മൂന്നാർ ∙ വ്യാപാര സ്ഥാപനത്തിൽനിന്ന് ഓൺലൈനായി പണം തട്ടിയെടുക്കാൻ ശ്രമം. ജീവനക്കാരുടെ ഇടപെടൽ മൂലം കടയുടമ തട്ടിപ്പിൽനിന്നു രക്ഷപ്പെട്ടു.
മൂന്നാർ ടൗണിലെ കോഴിക്കടയുടെ ഉടമയാണ് തട്ടിപ്പിൽപെടാതെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെയാണ് കടയുടമയെ ഫോണിൽ വിളിച്ച് മൂന്നാറിലെ പ്രമുഖ ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ ആൾ 8 കിലോ കോഴിയിറച്ചി വേണമെന്നാവശ്യപ്പെട്ടത്.
ഉടമ കടയിലെ ജീവനക്കാരന്റെ ഫോൺ നമ്പർ നൽകി, ഓർഡർ നൽകാൻ പറഞ്ഞതോടെ ജീവനക്കാരനെ വിളിച്ച് ഇയാൾ കോഴിയിറച്ചി ഓർഡർ നൽകി. പണം ഓൺലൈനായി നൽകാമെന്നും പറഞ്ഞു.
ഏതാനും സമയത്തിനുള്ളിൽ ജീവനക്കാരന് വീണ്ടും വിളിയെത്തി.
താൻ വിലയായ 2,160 രൂപയ്ക്ക് പകരം 21,600 അയച്ചുവെന്നും ഒരു പൂജ്യം കൂടിപ്പോയതാണ് കാരണമെന്നും അതിനാൽ 19,400 തിരികെ അയയ്ക്കാനും ആവശ്യപ്പെട്ടു. തെളിവിനായി പണം അയച്ചതിന്റെ സ്ക്രീൻ ഷോട്ടുകളും അയച്ചു.
എന്നാൽ ഉടമയ്ക്ക് പണം ലഭിച്ചില്ലെന്ന് അറിയിച്ചെങ്കിലും തട്ടിപ്പുകാരൻ പിന്മാറാൻ തയാറായില്ല. 10,000 രൂപ പെട്ടെന്ന് നൽകാനും ബാക്കി തുക കോഴി വാങ്ങാനെത്തുമ്പോൾ നൽകിയാൽ മതിയെന്നും ആവർത്തിച്ചതോടെ സംഭവം തട്ടിപ്പാന്നെന്ന് ജീവനക്കാരന് മനസ്സിലാകുകയും വിവരം ഉടമയെ അറിയിക്കുകയുമായിരുന്നു.
ഹിന്ദിയിലാണ് തട്ടിപ്പുകാരൻ സംസാരിച്ചത്.
ഇതിനു ശേഷം മറ്റൊരു ഫോണിൽനിന്ന് 10 കിലോ കോഴി വേണമെന്നാവശ്യപ്പെട്ട് ഹിന്ദി ഭാഷയിൽ മറ്റൊരാളും ജീവനക്കാരനെ വിളിച്ചിരുന്നു. സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരൻ പൊലീസിൽ പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

