കുറച്ചു ദിവസങ്ങളായി ഞങ്ങൾ പാമ്പുകളെക്കുറിച്ചാണ് നാട്ടിലെ ചർച്ച. ആ കുറിപ്പിന് ഒരു മറുപടിക്കുറിപ്പാണിത്.
സമയം മോശമാണ്, ഞങ്ങൾക്കും മനുഷ്യർക്കും. സൂര്യാതപമേറ്റു പൊള്ളലേൽക്കുന്ന നാട്ടുകാർക്ക് പാമ്പുകടി കൂടി താങ്ങാനാകുന്നില്ല.
വേറെ നിവൃത്തിയില്ല. വെള്ളവും തണലും തേടിയിറങ്ങുന്ന ഞങ്ങളെ ശത്രുവായി മാത്രം കാണല്ലേ.
കടിക്കാനും കൊല്ലാനും വേണ്ടി ഇറങ്ങുന്നതല്ല ഞങ്ങൾ. ‘അയ്യോ പാമ്പ്’ എന്നല്ലാതെ ‘പാമ്പിലേക്ക്’ നോക്കിയിട്ടുണ്ടോ നിങ്ങൾ? ഒരു ഉദാഹരണം പറയാം.
കഴിഞ്ഞവർഷം പാമ്പുകടിയേറ്റ് കേരളത്തിൽ മരിച്ചവർ 18 പേരാണ്. എന്നാൽ, എലിപ്പനി വന്ന് മരിച്ചത് 362 പേരാണ്.
ഞങ്ങൾ പിടിക്കുന്ന എലിയുടെ കണക്ക് നിങ്ങൾ പരിശോധിച്ചിട്ടുണ്ടോ? ഇൗ നഗരത്തിൽ ഞങ്ങൾ എലികളെ പിടിച്ച് ശാപ്പാടാക്കിയില്ലെങ്കിൽ ‘എലിപ്പനി’ മരണം ആയിരങ്ങൾ കടന്നേനെ. ‘പാരിസ്ഥിതിക ധർമം’ നിർവഹിക്കുന്നവരാണ് ഞങ്ങൾ.
ഒരു കണക്കുകൂടി വെറ്ററിനറി ഡോക്ടർമാർ പറയുന്നുണ്ട്– എലികളിൽ ചില ഇനങ്ങൾ ഇണചേർന്നുണ്ടാകുന്ന കുട്ടികളിൽനിന്ന് മൂന്ന് വർഷം കൊണ്ട് 20 ലക്ഷം എലികൾ വരെ പെറ്റുപെരുകുമത്രെ.
ഇനി പറയൂ, മനുഷ്യരെ കടിക്കുന്നതാണോ എലികളെ തട്ടുന്നതാണോ ഞങ്ങളുടെ പ്രധാന പണി? ഇതിന് സർക്കാരിൽ നിന്നൊരു ചായയുടെ ഗുണം പോലും ഉണ്ടായിട്ടില്ല. പാരിസ്ഥിതിക ധർമം പറഞ്ഞതുകൊണ്ട് പറയാം.
ഇതൊക്കെ പ്രകൃതിയുടെ ഒരു ബാലൻസിങ് നടപടിയാണ് മക്കളേ. ഫുഡ് ചെയിൻ!
പാമ്പിനെ പിടിക്കാൻ പ്രകൃതി നിശ്ചയിച്ചിട്ടുള്ളത് ആരെയൊക്കെയാണ്? പരുന്തും മൂങ്ങയും ഉപ്പനും പൊൻമാനും കരിയിലക്കുരുവിയും മയിലും വേഴാമ്പലും ഞങ്ങളെ ആഹാരമാക്കും.
മൂങ്ങ പാമ്പിനെ പിടിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? അതൊന്നും പ്രകൃതി ആരെയും അറിയിച്ചല്ല ചെയ്യുന്നത്. പകൽ ഇറങ്ങുന്ന പാമ്പുകളെ പിടിക്കുന്നത് പരുന്തുകളാണ്.
