ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തിൽ നാടകീയമായ കൂട്ടുകെട്ടുകൾക്ക് കളമൊരുങ്ങുന്നു. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ നടൻ വിജയ്യുടെ തമിഴക വെട്രി കഴകത്തിന് കോൺഗ്രസ് പിന്തുണ നൽകുമെന്ന വാര്ത്തകൾക്കിടെ സഖ്യകക്ഷിയായ ഡിഎംകെ പരസ്യമായി രംഗത്തെത്തി.
കോൺഗ്രസ് ‘പിന്നിൽ നിന്ന് കുത്തുന്ന’ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ ആരോപിച്ചു. ഡിഎംകെയുമായി സഖ്യമുള്ളതിനാലാണ് ഇത്തവണ കോൺഗ്രസിന് അഞ്ച് സീറ്റുകളിലെങ്കിലും വിജയിക്കാൻ കഴിഞ്ഞതെന്നും ഒറ്റയ്ക്ക് മത്സരിച്ചിരുന്നെങ്കിൽ സംപൂജ്യരാകുമായിരുന്നുവെന്നും ശരവണൻ തുറന്നടിച്ചു.
വിജയ്യുടെ പാർട്ടിക്ക് ബിജെപിയുമായി രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച അദ്ദേഹം, ബിജെപിയെയോ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ വിമർശിക്കാൻ വിജയ് ഇതുവരെ തയ്യാറായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തന്നെ പിന്തുണച്ച ജനങ്ങളേക്കാൾ ഉപരിയായി പ്രധാനമന്ത്രി മോദിക്കാണ് വിജയ് നന്ദി രേഖപ്പെടുത്തിയത്.
ഇങ്ങനെയൊരാളെ രാഹുൽ ഗാന്ധി പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയ ടിവികെക്ക് ഭൂരിപക്ഷത്തിന് വെറും 11 സീറ്റുകളുടെ കുറവ് മാത്രമാണുള്ളത്.
പുറത്തുനിന്നുള്ള പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ വിജയ് ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. അധികാര വികേന്ദ്രീകരണത്തെച്ചൊല്ലി തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസും ഡിഎംകെയും തമ്മിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.
ഇപ്പോൾ വിജയ്യുടെ സഖ്യവാഗ്ദാനം ചർച്ച ചെയ്യാൻ കോൺഗ്രസ് നേതൃത്വം സംസ്ഥാന നേതാക്കൾക്ക് നിർദ്ദേശം നൽകിയതാണ് ഡിഎംകെയെ ചൊടിപ്പിച്ചത്. പതിറ്റാണ്ടുകൾ നീണ്ട
ഡിഎംകെ-കോൺഗ്രസ് ബന്ധം ഇതോടെ അവസാനിക്കുമോ എന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണെന്നായിരുന്നു ശരവണന്റെ മറുപടി. തമിഴക രാഷ്ട്രീയത്തിൽ നിർണ്ണായകമായ ഒരു മാറ്റത്തിന്റെ സൂചനയാണ് ഈ വാക്പോര് നൽകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

