വിതുര ∙ ‘‘ഇവിടെ പ്രഭാതങ്ങൾ അതി മനോഹരമാണ്. മഞ്ഞും മേഘക്കൂട്ടവും സുവർണ ശോഭയിൽ ഉദിച്ചുയരുന്ന സൂര്യനും കാഴ്ചയുടെ വിരുന്നൊരുക്കുന്നു…’’ തൊളിക്കോട് പഞ്ചായത്തിലെ ചിറ്റീപ്പാറയെ കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ ഇത്രയേയുള്ളൂ.
പക്ഷേ ആ സൂര്യോദയം ഒരു ഒന്നൊന്നര കാഴ്ചയാണ്. നഗരത്തിൽ നിന്ന് 30 കിലോ മീറ്റർ അകലെ പൊന്മുടി റൂട്ടിൽ തൊളിക്കോടിനു സമീപത്തായാണു ചിറ്റീപ്പാറ സ്ഥിതി ചെയ്യുന്നത്.
ദൂരെ നിന്ന് ഈ പാറ വീക്ഷിക്കുന്നതു കൗതുക കാഴ്ചയാണ്. ഒരു ഭീമൻ പാറയോടു ചേർന്നു ഒരു ഭാഗം താഴേയ്ക്കു ചാഞ്ഞ് വീഴും വീഴില്ല എന്ന മട്ടിൽ മറ്റൊരു പാറ.
ദൂരക്കാഴ്ചയിൽ ഈ ഭാഗം ഏതാണ്ടു കഴുത്തിന്റെ ആകൃതിയിലായതിനാൽ കഴുത്തൻ പാറയെന്നും വിളിക്കാറുണ്ട്.
2016 ൽ ഈ കഴുത്തൻ പാറയുടെ ഒരു ഭാഗം അടർന്നു താഴേയ്ക്കു പതിച്ചു. തുടർന്നു ഇവിടേയ്ക്കുള്ള സഞ്ചാരികളുടെ വരവ് നിലച്ചു.
വർഷങ്ങൾക്കിപ്പുറം ചിറ്റീപ്പാറയിലെ പ്രഭാത കാലാവസ്ഥയെപ്പറ്റി അറിഞ്ഞതോടെ ചിറ്റീപ്പാറയിൽ ഒട്ടേറെ പേരെത്തി. പക്ഷെ സന്ദർശകരുടെ അനിയന്ത്രിത ഒഴുക്ക് പ്രദേശ വാസികൾക്കു തലവേദനയായി.
തുടർന്നു സന്ദർശകർക്കു നിയന്ത്രണമേർപ്പെടുത്തി. പൊലീസ് പട്രോളിങും പരിശോധനയും കർശനമാക്കി.
∙ നാടുകാണിപ്പാറ
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രവും ഈ പാറപ്പുറത്ത് സ്ഥിതി ചെയ്യുന്നുണ്ട്.
ഇവിടെ ആദിവാസി ഗോത്രാചാര പ്രകാരം എല്ലാ കൊല്ലവും പൂജകളും ഉത്സവവും നടക്കുന്നുണ്ട്. ആയിരക്കണക്കിനു വിശ്വാസികൾ ചിറ്റീപ്പാറ ക്ഷേത്രത്തിലെ പൊങ്കാലയ്ക്കു എല്ലാ കൊല്ലവുമെത്താറുണ്ട്.
ഇതൊരു നാടുകാണിപ്പാറ കൂടിയാണ്. ആര്യനാട് ജംക്ഷനും വിതുരയും നെടുമങ്ങാടുമൊക്കെ കണ്ണെത്തും ദൂരത്തെത്തിക്കുന്ന നാടുകാണിപ്പാറ.
കാലാവസ്ഥ അനുകൂലമാണെങ്കിൽ വിമാനത്താവളവും ശംഖുമുഖം കടപ്പുറവും ഒക്കെ വ്യക്തമായി കാണാം.
ചിറ്റീപ്പാറയെ ടൂറിസം ഭൂപടത്തിലുൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. വിശ്വാസവും വിനോദ സഞ്ചാരവും കൂട്ടിക്കലർത്താതെ പ്രദേശത്തിന്റെ ആദിവാസി ഗോത്രാചാരപര സവിശേഷത കൂടി പരിഗണിക്കുന്ന പദ്ധതി വേണം.
കാരണം തീർഥാടന കേന്ദ്രമെന്ന നിലയിലും ചിറ്റീപ്പാറയ്ക്കു ഖ്യാതിയുണ്ട്. ചിറ്റീപ്പാറയെ വിനോദ സഞ്ചാര പാക്കേജിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു 2018 ൽ തൊളിക്കോട് പഞ്ചായത്ത് ബന്ധപ്പെട്ടവർക്കു പ്രൊപ്പോസൽ സമർപ്പിച്ചിരുന്നു.
ചിറ്റീപ്പാറയെയും മേത്തോട്ടം പൂമരത്തുകുന്നിനെയും ബന്ധിപ്പിച്ചു റോപ് വേ സ്ഥാപിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ടൂറിസം പാക്കേജിൽ ഉൾപ്പെട്ടാൽ പൊന്മുടി വന സംരക്ഷണ സമിതി മാതൃകയിൽ ഇവിടെ കൂട്ടായ്മയുണ്ടാക്കി വിനോദ സഞ്ചാര നിയന്ത്രണം സാധ്യമാക്കാം.
അതുവഴി ഒരു വിഭാഗം തദ്ദേശീയർക്കു ജോലി ലഭിക്കുകയും ചെയ്യും.
സുരക്ഷ ഉറപ്പാക്കണം
ചിറ്റീപ്പാറയുടെ സുരക്ഷ ഉറപ്പ് വരുത്തിയ ശേഷമേ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങാവൂവെന്നു ചിറ്റീപ്പാറ ആയിരവില്ലി തമ്പുരാൻ ക്ഷേത്ര ട്രസ്റ്റ്. 2016 ൽ പാറയുടെ ഒരു ഭാഗം അടർന്നു മാറിയപ്പോൾ പാറയുടെ സംരക്ഷണം ഉറപ്പ് വരുത്തണം എന്ന് ആവശ്യപ്പെട്ട് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റീജിയൺ പഠനം നടത്തി ജില്ലാ കലക്ടർക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പക്ഷേ പിന്നീട് നടപടി ഉണ്ടായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

