ഹോർമുസിൽ ഇറാനും യുഎസും തമ്മിലുണ്ടായ ഏറ്റുമുട്ടൽ രാജ്യാന്തര തലത്തിൽ തിരിച്ചടിയാകുന്നു. വെടിനിർത്തൽ കരാറിനിടെയുണ്ടായ അനിഷ്ട
സംഭവങ്ങൾ സമാധാന ശ്രമങ്ങൾക്ക് ഭീഷണിയാകുമെന്ന ആശങ്കയിലാണ് നിക്ഷേപകർ. ആദ്യം വെടിവച്ചത് മറുകൂട്ടരാണെന്നും പ്രതിരോധ നടപടിയുടെ ഭാഗമായി തിരിച്ചടിച്ചെന്നുമാണ് ഇരുവിഭാഗവും അവകാശപ്പെടുന്നത്.
ഹോർമുസിലൂടെ പോയ മൂന്ന് യുദ്ധക്കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായെന്നും എന്നാൽ ഇവയ്ക്ക് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു.
ഇറാനുമായുള്ള വെടിനിർത്തൽ നിലനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് സൈന്യം ആക്രമിച്ചെന്നും അതിനെതിരെ തിരിച്ചടിച്ചെന്നുമാണ് ഇറാന്റെ വാദം.ഏറ്റുമുട്ടൽ ഹോർമുസിൽ കൂടുതൽ തടസങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ഉയർന്നു.
ഏഷ്യൻ വിപണികൾ നഷ്ടത്തിലായി. ഇന്ത്യൻ ഓഹരി വിപണിയിലേക്കും ഇടിവ് ബാധിക്കാൻ സാധ്യതയെന്നും ആദ്യ സൂചനകൾ.
10 ശതമാനം താരിഫിനും വെട്ട്
രാജ്യാന്തര തലത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ 10 ശതമാനം തീരുവയും നിയമവിരുദ്ധമാണെന്ന് യുഎസ് ഫെഡറൽ കോടതി.
നേരത്തെ ട്രംപിന്റെ പ്രതികാര തീരുവ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അടിയന്തര അധികാരങ്ങൾ ഉപയോഗിച്ച് ട്രംപ് 10 ശതമാനം തീരുവ ചുമത്തിയത്.
ഇതിനെതിരെ യുഎസിലെ ചെറുകിട ബിസിനസുകൾ കോടതിയെ സമീപിച്ചു.
യുഎസ് കോൺഗ്രസ് പ്രസിഡന്റിന് നൽകിയ അധികാരങ്ങൾ അദ്ദേഹം ദുരുപയോഗം ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ വിപണിയിലേക്കും നഷ്ടം
ഇന്ത്യൻ ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ വ്യാപാരം തുടങ്ങാൻ സാധ്യത. രാജ്യാന്തര വിപണികളിലെ തകർച്ചയും വീണ്ടും യുഎസ് – ഇറാൻ സംഘർഷം ഉണ്ടായതുമാണ് വിപണിക്ക് തിരിച്ചടിയാകുന്നത്.
ഇന്നലെ യുഎസ് ഓഹരി വിപണി നഷ്ടത്തിലായിരുന്നു. ഇന്ന് ഏഷ്യൻ വിപണികളും ഇടിവിലാണ്.
∙കഴിഞ്ഞ ദിവസം ഇന്ത്യൻ ഓഹരി വിപണി നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
തുടക്കം മുതൽ ചാഞ്ചാട്ടത്തിലായ വിപണി ഉച്ചയോടെ നേട്ടത്തിലേക്ക് മാറിയെങ്കിലും കനത്ത ലാഭമെടുപ്പ് ചുവപ്പിലേക്ക് നയിക്കുകയായിരുന്നു.
∙സെൻസെക്സ് 114 പോയിന്റ് നഷ്ടത്തിൽ 77,844.52ലെത്തി. നിഫ്റ്റിയാകട്ടെ കേവലം 4.30 പോയിന്റ് മാത്രം ഇടിവിൽ 24,326.65ലും വ്യാപാരം അവസാനിപ്പിച്ചു.
∙പ്രതിരോധ, ഓട്ടോ, ഊർജ മേഖലകളിലെ ഓഹരികൾ മികച്ച മുന്നേറ്റം നടത്തിയപ്പോൾ ഐടി, എഫ്എംസിജി ഓഹരികളിൽ വിൽപന സമ്മർദം പ്രകടമായിരുന്നു.
∙മുഖ്യസൂചികകൾ നഷ്ടത്തിലായെങ്കിലും വിശാല വിപണി മികച്ച നേട്ടമുണ്ടാക്കി.
മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനത്തോളം ഉയർന്നു.
