പത്തനംതിട്ട∙ ഹാട്രിക് വിജയം ലക്ഷ്യമിട്ട് ആറന്മുള മണ്ഡലത്തിൽ മത്സരിച്ച മന്ത്രി വീണാ ജോർജിനു ദയനീയ തോൽവി. കഴിഞ്ഞ തവണ 19,003 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മന്ത്രി ഇത്തവണ കന്നി മത്സരത്തിന് ഇറങ്ങിയ യുഡിഎഫിലെ അബിൻ വർക്കി കോടിയാട്ടിനോട്ടു 18,985 വോട്ടിനു പരാജയപ്പെട്ടു.
കഴിഞ്ഞ വർഷം വീണാ ജോർജ് നേടിയ ഭൂരിപക്ഷത്തേക്കാൾ വെറും 18 വോട്ടിന്റെ കുറവ് മാത്രമേ യുഡിഎഫിനുള്ളു.
പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയപ്പോൾ തന്നെ അബിൻ വർക്കി ലീഡ് ഉറപ്പിച്ചു.
ഒരു റൗണ്ടിൽ പോലും പിന്നീട് മുൻപിലെത്താൻ മന്ത്രിയ്ക്കു കഴിഞ്ഞില്ല. ഒരു പഞ്ചായത്തിൽ പോലും ലീഡ് നിലനിർത്താനും കഴിഞ്ഞില്ല.
സംസ്ഥാന സർക്കാരിനെതിരെ ഈ തിരഞ്ഞെടുപ്പിൽ ആരോഗ്യ വകുപ്പിന്റെ വീഴ്ചകളാണു യുഡിഎഫ് സംസ്ഥാനത്ത് പ്രധാന രാഷ്ട്രീയായുധമാക്കിയത്.
∙
‘ആരോഗ്യം’ വിനയായി
ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളും മണ്ഡലത്തിലെ വികസന മുരടിച്ചയും ഉയർത്തിക്കാട്ടിയാണു യുഡിഎഫ് സ്ഥാനാർഥിയും മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. അബിൻ വർക്കി പ്രചാരണം ആരംഭിച്ചതു തന്നെ വേറിട്ട
രീതിയിലായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ഗുരുതരപിഴവിനിരയായ ഉഷ ജോസഫിന്റെ കുടുംബമാണ് അബിനു കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്.
ആരോഗ്യവകുപ്പിന്റെ വീഴ്ചകൾ മന്ത്രിക്കെതിരെയുള്ള ശക്തമായ പ്രചാരണ ആയുധമാക്കാനും യുഡിഎഫിനു കഴിഞ്ഞു.
യൂത്ത് കോൺഗ്രസ് നേതാവായ അബിൻ വർക്കിയിലൂടെ യുവാക്കളുടെയും ഭരണവിരുദ്ധ വികാരമുള്ളവരുടെയും വോട്ടുകൾ സമാഹരിക്കാൻ കോൺഗ്രസിനു കഴിഞ്ഞു. മുതിർന്ന നേതാവും മിസോറം മുൻ ഗവർണറുമായ കുമ്മനം രാജശേഖരനെ തന്നെ കളത്തിലിറക്കിയതോടെ മണ്ഡലത്തിൽ ത്രികോണ മത്സരമായിരുന്നു ഇത്തവണ.
ആശാവർക്കർമാരും മണ്ഡലത്തിൽ യുഡിഎഫിനു വേണ്ടി പ്രചാരണത്തിനു ഇറങ്ങിയിരുന്നു. വെയിലും മഴയും കൊണ്ട് ആശാപ്രവർത്തകർ സെക്രട്ടേറിയറ്റിനു മുൻപിൽ നടത്തിയ 266 ദിവസം നീണ്ട
സമരം ഒത്തു തീർപ്പാക്കാൻ മന്ത്രിക്കു കഴിയാതെപോയതും തിരിച്ചടിയായെന്നാണു ഫലം സൂചിപ്പിക്കുന്നത്.
∙
കെഎസ്യു പ്രവർത്തകരും പ്രചാരണത്തിന്
തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ആശമാർ വീണാ ജോർജിനെതിരെ ‘വോട്ട് വേണ്ട’ പ്രചാരണവുമായി മണ്ഡലത്തിൽ എത്തിയിരുന്നു. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി തേടുന്ന ഹർഷിനയും മണ്ഡലത്തിൽ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തി.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കെതിരെ കരിങ്കൊടിയുമായി പ്രതിഷേധിക്കാൻ എത്തിയ കെഎസ് യു പ്രവർത്തകർക്കെതിരെ വധശ്രമത്തിനു കേസെടുത്തതും തിരിച്ചടിയായി. മന്ത്രിയെ ഐസിയുവിൽ പ്രവേശിപ്പിച്ചതും അടുത്ത ദിവസം രാവിലെ തന്നെ ആശുപത്രി വിട്ടതുമൊക്കെ വിവാദമായിരുന്നു.
