മധുരമേറി ഐസ്ക്രീം
കൊച്ചി∙ കൊടും ചൂടിൽ നാട് വെന്തുരുകിയതോടെ ഐസ്ക്രീം വിപണിക്കു മധുരമേറി. 3 മാസമാണ് സാധാരണ കേരളത്തിലെ വേനൽക്കാല വിപണി.
ഇക്കുറി മാർച്ചിലും ഏപ്രിലിലും തകർപ്പൻ ഐസ്ക്രീം വിൽപനയാണ് നടന്നത്.
മേയിലും കൊടും ചൂട് തുടർന്നതോടെ വിപണി കുതിക്കുകയാണ്. നിർമാണത്തിൽ പ്രതിസന്ധിയും വിപണിയിൽ ഉത്സാഹവും ഒരു പോലെ വന്ന മാസങ്ങളാണിത്.
പശ്ചിമേഷ്യൻ പ്രതിസന്ധിമൂലം പാക്കിങ് ഉൽപന്നങ്ങളായ പേപ്പർ ഫോയിൽ, പ്ലാസ്റ്റിക് കപ്പ് എന്നിവയുടെ നിർമാണത്തിന് ചെലവേറി.
ചൂടുകൂടിയതോടെ പാൽ–നെയ് ഉൽപന്നങ്ങളുടെ ലഭ്യത കുറയുമോയെന്ന ആശങ്കയുമുണ്ട്. 400 കോടിയാണ് കേരളത്തിലെ വേനൽക്കാല ഐസ്ക്രീം വിപണി.
നേരത്തെ കപ്പ് ഐസ്ക്രീമും മറ്റും വാണിരുന്ന ഐസ്ക്രീം വിപണിയിൽ ഇപ്പോൾ അരലീറ്ററിന്റെയും ഒരു ലീറ്ററിന്റെയും ഫാമിലി പായ്ക്കിനും മികച്ച ഡിമാൻഡാണ്.
കൊടുംചൂടിൽ കുട നിവർത്തി
ആലപ്പുഴ∙ മഴക്കാലത്ത് ഉണരാറുള്ള കുട
വിപണി ഇത്തവണ നേരത്തെ സജീവമായി. തീപിടിക്കുന്ന വേനലാണു കുടകൾക്കു പെട്ടെന്ന് ആവശ്യക്കാരെ ഉണ്ടാക്കിയതെന്നു പ്രമുഖ കുട
നിർമാതാക്കൾ പറയുന്നു. കഴിഞ്ഞ തവണയും വേനലിൽ വിൽപന കൂടിയെങ്കിലും ഇക്കൊല്ലത്തെയത്ര ഉണ്ടായിരുന്നില്ല.
സ്കൂൾ തുറക്കലും ഇടവപ്പാതിയുമാണു സാധാരണ കുടവിപണിയുടെ വസന്തം.
എന്നാൽ, ഇത്തവണ മഴയ്ക്കു മുൻപുള്ള കൊടുംചൂടിനെ നേരിടാൻ ഉള്ളിൽ സിൽവർ കോട്ടിങ് വരുന്ന (യുവിഎസ് കോട്ടിങ്) കുടകൾക്ക് ആവശ്യക്കാർ ഏറി. സാധാരണ കുടകളെക്കാൾ ഇവ തണുപ്പു നൽകുമെന്നു നിർമാതാക്കൾ പറയുന്നു.
അന്തരീക്ഷ ഊഷ്മാവ് പരിധിവിട്ട് ഉയർന്നതോടെ പകൽ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ വെയിൽ കൊള്ളരുതെന്നാണു നിർദേശമെങ്കിലും അത്യാവശ്യ കാര്യങ്ങൾക്കും നിത്യവൃത്തിക്കും ജനത്തിനു പുറത്തിറങ്ങാതെ വയ്യ.
വെയിലിനെ തടുക്കാൻ കുടയാണ് ആശ്രയം. ഇതു കുടവിപണിക്കു ഗുണകരമായി.
3 ഫോൾഡ് കുടകൾക്കാണു പതിവുപോലെ കൂടുതൽ ഡിമാൻഡ്.–ജോൺസ് അംബ്രല്ല മാർട്ട് പ്രതിനിധികൾ പറഞ്ഞു.
വേനലിലെ ഈ അപ്രതീക്ഷിത വിപണിക്കായി കൂടുതൽ ഉൽപാദനമോ പ്രചാരണമോ നടത്തിയിരുന്നില്ലെന്നു പോപ്പി അംബ്രല്ല നിർമാതാക്കൾ പറയുന്നു.
എസി കിട്ടാൻ അൽപം വിയർക്കും
കൊച്ചി∙ കൊടുംചൂടിൽ ചൂടപ്പം പോലെ വിറ്റു തീർന്നതോടെ എസിക്കായി ഉപയോക്താക്കൾ വെയ്റ്റിങ്ങിൽ. ഒന്നര ടൺ, രണ്ടു ടൺ എസികൾ കിട്ടാനേ ഇല്ലെന്നതാണു സ്ഥിതി.
