പാലാ: കേരള നിയമസഭയിൽ രാജ്യസഭാ മാതൃകയിൽ ‘അപ്പർ ഹൗസ്’ (നിയമനിർമ്മാണ കൗൺസിൽ) രൂപീകരിക്കണമെന്നും നോമിനേറ്റഡ് അംഗങ്ങളെ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പാലാ നഗരസഭയിൽ പ്രമേയം. 14-ാം വാർഡ് കൗൺസിലർ അഡ്വ.
ബിനു പുളിക്കകണ്ടം ആണ് പ്രമേയം അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജനവിധി തേടി വിജയിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ള പ്രമുഖ നേതാക്കളെയും വിവിധ മേഖലകളിലെ വിദഗ്ധരെയും നിയമനിർമ്മാണ പ്രക്രിയയുടെ ഭാഗമാക്കാൻ ഇത്തരം ഒരു സംവിധാനം അനിവാര്യമാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.
കേന്ദ്രത്തിൽ രാജ്യസഭ നിലനിൽക്കുന്നതുപോലെ കേരളത്തിലും ഉപരിസഭ വേണം. വലിയ സംസ്ഥാനങ്ങളിൽ നിലവിലുള്ള ഈ സംവിധാനം കേരളം പോലുള്ള ചെറിയ സംസ്ഥാനങ്ങൾക്കും ലഭ്യമാക്കുന്നത് ഫെഡറൽ സംവിധാനത്തെ കൂടുതൽ ശക്തിപ്പെടുത്തും.
ജനപ്രീതിയോ ജനങ്ങളുമായി നേരിട്ടുള്ള ബന്ധമോ ഇല്ലാത്ത, എന്നാൽ രാഷ്ട്രീയ പാരമ്പര്യത്തിന്റെയോ പിതൃത്വത്തിന്റെയോ പേരിൽ മാത്രം രംഗത്തുള്ള ചില ‘അഭിനവ നേതാക്കൾക്ക്’ സഭയിലെത്താനുള്ള ഏക വഴി ഇതാണെന്ന് പ്രമേയത്തിൽ പരിഹാസരൂപേണ പരാമർശിക്കുന്നുണ്ട്. പാലായിൽ വീണ്ടും തോൽവിയറിഞ്ഞ കേരള കോണ്ഗ്രസ് എമ്മിന്റെ ജോസ് കെ മാണിയെ പരിഹസിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് പ്രമേയമെന്ന് വ്യക്തം.
ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ആവശ്യമായ നിയമനിർമ്മാണം നടത്താൻ കേന്ദ്ര സർക്കാരിനോട് നഗരസഭ ഈ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്നലെ ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ് പ്രമേയത്തിന് പിന്തുണ തേടിയത്.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ ചർച്ചകൾക്ക് വഴിതുറക്കാവുന്ന ഒന്നാണ് പാലാ നഗരസഭയിൽ ഉയർന്ന ഈ ആവശ്യം. പ്രമേയം നഗരസഭയിൽ പാസായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