കൃഷ്ണപ്പരുന്തും ചക്കിപ്പരുന്തുമാണ് മിടുക്കൻമാർ. രാത്രിയിൽ ഇറങ്ങുന്ന പാമ്പുകളെ പിടിക്കുന്നതിന് പ്രത്യേക കഴിവ് മൂങ്ങയ്ക്കുണ്ട്.പകൽ ഇറങ്ങുന്ന പാമ്പുകൾ ഏതൊക്കെയാണ്? മൂർഖൻ ആക്ടീവ് മോഡിൽ നിൽക്കുന്നത് പകലാണ്.
ശംഖുവരയനും അണലിയുമൊക്കെ കളത്തിലിറങ്ങുന്നത് രാത്രിയിലാണ്. അങ്ങനെ കഥകൾ ഒരുപാടുണ്ട്.
പാമ്പിനെ പിടിക്കുന്നവരിൽ കീരിയും പൂച്ചയുമുണ്ടെങ്കിലും വളരെ കുറവാണ്.
മാളത്തിലൊളിക്കുന്ന പാമ്പുകളെ മാത്രമേ കീരിയും മറ്റു ടീംസും കൈകാര്യം ചെയ്യുള്ളു. മാളത്തിന് പുറത്ത് ഞങ്ങൾ ഭയക്കുന്നത് പക്ഷികളെയും മനുഷ്യരെയുമാണ്.
മാളത്തിൽ വന്ന് ഞങ്ങളെ പൊക്കാൻ മൂങ്ങയ്ക്കും പരുന്തിനും സാധിക്കില്ല. കരിയിലക്കുരുവികളാണ് ഞങ്ങൾക്ക് ഏറ്റവും വലിയ ഭീഷണി.
ഞങ്ങളുടെ കുഞ്ഞുങ്ങളെ അവർ ആഹാരമാക്കും. പക്ഷേ, അവരെ ഇപ്പോൾ അധികം കാണാറില്ല.
വംശനാശ ഭീഷണിയാണത്രേ… കരിയിലക്കുരുവിയെക്കാൾ കുറച്ചുകൂടി ചെറുതാണ് ഇത്തിക്കണ്ണിക്കുരുവികൾ. അവർ തേൻ മാത്രമാണ് കഴിച്ചു ജീവിക്കുന്നത്.
എത്ര പാവങ്ങൾ…
ഞങ്ങളെ പഠിക്കണം മിഷ്ടർ..!
ഇൗ വേനൽക്കാലം തിരഞ്ഞെടുപ്പു കാലവുമായിരുന്നല്ലോ.
ഇപ്പോഴല്ലേ ഞങ്ങളെക്കുറിച്ചും ചിന്തിച്ചത്. ഞങ്ങളുടെ കുട്ടികൾ പൊലീസ് ക്യാംപിൽ വരെ കയറി കളിച്ചെന്നു കേട്ടു.
വെടിയേറ്റു മരിക്കാത്തത് ആ പാമ്പ് വിരുതന്റെ ഭാഗ്യം. കൂത്താട്ടുകുളത്ത് നിന്നുള്ള വാർത്ത ‘ചക്കവീണ് മൂർഖൻ മരിച്ചു’ എന്നായിരുന്നു.
മറ്റു മൃഗങ്ങളെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർ കൂടുതലാണ്. അതിൽ പക്ഷിയെക്കുറിച്ച് പഠിക്കാനാണ് കൂടുതൽ ഇഷ്ടം.
സേഫ് ആണല്ലോ. പാമ്പിനെക്കുറിച്ച് പഠിക്കാൻ എത്ര പേരുണ്ട്? എല്ലാവർക്കും ഭയമാണ്.
കടുവയെയും സിംഹത്തെയും വരെ സർവേ നടത്തി കണ്ടെത്തും. അതിന് ക്യാമറയും വയ്ക്കും.
ഞങ്ങളെക്കുറിച്ച് നല്ലപോലെ ഒരു സർവേ നടത്താനായിട്ടുണ്ടോ? രാജ്യത്ത് ഏതാണ്ട് 130 ഇനം പാമ്പുകൾ ഉണ്ടെന്ന കണക്കു മാത്രമാണ് സർക്കാരിന്റെ കൈയിലുള്ളത്. നഗരത്തിലെത്ര, നാട്ടിൻപുറത്ത് എത്ര, വനത്തിൽ എത്ര എന്നൊരു കണക്ക് കിട്ടാൻ സാധ്യതയില്ല.
