വെള്ളിത്തോട് ∙ ദുരന്തബാധിതർക്കായി മാതൃകാപരമായി ഇടപെടലുകൾ നടത്തിയ മുസ്ലിം ലീഗിന് ഭവനപദ്ധതിയുടെ ആദ്യഘട്ട പൂർത്തീകരണം സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി.
തിങ്ങി നിറഞ്ഞ ആൾക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമിച്ച സ്നേഹവീടുകളിലെ ഗൃഹപ്രവേശനം. മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ് ലിം ലീഗ് പുനരധിവാസത്തിന്റെ ഭാഗമായ 105 വീടുകളിൽ നിർമാണം പൂർത്തിയാക്കിയ 51 വീടുകളുടെ സമർപ്പണം കഴിഞ്ഞ ഫെബ്രുവരി 28നു പതിനായിരങ്ങളെ സാക്ഷിയാക്കി സംഘടിപ്പിച്ച ചടങ്ങിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചിരുന്നു.
വിദ്യാർഥികളുടെ പരീക്ഷകളും തിരഞ്ഞെടുപ്പും കാരണം കുടുംബങ്ങൾ താമസം നീട്ടിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ 25 മുതൽ ചില വീടുകളിൽ താമസം തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി എല്ലാവരും അവരവരുടെ മതാചാര പ്രകാരം ഗൃഹപ്രവേശന ചടങ്ങുകൾ നടത്തിയിരുന്നു.
ഇന്നലെ ഉച്ചയോടെ തന്നെ വെള്ളിത്തോടേക്ക് ആളുകളെത്തി തുടങ്ങിയിരുന്നു. ഗുണഭോക്താക്കളുടെയും ബന്ധുക്കളുടെയും സ്വകാര്യത കണക്കിലെടുത്തു പ്രദേശത്തേക്കു പൊതുജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും പ്രവേശനം നിരോധിച്ചിരുന്നു.
പാസ് മുഖനേയാണു ആളുകളെ കടത്തിവിട്ടത്. നേതാക്കൾക്കും ഗുണഭോക്താക്കൾക്കും അവരുടെ ബന്ധുക്കൾക്കും മാധ്യമപ്രവർത്തകർക്കും മാത്രമായിരുന്നു പ്രവേശനം.
ചടങ്ങിനെത്തിയവരുടെ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടു.
പൊലീസും വൈറ്റ് ഗാർഡ് പ്രവർത്തകരും ചേർന്നു ഗതാഗതക്കുരുക്കൊഴിവാക്കി. ഒരു മണിക്കൂറോളമെടുത്താണു മുട്ടിലിൽ നിന്നു പദ്ധതി പ്രദേശത്തേക്കുള്ള 4 കിലോമീറ്റർ ദൂരം പലർക്കും താണ്ടാനായത്.
വൈകിട്ട് അഞ്ചരയോടെയാണു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ളവർ എത്തിയത്. തുടർന്ന് നിർമാണം പൂർത്തിയാക്കിയ 4 വീടുകളിൽ നേതാക്കൾ സന്ദർശനം നടത്തി.
തുടർന്ന്, പ്രത്യേകം സജ്ജമാക്കിയ വേദിയിൽ 20 മിനിറ്റ് മാത്രം നീണ്ട ചടങ്ങ്.
ശേഷം സ്നേഹവിരുന്നോടെ ചടങ്ങിന് സമാപനം. ദുരന്തബാധിതരുടെ ആവശ്യ പ്രകാരം മേപ്പാടി പഞ്ചായത്തിൽ തന്നെയുള്ള വെള്ളിത്തോട് പ്രദേശത്തു മുട്ടിൽ–മേപ്പാടി പ്രധാന റോഡിനോടു ചേർന്ന ഭൂമിയിലാണു മുസ് ലിം ലീഗ് വീടുകൾ നിർമിച്ചത്.
2–ാംഘട്ട വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.
പുനരധിവാസ പദ്ധതി രണ്ടാംഘട്ടം: 54 വീടുകളുടെ നിർമാണം പുരോഗമിക്കുന്നു
വെള്ളിത്തോട് ∙ മുസ്ലിം ലീഗ് പുനരധിവാസ പദ്ധതിയിലെ രണ്ടാംഘട്ടത്തിലുള്ള 54 വീടുകളുടെ നിർമാണം വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു.
3 കിടപ്പുമുറികളും 2 ശുചിമുറികളും അടുക്കള, വർക്ക് ഏരിയ, സിറ്റൗട്ട്, ലിവിങ്, ഡൈനിങ് ഏരിയ തുടങ്ങിയ സൗകര്യങ്ങളെല്ലാമുള്ള 1060 ചതുരശ്ര അടി വീടുകളാണു പണിയുന്നത്. രണ്ടാംഘട്ടത്തിലുള്ള 22 വീടുകളുടെ കോൺക്രീറ്റ് പൂർത്തിയായി.
