പാപ്പിനിശ്ശേരി ∙ ദേശീയപാത നിർമാണത്തിനായി വളപട്ടണം പുഴയിൽ നിന്നു മണൽഖനനം തുടങ്ങുമ്പോഴേക്കും തുരുത്തി പ്രദേശം കരയിടിച്ചിൽ ഭീഷണിയിലായി. കഴിഞ്ഞ ദിവസം പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി ഉന്നതിയുടെ സമീപം പുഴയിൽ യന്ത്രങ്ങളെത്തിച്ചു പരീക്ഷണ ഖനനം നടത്തിയിരുന്നു.
അപ്പോഴേക്കും കരയുടെ ഒരു ഭാഗം ഇടിഞ്ഞുതാഴ്ന്നു. കരയിടിച്ചിൽ തടയാൻ മുൻപ് നിർമിച്ച കരിങ്കൽ ഭിത്തിയും തകർന്ന നിലയിലാണുള്ളത്.
നൂറുകണക്കിന് കുടുംബങ്ങൾ കഴിയുന്ന പാപ്പിനിശ്ശേരി തുരുത്തി പട്ടികജാതി ഉന്നതിയുടെ സമീപം ഖനനം നടത്തുന്നത് പ്രദേശവാസികളുടെ സുരക്ഷയ്ക്ക് കൂടി ഭീഷണിയായി.
ഒരു ശാസ്ത്രീയ പഠനവും നടത്താതെയാണ് ദേശീയപാത നിർമാണ കമ്പനിക്ക് ജനവാസ കേന്ദ്രങ്ങളുടെ സമീപത്തു നിന്നും മണലൂറ്റാൻ അനുമതി നൽകിയിരിക്കുന്നത്. മഴക്കാലത്ത് പ്രളയഭീഷണിയുള്ള തുരുത്തിയിൽ ദേശീയപാതയ്ക്കായി മിക്കയിടത്തും മണ്ണിട്ടു നികത്തി.
ഇതുകാരണം വെള്ളം ഒഴുകിപ്പോകുന്ന തോടുകൾ പോലും തടസ്സപ്പെട്ടിരിക്കുകയാണ്.
ഇതിനിടയിൽ യന്ത്രങ്ങൾ ഉപയോഗിച്ചു പുഴയിൽ നിന്നും മണലൂറ്റി സംസ്കരിക്കുന്നത് ഒരു പ്രദേശത്തേക്ക് വലിയ അപകടം ക്ഷണിച്ചുവരുത്തുമെന്നു സമരസമിതി പ്രവർത്തകർ പറഞ്ഞു. കഴിഞ്ഞ ദിവസം ഖനനത്തിനായി മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തിയ നിർമാണ കരാർ തൊഴിലാളികളെ പട്ടികജാതി ക്ഷേമസമിതി പ്രവർത്തകരും നാട്ടുകാരും ചേർന്നു തടഞ്ഞിരുന്നു.
പാപ്പിനിശ്ശേരി പാറക്കൽ ബോട്ടുജെട്ടിക്ക് സമീപം 1200 മീറ്റർ ദൂരപരിധിയിൽ ഡ്രജിങ് നടത്താനാണ് നിർമാണ കരാറുകാരായ വിശ്വസമുദ്ര കമ്പനി അധികൃതർക്ക് അനുമതി ലഭിച്ചത്.
തുരുത്തി, ഭഗത് സിങ് ഐലൻഡ് എന്നിവയ്ക്ക് വൻഭീഷണി ഉയർത്തുന്ന നിലയിലാണ് മണൽഖനനം നടത്താൻ നീക്കം നടക്കുന്നത്. ഇതു പ്രതിഷേധാർഹമാണെന്നു നാട്ടുകാർ അറിയിച്ചു.
ആശങ്കയിലായ തുരുത്തി നിവാസികൾക്ക് പിന്തുണ പ്രഖ്യാപിച്ചു ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

