കൊച്ചി∙ അനുകമ്പയുടെയും അറിവിന്റെയും പര്യായമായിരുന്ന, അമൃത ഹോസ്പിറ്റൽ മെഡിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. കെ.
പവിത്രൻ (63) അന്തരിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി അമൃത ആശുപത്രിയിലെ സേവനത്തിലൂടെ ആയിരക്കണക്കിന് രോഗികൾക്ക് ശാന്തിയും സാന്ത്വനവും ഏകിയ അദ്ദേഹം, ഭാരതത്തിലെ തന്നെ മികച്ച ഓങ്കോളജിസ്റ്റുകളിൽ ഒരാളായിരുന്നു.
വൈദ്യശാസ്ത്ര രംഗത്തെ അദ്ദേഹത്തിന്റെ അഗാധമായ പാണ്ഡിത്യവും, ഗവേഷണങ്ങളിലെ താൽപ്പര്യവും, വിദ്യാർത്ഥികളോടുള്ള കരുതലും എന്നും മാതൃകാപരമാണ്.
ഒരു ഡോക്ടർ എന്നതിലുപരി, രോഗികൾക്ക് ആത്മവിശ്വാസം നൽകുന്ന ഒരു ഉത്തമ സുഹൃത്തും മാർഗദർശിയുമായിരുന്നു അദ്ദേഹം. 2023-ൽ ഇന്ത്യൻ സൊസൈറ്റി ഓഫ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിയുടെ ‘ലൈഫ് ടൈം അച്ചീവ്മെന്റ്’ അവാർഡ് ഉൾപ്പെടെ നിരവധി ആദരവുകൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഉദര സംബന്ധമായ അസുഖത്തിനായി ചികിത്സയിലിരിക്കെയാണ് മരണം.
ചികിത്സാ വേളയിലും രോഗികളെ കാണുന്നതിനായി അദ്ദേഹം സമയം മാറ്റിവച്ചിരുന്നു. അമൃത ആശുപത്രിയിലെ പാത്തോളജി വിഭാഗം മേധാവി ഡോ.സീതാലക്ഷ്മി ആണ് ഭാര്യ.
ഡോ. ശ്രുതി, സാന്ദ്ര എന്നിവർ മക്കളും. ഡോ.
വിഷ്ണു വാഴൂർ ആണ് മരുമകൻ. സംസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 10 മണിക്ക് ഇടപ്പള്ളി ചങ്ങമ്പുഴ ശ്മശാനത്തിൽ.
കൊച്ചി അമൃത ആശുപത്രിയിൽ നടന്ന പൊതുദർശനത്തിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണ്ണാമൃതാനന്ദപുരി പ്രാർത്ഥന ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അമൃത ഹോസ്പിറ്റൽസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ പുഷ്പചക്രം സമർപ്പിച്ചു.
ഡോ. പവിത്രന്റെ വിയോഗം വൈദ്യശാസ്ത്ര ലോകത്തിന്, പ്രത്യേകിച്ച് അമൃത ആശുപത്രിക്ക് നികത്താനാവാത്ത നഷ്ടമാണ് എന്ന് അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