∙ഇന്നലെ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിലെ അറ്റ വാങ്ങലുകാരായി. 268.29 കോടി രൂപയുടെ അറ്റവാങ്ങലാണ് വിദേശ നിക്ഷേപകർ നടത്തിയത്.
പ്രാദേശിക നിക്ഷേപകർ പക്ഷേ 9.58 കോടിരൂപയുടെ അറ്റ വിൽപന നടത്തി.
∙യുഎസ് ഇറാൻ സൈന്യങ്ങൾ തമ്മിൽ സംഘർഷമുണ്ടായെന്ന വാർത്തകളാണ് ഇന്ന് വിപണിക്ക് തിരിച്ചടിയാകുന്നത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുകയാണ്.
ഇത് ഗിഫ്റ്റ് നിഫ്റ്റിയിലും ചാഞ്ചാട്ടമുണ്ടാക്കി. ഇന്നലത്തെ ക്ലോസിങ്ങിനേക്കാൾ താഴ്ന്നാണ് ഗിഫ്റ്റ് നിഫ്റ്റി മുന്നോട്ടു പോകുന്നത്.
ഇതോടെ ഇന്ന് വിപണി നഷ്ടത്തിൽ വ്യാപാരം തുടങ്ങുമെന്നാണ് സൂചന.
∙ഏഷ്യൻ വിപണി
ഇന്നലെ റെക്കോർഡിട്ട ജപ്പാനിലെ നിക്കെയ് സൂചിക അടക്കം ഏഷ്യൻ വിപണികളെല്ലാം ഇന്ന് നഷ്ടത്തിലാണ്.
നിക്കെയ് സൂചിക 0.7 ശതമാനം നഷ്ടത്തിലായി. ദക്ഷിണ കൊറിയൻ കോസ്പി സൂചികയും ഹോങ്കോങ് സൂചികയും ഒരു ശതമാനത്തോളം ഇടിഞ്ഞു.
ഷാൻഹായ് സൂചിക 0.2 ശതമാനവും താഴ്ന്നാണ് വ്യാപാരം നടക്കുന്നത്.
∙യുഎസ് ഇറാൻ സമാധാന ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും പരിഹാരമെത്താത്തത് അമേരിക്കൻ ഓഹരി വിപണിയെയും ഇന്നലെ നഷ്ടത്തിലാക്കി. ഡോ സൂചിക 0.63 ശതമാനവും എസ് ആൻഡ് പി 0.38 ശതമാനവും നഷ്ടത്തിലായി.
നാസ്ഡാക് 0.13 ശതമാനവും ഇടിഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസത്തെ മികച്ച മുന്നേറ്റത്തിന് ശേഷമാണ് വിപണി ഇടിവിലേക്ക് മാറിയതെന്നതും ശ്രദ്ധേയം.
ഇന്ന് പുറത്തുവരുന്ന തൊഴിൽ കണക്കുകൾ നിർണായകമാകും.
∙ക്രൂഡ് ഓയിൽ വീണ്ടും കുതിക്കുന്നു
ഏപ്രിലിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നശേഷമുണ്ടായ ഏറ്റവും ഗുരുതര സാഹചര്യമാണ് ഹോർമുസിൽ ഉണ്ടായിരിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. ഇതോടെ ക്രൂഡ് ഓയിൽ വില വീണ്ടും കുതിച്ചു.
ബ്രെന്റ് ക്രൂഡ് രണ്ടു ശതമാനത്തോളം കയറി 102 ഡോളറിലേക്ക് എത്തി. ഡബ്ല്യൂടിഐ, മർബൻ ക്രൂഡ് ബാരലിന് 96 ഡോളറിലാണ്.
സംഘർഷം കൂടുതൽ വ്യാപിക്കാത്തതും വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയതുമാണ് വില പരിധിവിട്ടു കുതിക്കാത്തതിന് കാരണം.
∙സ്വർണവും മുന്നോട്ട്
പതിവിന് വിപരീതമായി സ്വർണവും മുന്നോട്ടാണ്. രാജ്യാന്തര വിപണിയിൽ ഒരു ശതമാനത്തോളം കയറി ഔൺസിന് 4721 ഡോളറെന്ന നിലയിലാണ് സ്വർണം.
4732 ഡോളറെന്ന നിലയിലേക്ക് ഉയരുകയും 4683ലേക്ക് താഴുകയും ചെയ്തിരുന്നു. കേരളത്തിൽ ഇന്നലെ ഗ്രാമിന് 80 രൂപ വർധിച്ച സ്വർണവില 14,025 രൂപയിൽ എത്തിയിരുന്നു.
ഇന്നും വില മാറാനാണ് സാധ്യത. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

