പഴയങ്ങാടി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കല്യാശ്ശേരി മണ്ഡലത്തിൽ ക്രമക്കേടുകളിലൂടെ സിപിഎം പത്തൊമ്പതിനായിരത്തിലധികം വോട്ട് രേഖപ്പെടുത്തിയെന്നു യുഡിഎഫ് സ്ഥാനാർഥി രാജീവൻ കപ്പച്ചേരി ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്ന പ്രവണത അവസാനിപ്പിക്കാൻ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ദിവസം സിപിഎം സ്വാധീനമേഖലകളിൽ 75 മുതൽ 150 വരെ കംപാനിയൻ വോട്ടുകളും (ശാരീരികമായി ബുദ്ധിമുട്ടുവള്ളവർക്കായി സഹായി ചെയ്യുന്ന വോട്ട്), നാട്ടിലില്ലാത്തവരുടെ വോട്ടുകളും രേഖപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.
പോളിങ് സ്റ്റേഷനുകളിൽനിന്നുള്ള വിഡിയോ ദൃശ്യങ്ങളും ഇലക്ഷൻ രേഖകളും പരിശോധിച്ചാൽ ഇത് ബോധ്യമാകും. ഈ രേഖകൾക്കായി കമ്മിഷന് അപേക്ഷ നൽകിയിട്ടുണ്ട്.
നാട്ടിലില്ലാത്തവരുടെ പട്ടിക ബിഎൽഒമാർ പോളിങ് ഓഫിസർമാർക്കു നൽകിയിരുന്നെങ്കിലും അന്യായ വോട്ടുകൾ തടയാൻ പല പോളിങ് ഓഫിസർമാരും ശ്രമിച്ചില്ലെന്നും ആരോപിച്ചു.
സിപിഎം സ്വാധീനകേന്ദ്രങ്ങളായ കല്യാശ്ശേരി, കണ്ണപുരം, ഏഴോം, ചെറുതാഴം എന്നീ പഞ്ചായത്തുകളിലെ പോളിങ് സ്റ്റേഷനുകളിൽ നാമമാത്രമായ പൊലീസുകാരെ മാത്രമാണ് നിയോഗിച്ചത്. യുഡിഎഫ് കേന്ദ്രങ്ങളിൽ കൂടുതൽ കേന്ദ്രസേനയെയും പൊലീസുകാരെയും നിയോഗിച്ചു.
യുഡിഎഫ് ഏജന്റുമാരില്ലാത്ത 15 ബൂത്തുകളിൽ 200 ആൾമാറാട്ട
വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുകുന്ന് പഞ്ചായത്തിലെ 119–ാം ബൂത്ത് സിപിഎം നിയന്ത്രണത്തിലുള്ള കുന്നനങ്ങാട് സാംസ്കാരിക നിലയത്തിലാണ്.
ഇവിടെ പോളിങ് അച്ചടക്കമില്ലാതെയാണ് നടന്നത്. സിപിഎം സ്വാധീനമുള്ള സ്ഥലങ്ങളിലെ പോളിങ് സ്റ്റേഷനുകളിൽ 80 മുതൽ 91 ശതമാനം വരെ പോളിങ് രേഖപ്പെടുത്തി.
ഇവിടെ വോട്ടുചെയ്യാൻ ഉപയോഗിച്ച ഐഡി കാർഡുകളുടെ പട്ടിക പരിശോധിക്കണമെന്നും പരാതിയിൽ പറയുന്നു.
കല്യാശ്ശേരി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിൽ സിപിഎമ്മിനും സ്ഥാനാർഥിക്കുമുള്ള പങ്ക് അന്വേഷിക്കണമെന്നും ഡിസിസി ജനറൽ സെക്രട്ടറി സുരേഷ്ബാബു എളയാവൂർ, കല്യാശ്ശേരി മണ്ഡലം യുഡിഎഫ് ചെയർമാൻ എൻ.ജി.സുനിൽ പ്രകാശ്, കൺവീനർ എസ്.കെ.പി.സക്കരിയ്യ ,യുഡിഎഫ് സ്ഥാനാർഥി രാജീവൻ കപ്പച്ചേരി എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

