാ വേലി സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നു.
മണിക്കൂറുകൾ ഗതാഗതതടസ്സം
കവടിയാർ – കുറവൻകോണം റോഡിൽ അപകടത്തെ തുടർന്ന് രണ്ടര മണിക്കൂറോളം പ്രദേശത്ത് ഗതാഗതം താറുമാറായി. വാഹനങ്ങൾ വഴി തിരിച്ചു വിട്ടതിനാൽ കവടിയാറിലും മറ്റു റോഡുകളിലും ഓഫിസ് സമയത്ത് അപ്രതീക്ഷിത കുരുക്ക് ഉണ്ടായി. പരുക്കേറ്റവരെ ഉടനടി ആശുപത്രിയിൽ എത്തിക്കാൻ ആരും തയാറായില്ലെന്ന് ആക്ഷേപമുണ്ട്. വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിക്കാൻ തയാറായവർക്ക് തിരക്കിൽ വണ്ടിയെടുക്കാൻ സാധിക്കാത്ത സ്ഥിതിയുമുണ്ടായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