ശേഷിക്കുന്ന വീടുകളുടെ ചുമർ, തറ പണികൾ പൂർത്തിയായി വരുന്നു. 11 വീടുകൾ പ്ലോട്ട് ഒരുക്കൽ ഘട്ടത്തിലാണ്.
സെപ്റ്റംബർ അവസാനവാരത്തോടെ എല്ലാ വീടുകളുടെയും പണി പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണു ലീഗ് നേതൃത്വം.
ഇന്നലെ നടന്ന ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ.
സലാം, പി.കെ. ബഷീർ, ടി.
സിദ്ദീഖ്, ചന്ദ്രിക കൃഷ്ണൻ, ടി.ജെ. ഐസക്, എൻ.കെ.റഷീദ്, പി.കെ ഫിറോസ്, ജയന്തി രാജൻ, പി.കെ.
അബൂബക്കർ, പി.കെ. ജയലക്ഷ്മി, ടി.
മുഹമ്മദ്, ഉഷ വിജയൻ, അൻവർ നഹ, മലബർ മുഹമ്മദാലി, തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. സോപാന സംഗീതജ്ഞൻ ഞരളത്ത് ഹരിഗോവിന്ദൻ കവിത ആലപിച്ചു.
രമ്യയ്ക്കും കുടുംബത്തിനും സ്വപ്നസാഫല്യം
വെള്ളിത്തോട് ∙ ഒരു കൂട്ടം സ്വപ്നങ്ങളുടെ അവശിഷ്ടങ്ങൾ മാത്രമായിരുന്നു ഇതുവരെ രമ്യയുടെ വീട്.
സമ്പാദ്യങ്ങളെല്ലാം കൂട്ടിച്ചേർത്തു ചൂരൽമല സ്കൂൾ റോഡിലെ പണിത കുഞ്ഞുവീട്ടിൽ കയറിത്താമസം തുടങ്ങാനുള്ള ഒരുക്കത്തിനിടെയാണു ഉരുൾ ഒഴുകിയെത്തിയത്. ഒന്നിരുട്ടി വെളുത്തപ്പോഴേക്കും വീട് നാമാവശേഷമായി.
പക്ഷികൾ കൂടു മെനയുന്നതു പോലെ ഉള്ളതെല്ലാം നുള്ളിപ്പെറുക്കിയാണ് എറാട്ടിൽ ഉണ്ണിയും ഭാര്യ രമ്യയും ചേർന്ന് വീട് പണിതത്. കുറച്ചു പണികൾ കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂ.
ശേഷിക്കുന്ന പണികൾ കൂടി പൂർത്തിയാക്കി ഗൃഹപ്രവേശനത്തിനൊരുങ്ങവേയാണു ആ രാത്രിയിൽ ദുരന്തമുണ്ടായത്.
രമ്യയും കുടുംബവും ചൂരൽമല സ്കൂൾ റോഡിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു. ‘വലിയൊരു ശബ്ദം കേട്ടു, പിന്നാലെ കൂട്ടനിലവിളികളും, ഉടൻ മുറിക്കു പുറത്തിറങ്ങി സമീപത്തെ കുന്നിൻമുകളിലേക്ക് ഓടിക്കയറി’-ദുരന്തം ഒലിച്ചെത്തിയ ആ രാത്രിയെ കുറിച്ച് ഓർക്കുമ്പോൾ ഇപ്പോഴും രമ്യയ്ക്കു നടുക്കം മാറിയിട്ടില്ല.
‘ആ ഓണത്തിനു ഗൃഹപ്രവേശനം നടത്തി കയറിത്താമസം തുടങ്ങാമെന്ന് കരുതിയതാണ്. പക്ഷേ, എല്ലാം ഉരുൾ കൊണ്ടുപോയി’–രമ്യയുടെ കണ്ണുകളിൽ സങ്കടം കിനിഞ്ഞിറങ്ങി.
ദുരന്തത്തിനു ശേഷം ക്യാംപിലും തുടർന്ന് റിപ്പണിലെ വാടക വീട്ടിലേക്കും ജീവിതം പറിച്ചു നടപ്പെട്ടു.
ഇതിനിടയിലാണു മുസ്ലിം ലീഗിന്റെ ഭവനപദ്ധതിയെ കുറിച്ച് അറിയുന്നതും അപേക്ഷിക്കുന്നതും. നിർമാണം പൂർത്തിയാക്കി കഴിഞ്ഞ ഫെബ്രുവരി 28ന് വീട് കൈമാറി കിട്ടിയിരുന്നു.
കുട്ടികളുടെ പരീക്ഷകളും ബന്ധുക്കളുടെ സൗകര്യവുമൊക്കെ കണക്കിലെടുത്ത് കയറിത്താമസം നീട്ടിവയ്ക്കുകയായിരുന്നു. ചൂരൽമലയിലെ പഴയ അയൽവാസികളോടൊപ്പം തന്നെ പുതിയൊരു ജീവിതം തുടങ്ങാനായതിൽ സന്തോഷമുണ്ടെന്ന് രമ്യ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

