മാനന്തവാടി ∙ ഏറെ വിവാദങ്ങൾക്ക് ഒടുവിൽ മാനന്തവാടി ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ച് നീക്കാനുള്ള നടപടികൾക്ക് വേഗം കൈവരുന്നു. 5 പതിറ്റാണ്ട് പഴക്കമുള്ള ഇൗ ബഹുനില കെട്ടിടം ഒരു കാലത്ത് മലബാറിലെ ഏറ്റവും വലിയ ബസ് സ്റ്റാൻഡായിരുന്നു.
മാവറ വർക്കി പ്രസിഡന്റായ ഭരണസമിതിയുടെ കാലത്ത് കെ.പി.മത്തായി കോൺട്രാക്ടറാണ് അന്നത്തെ മാനന്തവാടിയിലെ ഏറ്റവും വലിയ ഇൗ കെട്ടിടം നിർമിച്ചത്. സുരക്ഷാ ഭീഷണി മുൻ നിർത്തിയാണ് കെട്ടിടം പൊളിച്ച് നീക്കുന്നത്.
കോൺക്രീറ്റ് കഷണങ്ങൾ അടർന്ന് വീണ് യാത്രക്കാർക്ക് പരുക്കേറ്റ സംഭവവും ഉണ്ടായിരുന്നു. കെട്ടിടം പൊളിച്ച് നീക്കുന്നതിന്റെ ഭാഗമായി ഇന്നലെ നടന്ന യോഗത്തിൽ കട
മുറികൾ ഇൗ മാസം 30ന് അകം പൂർണമായും ഒഴിയാൻ വ്യാപാരികൾക്ക് നിർദേശം നൽകി.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2025 ഓഗസ്റ്റ് 14 ന് കെട്ടിടം പൊളിച്ചു മാറ്റണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധ്യക്ഷ കൂടിയായായ കലക്ടർ ആർ.മേഘശ്രീയുടെ നഗരസഭയ്ക്ക് നിർദേശം നൽകിയിരുന്നു.
ഇതിനിടെ കെട്ടിടത്തിന് ബലക്ഷയം ഇല്ലെന്നും നവീകരിച്ചാൽ ഇനിയും വർഷങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നും വാദം ഉയർന്നു. വ്യാപാരികൾ കെട്ടിടം പൊളിക്കുന്നതിന് എതിരെ രംഗത്തെത്തിയത് വിവാദം കൊഴുപ്പിച്ചു.
കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആരംഭിച്ചതിനാൽ ബസ് സ്റ്റാൻഡിലെ വ്യാപാരികൾക്ക് നഗരസഭ ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല.
വാടകയും സ്വീകരിച്ചിരുന്നില്ല.
ഉത്തരവ് നടപ്പിലാക്കാത്തതിനാൽ വീണ്ടും നിയമപരമായ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് നഗരസഭ അടിയന്തിര യോഗം വിളിച്ചു ചേർത്തത്. കെട്ടിടം പൊളിച്ച് മാറ്റുന്നതിനുള്ള ടെൻഡർ നടപടികൾ ഇതിനോടകം പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചു.
ബസ് സ്റ്റാൻഡ് കെട്ടിടം പൊളിച്ചു നീക്കുന്നതോടെ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനായി ബസ് സർവീസുകൾക്കായി നഗരസഭ ബദൽ സംവിധാനം ഒരുക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച നഗരസഭാ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ പറഞ്ഞു. യോഗത്തിൽ നഗരസഭാ ഉപാധ്യക്ഷ സിന്ധു സെബാസ്റ്റ്യൻ, സ്ഥിരസമിതി അധ്യക്ഷരായ പി.വി.ജോർജ്, പി.വി.എസ്.മൂസ, കൗൺസിലർമാരായ സി.കുഞ്ഞബ്ദുല്ല, വി.യു.ജോയ്, പി.കെ.ഹംസ, വി.ജോണി, എ.സജ്ന, നഗരസഭാ സെക്രട്ടറി അനിൽ രാമകൃഷ്ണൻ, അസി.
സെക്രട്ടറി എ.രമ്യ എന്നിവർ പ്രസംഗിച്ചു. കോഴിക്കോട്ട് കോർപറേഷന്റെ കെട്ടിടത്തിലെ സ്ലാബ് പൊളിഞ്ഞ് വീണ് 3 പേർ മരിച്ചതോടെയാണ് അപകടാവസ്ഥയിലായ മാനന്തവാടി ബസ് സ്റ്റാൻഡും പൊളിക്കണമെന്ന ആവശ്യം വീണ്ടും സജീവമായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