മാളത്തിലിരിക്കുന്ന ഞങ്ങൾക്ക് എന്ത് സർവേ!
നഗരത്തിലും ഞങ്ങളുണ്ട്. എല്ലാ കെട്ടിടത്തിന്റെ അടിവാരങ്ങളിലെ മാളങ്ങളിലും കുറ്റിക്കാടുകളിലും മാലിന്യക്കൂനയിലുമൊക്കെ.
അല്ലാതെ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടതൊന്നുമല്ല. ചൂടു സഹിക്കാനാകാതെ തണൽ തേടി ഇറങ്ങിയതാണ്.
അതിനു കാരണമുണ്ട്. ഞങ്ങൾക്ക് മനുഷ്യരെ പോലെ വിയർക്കുന്ന ശരീരമല്ല.
പാമ്പുകൾ തണുത്ത രക്തമുള്ള ജീവികളാണ്. പൊതുവേ എക്ടോതെർമിക് അല്ലെങ്കിൽ എക്സോതെർമിക് ജീവികളെന്നാണ് വിളിക്കുന്നത്.
ശരീരതാപം നിയന്ത്രിക്കാൻ സ്വന്തമായി സംവിധാനമില്ല. ചൂടുകാലത്ത് തണുപ്പു കിട്ടാൻ തണൽതേടും.
വലിയ തണുപ്പു സമയത്ത് ചൂടു തേടാൻ സൂര്യപ്രകാശം തേടിയും ഇറങ്ങും.
വയലിൽ ഏറെനേരം കിടന്നാൽ തണുത്തു വിറയ്ക്കും. അപ്പോൾ വരമ്പത്ത് കയറിക്കിടക്കും.
ചെറിയ ചൂടിലും നിലാവിലും വരമ്പത്ത് കയറിക്കിടക്കും. ‘ബാസ്കിങ്’ എന്നാണ് ഇതിനെ പറയുന്നത്.
അതാണ് രാത്രിയിൽ വരമ്പ് വഴി പോയ ചിലർക്കു പാമ്പുകടിയേറ്റതിനു പിന്നിൽ. തണുത്ത രക്തമുള്ള ഞങ്ങൾ മുട്ടയ്ക്ക് അടയിരിക്കാറില്ല.
ഇരുന്നിട്ട് മുട്ടയ്ക്കും ഗുണമില്ല.
കടിയിലും കരുതുക
മൂർഖന്റെ കടിയ്ക്കു പ്രത്യേകതയുണ്ട്. മൂന്ന് സെക്കൻഡിൽ താഴെയുള്ള ഒറ്റക്കൊത്താണെങ്കിൽ മരണകാരണമാകില്ലെന്ന് പറയാറുണ്ട്.
എന്നാൽ, കൊത്തിയൊന്ന് കടിച്ചുപിടിച്ചാൽ വിഷം ശക്തമായി കയറുമെന്നാണ് ഉരഗശാസ്ത്രം. പല്ലിന്റെ പ്രത്യേകതയാണിത്.
അണലി തൊട്ടാൽ മരണമെന്നത് ശരിയാണെന്നും പാമ്പ് വിദഗ്ധർ പറയുന്നു. അണലിയുടെ പല്ല് നീളത്തിലുള്ളതും അകം പൊള്ളയുമാണ്.
സെക്കൻഡിനുള്ളിൽ ഇൗ പല്ലുകളിൽനിന്ന് വിഷമെത്തും. പാമ്പ് കടിച്ചാൽ അവിടെ സോപ്പിട്ട് കഴുകിയാൽ മതിയെന്നതും തെറ്റിദ്ധാരണയാണ്.
പാമ്പ് കടിച്ചതിന് മുകളിൽ അധികം മുറുക്കാതെ ഇറുക്കികെട്ടി ആശുപത്രിയിലെത്തിക്കണം.