പ്രധാന ബ്രാൻഡുകളുടെ ഇഷ്ടപ്പെട്ട മോഡലുകൾ തേടിയെത്തുന്നവരിലേറെയും നിരാശരായി മടങ്ങുന്നു.
പ്രമുഖ ഗൃഹോപകരണ വ്യാപാര ശൃംഖലകളുടെ ഔട്ലറ്റുകളിൽ പോലും ഡിസ്പ്ലേയ്ക്കുള്ള ഡമ്മി എസികൾ മാത്രമാണുള്ളത്.
ഡിമാൻഡ് വർധിച്ചതോടെ എസിയുടെ വിലയും കുതിക്കുകയാണ്. ഏപ്രിലിനു മുൻപുള്ള വിലയിൽ നിന്നു 15 ശതമാനത്തോളം വർധനയുണ്ട്.
പുതിയ ലോഡ് വരുമ്പോൾ വീണ്ടും 10–15 ശതമാനം വർധനയ്ക്കു സാധ്യതയുണ്ടെന്നും വിൽപനക്കാർ പറയുന്നു. ‘സാധാരണഗതിയിൽ കേരളത്തിലാണു വേനൽക്കാലം തുടങ്ങുക.
ആഴ്ചകളുടെ ഇടവേളയിൽ മറ്റു സംസ്ഥാനങ്ങളിലും ചൂട് ഉയരും. ഇതുകൊണ്ടു തന്നെ ഉൽപാദിപ്പിക്കുന്ന എസികളുടെ ആദ്യ ലോഡുകളെല്ലാം കേരളത്തിലേക്ക് അയയ്ക്കുന്നതാണു കമ്പനികളുടെ പതിവ്.
എന്നാൽ, ഇക്കുറി കേരളത്തിനൊപ്പം തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം കൊടുംചൂടാണ്. ഇവിടെയെല്ലാം എസിയുടെ വിൽപന ഗണ്യമായി വർധിച്ചു.
കേരളത്തിലേക്കുള്ള ലോഡുകളിൽ കുറവു വന്നു. ഇതും സംസ്ഥാനത്തെ എസി ക്ഷാമത്തിനു കാരണമായിട്ടുണ്ട്.’
ഷാജഹാൻ സിറാജുദ്ദീൻ, ബിസിനസ് ഹെഡ്, ഓക്സിജൻ ദ് ഡിജിറ്റൽ ഷോപ്
വിവിധ കാരണങ്ങൾ കൊണ്ട് ഈ വർഷം എസി ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടായതും ക്ഷാമത്തിനു കാരണമായി.
100 എസിക്ക് ഓർഡർ നൽകിയാൽ 10–15എണ്ണമേ വിൽപനക്കാർക്കു ലഭിക്കുന്നുള്ളൂ. സ്റ്റോക്ക് എത്താൻ രണ്ടാഴ്ചയോളം കാത്തിരിപ്പും വേണ്ടി വരുന്നു.
ഇറാൻ–യുഎസ് യുദ്ധത്തെ തുടർന്നു രൂപയുടെ മൂല്യം കുറഞ്ഞതോടെ നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ വില കൂടി.
എസിയുടെ പ്രധാന ഘടകങ്ങളായ അലുമിനിയം, ചെമ്പ് എന്നിവയുടെ വില വർധിച്ചു.
ഇതിനു പുറമേ, എഐ ഉൾപ്പടെ നവസാങ്കേതികവിദ്യകൾ കൂടി ഉൾപ്പെടുത്തിയുള്ള സ്മാർട്ട് എസികൾക്കു പ്രിയമേറിയതോടെ നിർമാണ പ്ലാന്റുകളിലെല്ലാം ഒട്ടേറെ മാറ്റങ്ങൾ വേണ്ടി വന്നു. നിർമാണത്തിന്റെ തോത് കുറയാനും നിർമാണച്ചെലവു കൂടാനും ഇതും കാരണമായി.
ടെക്നിഷ്യൻമാരെ കിട്ടാനില്ല
എസി വാങ്ങിയാൽ വീടുകളിൽ അവ ഘടിപ്പിക്കാൻ ടെക്നിഷ്യൻമാരെ കിട്ടാനില്ല.
പുതിയ എസി വീട്ടിലെത്തിയാലും ഘടിപ്പിക്കാനുള്ള സർവീസ് ടെക്നിഷ്യൻമാർ എത്താൻ 10 ദിവസത്തിലേറെ കാലതാമസം ഉണ്ടാകുമെന്ന് ഉപയോക്താക്കളോടു ഷോറൂമുകാർ മുൻകൂട്ടി പറയുന്നുണ്ട്. വിൽപനയിലെ കുതിപ്പ് കൈകാര്യം ചെയ്യാൻ വേണ്ടതിന്റെ നാലിനൊന്ന് ടെക്നിഷ്യൻമാർ മാത്രമാണു നിലവിൽ സംസ്ഥാനത്തുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