കണ്ണൂരിലെ പ്രതിഷേധത്തെ തുടർന്നു ജയിലിലായ കെഎസ് യു പ്രവർത്തകരും മന്ത്രിക്കെതിരെ പ്രചാരണത്തിനു മണ്ഡലത്തിൽ എത്തിയിരുന്നു.
∙ ഉദ്ഘാടന മഹാമഹം
കോഴഞ്ചേരി പാലം, അബാൻ മേൽപ്പാലം, ജില്ലാ ആശുപത്രി, ജനറൽ ആശുപത്രി, സ്റ്റേഡിയം തുടങ്ങി മണ്ഡല വികസനത്തിനായി ആരംഭിച്ച പണികളും പൂർത്തിയാക്കാൻ വീണാ ജോർജിനു കഴിഞ്ഞില്ല.
പണി പൂർത്തിയാക്കാതെ തിരഞ്ഞെടുപ്പ് മുൻപിൽ കണ്ട് ചില പദ്ധതികളുടെ ഉദ്ഘാടനം നടത്തിയതും വിവാദമായിരുന്നു. ജില്ലാ ആശുപത്രിയുടെ ഒപി ആൻഡ് ഡയഗ്നോസ്റ്റിക് ബ്ലോക്കിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല.
പത്തനംതിട്ട
ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിന്റെയും ഒപി വിഭാഗത്തിന്റെയും കെട്ടിടങ്ങളും നിർമാണം പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തി. കോഴഞ്ചേരി പാലം ഉദ്ഘാടനമെന്നു പറഞ്ഞ് പരസ്യം ചെയ്തെങ്കിലും കോൺഗ്രസ് പ്രതിഷേധിച്ചതോടെ അപ്രോച്ച് റോഡ് ഉദ്ഘാടനം എന്നു മാറ്റിയും ചടങ്ങ് നടത്തി.
പാലത്തിന്റെ പണിയും തുടരുകയാണ്. ജില്ലാ സ്റ്റേഡിയത്തിന്റെ പണിയും എങ്ങുമെത്താതെ നീളുകയാണ്.
ഇതെല്ലാം യുഡിഎഫ് രാഷ്ട്രീയായുധമാക്കി.മുൻപ് കോൺഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന ആറന്മുളയിൽ കെ.ശിവദാസൻ നായരെ അട്ടിമറിച്ചാണ് വീണ ജോർജ് കരുത്ത് തെളിയിച്ചത്. 1991 ന് ശേഷം മുപ്പത് വർഷത്തിനിടെ ഒരു മുന്നണിയ്ക്കും ജയത്തുടർച്ച നൽകാത്ത മണ്ഡലത്തിന്റെ ചരിത്രം തിരുത്തിയ വീണ ജോർജിനു ഇത്തവണ മണ്ഡലത്തിൽ അടിപതറി
കെ.കെ.ഹർഷിന കുറിച്ചു; ഇതാ ജനവിധിയുടെ പ്രഹരം
കോഴിക്കോട് ∙ ‘അധികാരത്തിന്റെ ഗർവിലും അഹങ്കാരത്തിലും അടിച്ചമർത്തപ്പെട്ടവന്റെ വേദന കാണാതെ പോയവർക്ക് ഇതാ ജനവിധിയുടെ പ്രഹരം’ എന്നു വീണാ ജോർജിന്റെ ഫോട്ടോ സഹിതം കെ.കെ.ഹർഷിന ഫെയ്സ്ബുക്കിൽ കുറിച്ചു.
നീതി തേടി അലഞ്ഞവളെ അവഗണിച്ചവർക്കും പരിഹസിച്ചവർക്കും മുന്നിൽ കാലം കാത്തുവച്ച വിധിനിർണയമാണിത്. അധികാരക്കസേരകൾ ശാശ്വതമല്ലെന്ന് ഈ ജനവിധി തെളിയിക്കുന്നു.
മനുഷ്യത്വം മറന്നവർക്കുള്ള നീതിയുടെ മറുപടിയാണെന്നും കുറിപ്പിൽ തുടർന്നു. ഇടതു സർക്കാരിന്റെ നീതി നിഷേധത്തിനെതിരെ വീണാ ജോർജ് മത്സരിച്ച ആറന്മുളയിൽ ഉൾപ്പെടെ ഹർഷിന യുഡിഎഫിനായി പ്രചാരണം നടത്തിയിരുന്നു..
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