ഞങ്ങളെക്കുറിച്ച് ഒരുപാട് ചോദ്യങ്ങൾ പത്തിവിടർത്താറുണ്ട്. അതിനൊക്കെ ഒരു മറുപടിയായി കൂട്ടിയാൽ മതി.
ബംഗാളിൽ തിരഞ്ഞെടുപ്പായതിനാൽ തൊഴിലാളികൾ വോട്ടുചെയ്യാൻ പോയതിനാൽ കടിയേറ്റവരുടെ എണ്ണം കുറഞ്ഞെന്നൊക്കെ കളിയാക്കുന്നുണ്ട് നാട്ടുകാർ. ഞങ്ങൾ പ്രതികാരബുദ്ധി സൂക്ഷിക്കുന്നവരല്ലെന്ന് മനസ്സിലാക്കുക.
ജീവഭയമാണ്. പക്ഷേ അതിൽ പലരുടെയും ജീവൻ നഷ്ടപ്പെടുന്നതിൽ നല്ല സങ്കടമുണ്ട്…
പാമ്പാണ്, ശ്രദ്ധിക്കണേ…
പാമ്പുകഥ വലുതാക്കാനും ഭയപ്പെടുത്താനും മനുഷ്യർ ശ്രമിക്കാറുണ്ട്.
സമൂഹമാധ്യമങ്ങൾ ചത്ത പാമ്പുവരെ പറന്നുകൊത്തിയെന്നു പോസ്റ്റും ചെയ്യും. സൈബർ പരാതി കൊടുക്കാൻ ആളില്ലല്ലോ.
ഞങ്ങൾ ഒളിഞ്ഞിരിക്കുന്ന സ്വഭാവക്കാരും ജീവിതരീതിയുള്ളവരുമാണ്. മറ്റൊരു പ്രത്യേകതയുമുണ്ട്.
മുട്ടയ്ക്ക് അടയിരുന്ന് മെനക്കെടാറില്ല. മുട്ട
വിരിഞ്ഞുവരുന്ന പാമ്പിൻ കുഞ്ഞിനെ കൊണ്ടുനടന്ന് വളർത്താറുമില്ല. ജനിച്ച അന്നുമുതൽ സ്വന്തം വഴിതേടി പോകുന്നവരാണ് പാമ്പിൻകുട്ടികൾ.
പാമ്പ് പുറത്തിറങ്ങി നടക്കുന്നത് ജനിച്ച് ഒരു ആഴ്ച മാത്രമായിരിക്കും. സുരക്ഷിതമായ ഒരു താവളം ഒറ്റയ്ക്ക് കണ്ടുപിടിക്കാൻ ശ്രമിക്കുന്ന സമയമാണിത്.
ഏറ്റുമുട്ടലുകൾ പറ്റില്ല, അതൊഴിവാക്കാൻ കഴിയുന്നതു ചെയ്യും.
മാളങ്ങളിൽ തന്നെ ഇരിക്കും. മൂന്നാഴ്ച വരെ വെള്ളം വേണമെന്ന് നിർബന്ധമില്ല.
ഒരു എലിയെ കിട്ടിയാൽ രണ്ടാഴ്ച വരെ പുറത്തിറങ്ങില്ല. ഇപ്പോൾ പുറത്തിറങ്ങി പ്രശ്നമുണ്ടാക്കുന്ന ഞങ്ങളുടെ ടീം രണ്ട് മഴ കിട്ടിയാൽ തിരിച്ചുപോകും.
ഇതു ശ്രദ്ധിച്ച് കേൾക്കണം– മൂർഖൻ, ശംഖുവരയൻ(എട്ടടി വീരൻ), അണലി(ചേനത്തണ്ടൻ) എന്നിവ കേരളത്തിന്റെ തെക്കൻ മേഖലകളിൽ സജീവമാണ്. കാസർകോട്, കണ്ണൂർ, പാലക്കാട് മേഖലകളിൽ രക്ത അണലിയാണ് കൂടുതൽ സജീവം.
പാമ്പിന് ഒളിക്കാൻ അധികം സ്ഥലം വേണ്ട. വീടിന് ചേർന്ന് വച്ചിരിക്കുന്ന വിറകു ശേഖരം മാറ്റണം.
