തിരുവനന്തപുരം ∙ തമിഴ്നാട്ടിലും കേരളത്തിലും സർക്കാർ രൂപീകരണ നീക്കം ഒരേസമയം നടക്കുമ്പോൾ രണ്ടിടത്തും പ്രധാന റോളിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ. കേരള ഗവർണറായ ആർലേക്കറിനു മാർച്ച് ആദ്യമാണു തമിഴ്നാടിന്റെ കൂടി ചുമതല നൽകിയത്.
തമിഴ്നാട്ടിൽ ഒരു മുന്നണിക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഭരണത്തിലേറാനുള്ള അന്തർനാടകങ്ങൾ അരങ്ങേറുമ്പോൾ ശ്രദ്ധാകേന്ദ്രമാണു ഗവർണർ. കേരളത്തിൽ മികച്ച ഭൂരിപക്ഷം യുഡിഎഫിനു ലഭിച്ചതിനാൽ ഇവിടെ അദ്ദേഹത്തിനു തലവേദനയില്ല.
ബിഹാർ ഗവർണറായിരിക്കെയാണ്, ആരിഫ് മുഹമ്മദ് ഖാനുശേഷം ആർലേക്കർ കേരള ഗവർണറാകുന്നത്.
മാർച്ചിൽ അപ്രതീക്ഷിതമായി തമിഴ്നാടിന്റെ ചുമതല ലഭിച്ചു. മൃദുസ്വഭാവവും മിതഭാഷണവുമാണു മുഖമുദ്രയെങ്കിലും നിലപാടുകളിൽ കർക്കശക്കാരനാണ്.
തമിഴ്നാട് ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ ആ കാർക്കശ്യം തമിഴ്നാട്ടിലെ രാഷ്ട്രീയ നേതൃത്വം അറിഞ്ഞതാണ്. ചടങ്ങിനു മുൻപും പിൻപും വന്ദേമാതരം ആലപിക്കണമെന്നു ഗവർണർ നിർബന്ധം പിടിച്ചതു തമിഴ്നാട്ടിൽ വലിയ ചർച്ചയായിരുന്നു.
108 സീറ്റ് ലഭിച്ച ടിവികെ, സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചപ്പോൾ ഭൂരിപക്ഷം ഉറപ്പിക്കാൻ എംഎൽഎമാരുടെ കത്തു നൽകൂവെന്ന് ആർലേക്കർ നിർബന്ധം പിടിച്ചു. ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷത്തിനുള്ള പിന്തുണ ലഭിച്ചിട്ടും കോൺഗ്രസിനു സർക്കാരുണ്ടാക്കാൻ കഴിയാതെ പോവുകയും ബിജെപി സർക്കാരുണ്ടാക്കുകയും ചെയ്ത ഘട്ടത്തിൽ അവിടെ ബിജെപിയുടെ പ്രധാന നേതാവായിരുന്നു ആർലേക്കർ.
തമിഴ്നാടിന്റെ ചുമതല ലഭിച്ചെങ്കിലും ആവശ്യമുള്ളപ്പോൾ മാത്രമായിരുന്നു ഗവർണറുടെ തമിഴ്നാട് യാത്രകൾ.
അവിടെ തിരഞ്ഞെടുപ്പുഫലം വന്നപ്പോൾ കേരളത്തിലായിരുന്നു അദ്ദേഹം. കേരള മുഖ്യമന്ത്രിയുടെ രാജി ചീഫ് സെക്രട്ടറി വഴി എത്തിക്കുമ്പോൾ വാങ്ങാൻ ഗവർണർ ഇവിടെയുണ്ടായിരുന്നു; തമിഴ്നാട് മുഖ്യമന്ത്രിയുടെ രാജിക്കത്ത് വാങ്ങാൻ ഉണ്ടായിരുന്നുമില്ല.
എന്നാൽ കഴിഞ്ഞ മൂന്നു ദിവസമായി അദ്ദേഹം തമിഴ്നാട്ടിൽ തുടരുകയാണ്. ഇതിനിടയിൽ കേരളത്തിലെ കാര്യങ്ങൾ എന്തായെന്ന് അന്വേഷിക്കുന്നുമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