കാടും മാലിന്യവും മാറ്റണം. ഷൂസും ബൈക്കിൽ വച്ച ഹെൽമറ്റും ശ്രദ്ധിക്കണം.
ഇതൊക്കെ ഞങ്ങൾക്ക് മാളങ്ങളാണ്…
ഇരുട്ടിൽ ഫോണിലെ റീൽ കണ്ട് ലോകം മറന്ന് പുറത്തിറങ്ങരുത്. കിണറിന്റെ ചുറ്റും പോകുമ്പോൾ സൂക്ഷിക്കണം.
നിലാവ് ഉണ്ടെങ്കിൽ കൂടുതൽ സൂക്ഷിക്കണം. ഇൗയലും പ്രാണികളുമൊക്കെ വരും.
ഇൗ പ്രാണികളെ പിടിക്കാൻ തവളയും പല്ലിയും വരും. അവരെ പിടിക്കാൻ പാമ്പും വരും.
ആരോ പറയുന്നത് കേട്ടു. പാമ്പ് വന്നു കുടിച്ചിട്ട് പോകാൻ മുറ്റത്ത് ഒരു പാത്രത്തിൽ അൽപം വെള്ളം വച്ചാൽ മതിയെന്ന്.
ഇതൊക്കെ വാട്സാപ് സർവകലാശാലയുടെ മിഥ്യാധാരണയാണ്. ഞങ്ങൾക്ക് നിങ്ങളുടെ വെള്ളം വേണ്ട.
വേദനിപ്പിക്കുന്ന ചില സംഭവങ്ങളുണ്ടായി. കുഞ്ഞുമക്കൾ ഉറങ്ങുമ്പോൾ തലയണയുടെ അടിയിൽ ഇരുന്ന പാമ്പ് കുട്ടിയെ കടിച്ചു.
പാമ്പിനെ ചവിട്ടിയാലെ കടിക്കുവെന്നൊക്കെ പറയാറുണ്ടെങ്കിലും അതല്ല സത്യം. അപായം തോന്നുന്ന രീതിയിൽ കാൽപെരുമാറ്റം പോലും പാമ്പിന് ഭയമാണ്.
അവിടേക്ക് കൊത്തും. അത് രക്ഷപ്പെടാൻ വേണ്ടിയാണ്.
വീട്ടിൽ വളർത്തുന്ന പൂച്ചകളാണ് മറ്റൊരു വില്ലൻ. ഇവർ പാമ്പിൻകുഞ്ഞുങ്ങളെ പിടിച്ചുകൊണ്ടുവരും.
പാമ്പിനെ കൊല്ലില്ല, കളിപ്പിക്കൽ ആണ് മെയിൻ. അങ്ങനെ അപായം ഉണ്ടായ സംഭവങ്ങളുണ്ട്.
നായ്ക്കൾക്ക് ആ ശീലമില്ല. അവർ പാമ്പിനെ ആക്രമിക്കും.
കാർ എടുക്കുന്നവരും ശ്രദ്ധിക്കുക, കാറിന്റെ അടിയിൽ നായ്ക്കൾ കയറി കിടക്കില്ലേ…തണലു തേടിയാണത്.
അതുപോലെ പാമ്പും താൽക്കാലിക താവളമാക്കാറുണ്ട്. പാമ്പുകൾ കൂട്ടം കൂടി നടക്കാറില്ല.
ഏകാകികളാണ്! ഞങ്ങളുടെ ഇനത്തിലുള്ളവർ വളരെ ദൂരെയിരുന്നാലും ആ ഗന്ധം പിടിച്ച് തിരിച്ചറിയാനുള്ള ശേഷിയുണ്ട്.
രാജവെമ്പാല തന്റെ ഇണയെ 12 കിലോമീറ്റർ ദൂരെയിരുന്നാലും കണ്ടുപിടിക്കും. മൂർഖനും ചേരയ്ക്കുമൊക്കെ ഇത്തരം ശേഷിയുണ്ട്.
കാരണം ഇനം മാറി ഞങ്ങൾ ഇണചേരാറില്ല. ബാക്കി പ്രചരിക്കുന്നത് ഒക്കെ തെറ്റിദ്ധാരണ മാത്രം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

